സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങള്‍ ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ പരിചരിക്കാന്‍ പ്രത്യേക സംവിധാനം വേണം. കുട്ടികളെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാന്‍ സ്നേഹപൂര്‍ണമായ പരിചരണം ഒരുക്കണം. സ്ത്രീകള്‍ക്കും പ്രത്യേകം പരിചരണമൊരുക്കണം. മതിയായ വിദഗ്ധ പരിശീലനം ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഡിഅഡിക്ഷന്‍ സെന്ററുകളുടെ അവലോകന യോഗത്തിലാണ് മന്ത്രി നര്‍ദേശം നല്‍കിയത്.
എല്ലാ ഡിഅഡിക്ഷന്‍ സെന്ററുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. എല്ലാ കേന്ദ്രങ്ങളിലും അംഗീകൃത യോഗ്യതയുള്ളവരെ മാത്രം ചികിത്സയ്ക്കായി നിയോഗിക്കണം. പരിശീലനം സിദ്ധിച്ചവരാകണം ഡിഅസിക്ഷണ്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കേണ്ടത്. 15 ദിവസത്തിനകം ഒരു കമ്മിറ്റി രൂപീകരിച്ച് റിപ്പോര്‍ട്ട് നല്‍കും. ഈ കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് എസ്.ഒ.പി. പുറത്തിറക്കുന്നതാണ്. ഇത് കൂടാതെ ഓരോ സ്ഥാപനത്തിനും പ്രത്യേക പ്ലാന്‍ ഉണ്ടായിരിക്കണം. പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഡിഅഡിക്ഷന്‍ സെന്ററുകളുടെ ഡയറക്ടറി തയ്യാറാക്കും.
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ബ്ലോക്ക് തലത്തില്‍ 306 മാനസികാരോഗ്യ ക്ലിനിക്കുകളില്‍ ലഹരി വിമോചന ചികിത്സ ലഭ്യമാണ്. ഇതിന് പുറമെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലെ സൈക്യാട്രി യൂണിറ്റുകളുടെ ഭാഗമായി ലഹരി വിമോചന ചികിത്സ ലഭ്യമാണ്. ഇത് കൂടാതെ 15 വിമുക്തി ലഹരി വിമോചന കേന്ദ്രങ്ങളും, പ്രധാന മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഡിഅഡിക്ഷന്‍ സെന്ററുകളുമുണ്ട്. പ്രാഥമികാരോഗ്യ തലത്തിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കാലോചിതമായ ശാസ്ത്രീയ പരിശീലനം നല്‍കും.
താഴെത്തട്ടിലുള്ളവരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ആശാവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി പ്രവര്‍ത്തകര്‍ക്കും സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. ഈ വര്‍ഷം ക്ലിനിക്കല്‍ സൈകോളജിസ്റ്റ് കോഴ്സ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമും ആരംഭിക്കും. ലഹരി വിമോചന ചികിത്സയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്കും ടെലി കൗണ്‍സലിംഗിനും ടെലിമനസ്സ് ടോള്‍ ഫ്രീ നമ്പറായ 14416 ന്റെ സേവനം ലഭ്യമാണ്.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, മെന്റല്‍ ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍, പ്രധാന ആശുപത്രികളിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡിഅഡിക്ഷന്‍ കേന്ദ്രങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha