സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍....വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കാനാണ് ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കു മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. നയതന്ത്ര തലത്തില്‍ ഇന്ത്യ നടപടികള്‍ കടുപ്പിക്കുന്നതിനിടെയാണ് മുന്നറിയിപ്പ്. 1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്തും സമാനമായ മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിട്ടുണ്ടായിരുന്നു.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കാനാണ് ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം. ആക്രമണം നേരിടാനായി പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി റിഹേഴ്‌സലും നടത്തണം. മെയ് ഏഴ് ബുധനാഴ്ച മോക്ക് ഡ്രില്ലുകള്‍ നടത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അതിനിടെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു. തുടര്‍ച്ചയായ 11-ാം ദിവസമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. കഴിഞ്ഞ രാത്രിയും പാക് സൈന്യം ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുണ്ടായി.
കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ മേഖലകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. തുടര്‍ന്ന് ഇന്ത്യയും തിരിച്ചടിച്ചു. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
https://www.facebook.com/Malayalivartha