ഇന്ത്യയുടെ ഇരട്ട പ്രഹരം... ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്, വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം, ഇന്ത്യക്കൊപ്പം പുടിന്‍, ഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണവും സ്വീകരിച്ചു

ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ സ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനും സംസ്ഥാനങ്ങളില്‍ മോക് ട്രില്ലുകള്‍ നടത്താനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേയ് ഏഴാം തീയ്യതി വിവിധ സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനാണ് നിര്‍ദേശം.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥാപിക്കാനാണ് പ്രധാന നിര്‍ദ്ദേശം. ആക്രമണമുണ്ടാകുന്ന പക്ഷം സ്വയരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവര്‍ക്ക് പരിശീലനം നല്‍കണം. എന്തെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പരിശീലനം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളും തയ്യാറാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന തലത്തില്‍ നവീകരിക്കുകയും അതിന്മേല്‍ പൊതുജനങ്ങള്‍ക്ക് പ്രായോഗിക പരിശീലനം ഉള്‍പ്പെടെ നല്‍കാനും നിര്‍ദേശത്തില്‍ പറയുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ സംസാരിച്ചു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ നിര്‍ണായക പിന്തുണ പ്രഖ്യാപിച്ച പുടിന്‍, മോദിയുമായി ഫോണില്‍ വിശദമായി സംസാരിച്ചു. വിഷയത്തില്‍ ഇന്ത്യക്ക് എല്ലാ പിന്തുണയും പുടിന്‍ വാഗ്ദാനം ചെയ്തു. ഹീനമായ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ഇതിനെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പുടിന്‍ ആവശ്യപ്പെട്ടു. പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്ത്യ സന്ദര്‍ശിക്കാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണവും വ്‌ളാദിമിര്‍ പുടിന്‍ സ്വീകരിച്ചു. വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലേക്കാണ് മോദി പുടിനെ ക്ഷണിച്ചത്. എന്നാകും പുടിന്റെ ഇന്ത്യ സന്ദര്‍ശനമെന്ന കാര്യത്തില്‍ പിന്നീടാകും തീരുമാനം.
ഇന്ത്യ - റഷ്യ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ഇന്നത്തെ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിക്കെതിരായ വിജയത്തിന്റെ 80 -ാം വാര്‍ഷികാഘോഷത്തില്‍ പ്രസിഡന്റ് പുടിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. നേരത്തെ രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 9 ന് നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള റഷ്യന്‍ യാത്ര റദ്ദാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ റഷ്യ തോല്‍പിച്ചതിന്റെ എണ്‍പതാം വാര്‍ഷികാഘോഷത്തില്‍ നരേന്ദ്രമോദി മുഖ്യാതിഥിയായിരുന്നു. അത്രയും പ്രധാനപ്പെട്ട പരിപാടി റദ്ദാക്കിയത് അടിയന്തര സാഹചര്യമായതിനാലാണെന്ന വിലയിരുത്തലാണ് ഉയരുന്നത്. മോദിക്ക് പകരം പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് മെയ് 9 ന് നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കും.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെയുള്ള നടപടികള്‍ കടുപ്പിച്ച് ഇന്ത്യ. ചിനാബ് നദിയിലെ സലാല്‍ ഡാമില്‍ നിന്നുള്ള ജലമൊഴുക്കും ഇന്ത്യ നിയന്ത്രിച്ചിരിക്കുകയാണ്. ബഗ്‌ളിഹാര്‍ ഡാമില്‍ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു.
അതേ സമയം, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കാന്‍ തുടര്‍നടപടികള്‍ ഇന്ത്യ സ്വീകരിക്കുന്നതിനിടെ യുഎന്‍ രക്ഷാ സമിതിയുടെ അടിയന്തര യോഗം ഇന്ന്. സംഘര്‍ഷം ഒഴിവാക്കണമെന്ന പ്രസ്താവന യോഗം ഇറക്കിയേക്കും. കൂടുതല്‍ ഡാമുകളില്‍ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാന്‍ അന്‍പതിലധികം വിദഗ്ധരെ ഇന്ത്യ നിയോഗിച്ചു. ഇവരെ ഇന്ത്യ കശ്മീരിലേക്കയച്ചു.
ജലം തടഞ്ഞാല്‍ യുദ്ധം എന്ന് നേരത്തെ പറഞ്ഞ പാകിസ്ഥാന്‍ ഇപ്പോള്‍ സഹായത്തിനായി യുഎന്‍ രക്ഷാ സമിതിയേയും റഷ്യയേയും സമീപിക്കുകയാണ്. യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരം അല്ലാത്ത പത്ത് അംഗരാജ്യങ്ങളില്‍ നിലവില്‍ പാകിസ്ഥാനുമുണ്ട്. ഈ സാഹചര്യത്തിലാണ് രഹസ്യയോഗം വിളിക്കണം എന്ന പാകിസ്ഥാന്റെ ആവശ്യം അംഗീകരിച്ചത്. നേരത്തെ പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് രക്ഷാ സമിതി പ്രമേയം പാസ്സാക്കിയിരുന്നു.
ഇതില്‍ ഇന്ത്യയുമായി പാകിസ്ഥാന്‍ സഹകരിക്കണം എന്ന ഭാഗം ഒഴിവാക്കാന്‍ ചൈന ഇടപെട്ടിരുന്നു. ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് അടക്കം വിഷയങ്ങള്‍ ഇന്നത്തെ പ്രമേയത്തില്‍ കൊണ്ടു വരാനാണ് പാകിസ്ഥാന്‍ നീക്കം. ചിനാബ് നദിയിലെ ബഗ്ലിഹാര്‍ ഡാമില്‍ നിന്നുള്ള ജലമൊഴുക്ക് ഇന്നലെ ഇന്ത്യ കുറച്ചിരുന്നു. ഡാമില്‍ നിന്നുള്ള ഒഴുക്ക് കുറച്ചു ദിവസത്തേക്ക് നിറുത്തി വയ്ക്കാനാണ് ആലോചന. കശ്മീരിലെ വുളര്‍ തടാകത്തിനടുത്ത് തടയണ നിര്‍മ്മിക്കാനുള്ള നീക്കവും ഇന്ത്യ സജീവമാക്കും.
കിഷന്‍ഗംഗ, രത്‌ലെ ഡാമുകളിലെ തര്‍ക്കത്തില്‍ ലോകബാങ്ക് നേരത്തെ ഇടപെട്ടിരുന്നു. ഇനി മധ്യസ്ഥത വേണ്ട എന്ന് ഇന്ത്യ ലോകബാങ്കിനെ അറിയിച്ചു. ആഗസ്റ്റില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും ഇന്ത്യ തീരുമാനിച്ചു. ആറ് ജലവൈദ്യുത പദ്ധതികളും തടയണകളും നിര്‍മ്മിക്കുന്നത് ആലോചിക്കാന്‍ 50 എഞ്ചിനീയര്‍മാരെ ഇന്ത്യ കശ്മീരിലേക്കയച്ചു. ഇതിനിടെ തിരിച്ചടിക്കുള്ള തയ്യാറെടുപ്പ് കേന്ദ്രം തുടരുകയാണ്. സേന മേധാവികള്‍ക്കു പിന്നാലെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗും ഇന്ന് പ്രധാനമന്ത്രിയെ കണ്ടു.
പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ. സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇന്ത്യ - പാക് ബന്ധം ഏറ്റവും വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാക്കുന്നു. പ്രശ്‌നപരിഹാരത്തിന് സൈനിക നടപടികള്‍ അല്ല മാര്‍ഗമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ഗുട്ടറസ് പ്രതികരിച്ചു.
യുഎന്‍ രക്ഷാസമിതി യോഗം ഇന്ത്യ - പാക് വിഷയം ചര്‍ച്ച ചെയ്യാനിരിക്കൊണ് ഗുട്ടറസിന്റെ പ്രതികരണം. പഹല്‍ഗാം ഭീകരാക്രണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ മേഖലയില്‍ സമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നുവെന്ന് പാകിസ്ഥാന്‍ രക്ഷാസമിതിയോട് പരാതിപ്പെട്ടു.
ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷ സാധ്യതയില്‍ യുഎന്‍ നേരത്തെ ആശങ്കയറിയിച്ചിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തിയത്.നേരത്തെ തന്നെ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു.
ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യുഎന്‍ ഒരുക്കമാണെന്നും സെക്രട്ടറി ജനറല്‍ അറിയിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ഇന്ത്യ-പാക് അതിര്‍ത്തികളില്‍ വര്‍ധിച്ചുവരുന്ന ആശങ്ക അവസാനിപ്പിക്കണമെന്നുമാണ് യുഎന്‍ ആവശ്യപ്പെട്ടത്. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കാന്‍ തുടര്‍നടപടികള്‍ ഇന്ത്യ സ്വീകരിക്കുന്നതിനിടെയാണ് യുഎന്‍ രക്ഷാ സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരുന്നത്. കൂടുതല്‍ ഡാമുകളില്‍ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാന്‍ അന്‍പതിലധികം വിദഗ്ധരെ ഇന്ത്യ നിയോഗിച്ചു. ഇവരെ ഇന്ത്യ കശ്മീരിലേക്കയച്ചു.
പഹല്‍ഗം ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ച് ജമ്മു കശ്മീര്‍ പൊലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തെന്ന് കശ്മീര്‍ ഐജി വികെ ബിര്‍ദി അറിയിച്ചു. 90 പേര്‍ക്കെതിരെ പി എസ് എ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി തെരച്ചില്‍ നടപടികള്‍ തുടരുകയാണെന്നും ഐജി അറിയിച്ചു. സെന്‍സിറ്റീവ് മേഖലകളില്‍ സുരക്ഷാ വിന്യാസം ശക്തമാക്കി. ജനങ്ങളുമായി പരമാവധി സഹകരിച്ചാണ് നടപടികളെന്നും ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കശ്മീരില്‍ ഭീകരര്‍ക്കായി 14-ാം ദിവസവും തെരച്ചില്‍ തുടരുകയാണ്. അനന്ത്‌നാഗ് മേഖലയിലാണ് തെരച്ചില്‍. അതിര്‍ത്തിയില്‍ ശക്തമായ സുരക്ഷാ വിന്യാസവും തുടരുന്നു. പാകിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ നിയന്ത്രണ രേഖയിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ട്. ഇതിനിടെ ഇന്ത്യന്‍ കരസേന, അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ നടത്തി. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ എല്ലാം അണച്ച് കരസേന ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തിയത്. അതേസമയം നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം ചേരണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാക് ദര്‍ വ്യക്തമാക്കി.
പാകിസ്ഥാന് ചുട്ട മറുപടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് രാജ്യം ആഗ്രഹിക്കുന്ന തിരിച്ചടി ഉണ്ടാകുമെന്നും അതിര്‍ത്തി കാക്കുന്ന സൈനികള്‍ക്ക് പൂര്‍ണ പിന്തുണയെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാതയിലേക്ക് അനുമതി നിഷേധിച്ച തീരുമാനം പാകിസ്ഥാന് തന്നെ തിരിച്ചടിയായി. ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്ന വിദേശ വിമാന സര്‍വ്വീസുകളും പാകിസ്ഥാന്‍ വ്യോമപാത ഒഴിവാക്കാന്‍ തുടങ്ങിയതോടെയാണ് സ്വന്തം തീരുമാനം തങ്ങള്‍ക്ക് തന്നെ പാരയായെന്ന് പാകിസ്ഥാന്‍ തിരിച്ചറിഞ്ഞത്. എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ എന്നീ വിമാനങ്ങളാണ് പാക് വ്യോമപാത ഒഴിവാക്കിയത്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഇന്ത്യന്‍ വിമാനക്കമ്പനികളെ വിലക്കിയപ്പോള്‍ ഇവര്‍ മാത്രമാകും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാതിരിക്കുക എന്ന് പ്രതീക്ഷിച്ച പാകിസ്ഥാന് മറ്റ് വിമാനക്കമ്പനികളുടെ തീരുമാനം തിരിച്ചടിയായത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് ചൂണ്ടിക്കാട്ടി ഇന്ത്യ രംഗത്ത് വന്നതിന് പിന്നാലെയാണ് ആക്രമണം ഭയന്ന് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചത്. ഇന്ത്യക്ക് ഇത് ചെറിയ തിരിച്ചടിയായിരുന്നു. വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ആഴ്ചയില്‍ 77 കോടി രൂപയുടെ അധിക ചെലവ് വേണ്ടി വരുമെന്ന് വിലയിരുത്തുന്നു.
അതേസമയം പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തതും, പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതും പാകിസ്ഥാനില്‍ ഉടമകളുള്ളതും പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ ലീസിനെടുത്തതുമായ വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കും പ്രവേശനം വിലക്കിയിട്ടുണ്ട്. പാക് സൈനിക വിമാനങ്ങള്‍ക്കും നിരോധനമുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല.
https://www.facebook.com/Malayalivartha