ഉത്സവലഹരിയില്‍ നാട്... പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്... രാവിലെ എട്ടിന് ഘടകക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങളുടെ വരവ്.. വെടിക്കെട്ട് ബുധനാഴ്ച പുലര്‍ച്ചെ...

ആവേശത്തോടെ പൂരപ്രേമികള്‍ കാത്തിരുന്ന നിമിഷം. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. പൊന്‍തിളക്കമാര്‍ന്ന നെറ്റിപ്പട്ടവും കോലവും ആടയാഭരണങ്ങളുമണിഞ്ഞ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊമ്പന്‍ കൊച്ചിന്‍ ദേവസ്വം ശിവകുമാര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ പുഷ്പവൃഷ്ടിയോടെ ജനങ്ങള്‍ ആരവമുയര്‍ത്തിയപ്പോള്‍ ശിവകുമാര്‍ തുമ്പിക്കൈ ഉയര്‍ത്തി. തിങ്കള്‍ പകല്‍ 12.45നായിരുന്നു പൂരവിളംബരം നടന്നത്.
ഇന്നലെ രാവിലെ ഏഴിന് കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍നിന്ന് എഴുന്നള്ളിപ്പ് തുടങ്ങി. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ കടന്ന് തേക്കിന്‍കാട് മൈതാനിയിലൂടെ മണികണ്ഠനാലില്‍ എത്തി. കക്കാട് രാജപ്പന്‍ പ്രമാണിയായി നൂറോളം കലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്തെത്തി കൊട്ടിക്കയറി. തൃപുടയോടെ ക്ഷേത്രം പ്രദക്ഷിണം വച്ചശേഷം അടിയന്തിര മാരാര്‍ മൂന്നുതവണ ശംഖുവിളിച്ചതോടെയാണ് തെക്കേ ഗോപുര വാതില്‍ തുറന്നത്.
ഇന്നാണ് പൂരം. രാവിലെ എട്ടിന് ഘടകക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങളുടെ വരവ്. പകല്‍ 11.30നാണ് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ്. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. പഞ്ചവാദ്യത്തിന് കോങ്ങാട് മധു പ്രമാണിയാവും. നായ്ക്കനാലില്‍ എത്തിയാല്‍ പഞ്ചവാദ്യം പാണ്ടിമേളത്തിന് വഴിമാറുന്നതാണ്. ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ പ്രമാണിയായി ശ്രീമൂലസ്ഥാനത്തെത്തി കൊട്ടിക്കയറ്റം. പകല്‍ പന്ത്രണ്ടോടെ പാറമേക്കാവ് എഴുന്നള്ളിപ്പ് ആരംഭിക്കും. ഗുരുവായൂര്‍ നന്ദന്‍ തിടമ്പേറ്റും. രണ്ടോടെ കിഴക്കൂട്ട് അനിയന്‍മാരാര്‍ പ്രമാണിയായി ഇലഞ്ഞിത്തറ മേളം തുടങ്ങും. വൈകുന്നേരം 5.30ന് തെക്കോട്ടിറക്കവും വര്‍ണക്കുടമാറ്റവും. രാത്രി പാറമേക്കാവ് പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പന്‍മാരാര്‍ പ്രമാണിയാവും. ബുധനാഴ്ച പുലര്‍ച്ചെയാണ് വെടിക്കെട്ട്. രാവിലെ പകല്‍പൂരത്തിനുശേഷം ഉപചാരം ചൊല്ലി പിരിയുന്നതാണ്.
അതേസമയം തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഇന്നും നാളെയുംകെഎസ്ആര്‍ടിസിയുടെ 65 ബസുകള്‍ അധിക സര്‍വീസ് നടത്തും. 51 ദീര്‍ഘദൂര ബസുകളും 14 ഓര്‍ഡിനറി ബസുകളുമാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്. ഫാസ്റ്റിന് മുകളിലുള്ള സര്‍വീസുകള്‍ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചും ഓര്‍ഡിനറി സര്‍വീസുകള്‍ ശക്തന്‍ സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുമാണ് സര്‍വീസ് നടത്തുക. ഗതാഗത സൗകര്യം ഉള്‍പ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.
പൂര ദിവസങ്ങളില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും പ്രത്യേക സര്‍വീസ് നടത്തും ഗതാഗത നിയന്ത്രണത്തിന് അധികമായി പൊലീസിനെയും വിന്യസിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha