ലഹരി കേസില്‍ സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍

സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പ്രതികളായ ലഹരി കേസില്‍ സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിന് ഒടുവിലാണ് സമീര്‍ താഹിറിന്റെ അറസ്റ്റ് എക്‌സൈസ് രേഖപ്പെടുത്തിയത്. സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും നേരത്തെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീര്‍ താഹിറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഫ്‌ലാറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്ന് സമീര്‍ താഹിര്‍ എക്‌സൈസിന് മൊഴി നല്‍കിയെന്നാണ് വിവരം. അഭിഭാഷകനൊപ്പമാണ് സംവിധായകന്‍ എക്സൈസ് ഓഫീസിലെത്തിയിരുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയിലാകുന്നത്. ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ കൂടാതെ പിടിയിലായ ഷാലിഫ് മുഹമ്മദ് എന്നയാള്‍ ഇവരുടെ സുഹൃത്താണ്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന.
കഞ്ചാവിന്റ ഉറവിടം സംബന്ധിച്ച അന്വേഷണത്തില്‍ സൈബര്‍ സെല്ലിന്റെ സഹായം തേടനും എക്സൈസ് ആലോചിക്കുന്നുണ്ട്.ഖാലിദ് റഹ്‌മാന്റെയും അഷ്‌റഫ് ഹസയുടെയും സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയില്‍ വരും.ഇരോടൊപ്പം പിടികൂടിയ ഷാലിഹ് മുഹമ്മദിനെതിരെ കൂടുതല്‍ ലഹരി കേസുകള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്.ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായുള്ള ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം, ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തില്‍ ഫ്ലാറ്റ് ഒഴിയണമെന്ന് സമീര്‍ താഹിറിനോട് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് തങ്ങള്‍ക്കെല്ലാം നാണക്കേടുണ്ടാക്കിയെന്നും സംഭവം നടുക്കുന്നതാണെന്നും കാണിച്ചാണ് ഫ്ളാറ്റ് ഉടമയ്ക്ക് അസോസിയേഷന്‍ കത്തുനല്‍കി. തൃശ്ശൂര്‍ സ്വദേശിയാണ് സമീര്‍ താഹിര്‍ താമസിക്കുന്ന ആഡംബര ഫ്ളാറ്റിന്റെ ഉടമ. ഈ ഫ്ളാറ്റ് സമീര്‍ താഹിറിന് വാടകയ്ക്ക് നല്‍കിയിരുന്നതാണ്. ആലപ്പുഴ ജിംഖാന, തല്ലുമാല സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ.
https://www.facebook.com/Malayalivartha