ബലിതര്‍പ്പണത്തിന് ഒരുങ്ങി പിതൃഘട്ടങ്ങള്‍

സംസ്ഥാനത്ത് കര്‍ക്കടകവാവിന് ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അമാവാസി ദിനത്തില്‍ എല്ലാ മാസവും ബലിതര്‍പ്പണം നടത്താമെങ്കിലും രാമായണ മാസം കൂടിയായ കര്‍ക്കടകത്തിലെ വാവുബലിക്ക് പ്രത്യേക പ്രാധാന്യമാണുള്ളത്. നദിക്കരകളിലോ ക്ഷേത്രങ്ങളിലോ പ്രത്യേകമായി തയ്യാറാക്കിയ ബലിത്തറകളിലോ ആണ് തര്‍പ്പണം നടത്താറുള്ളത്. സ്വന്തം വീട്ടുമുറ്റത്ത് ബലിയിടുന്നവരുമുണ്ട്. ബലിതര്‍പ്പണത്തിന് എള്ള്, ഉണക്കലരി, പൂക്കള്‍, ജലം, ദര്‍ഭപ്പുല്ല് എന്നിവയാണ് പ്രധാന പൂജാദ്രവ്യങ്ങള്‍. ദോഷങ്ങളില്‍ വലുതെന്നു കണക്കാക്കുന്ന പിതൃദോഷം അകറ്റാനും പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കാനുമാണ് ബലിയര്‍പ്പിക്കുന്നതെന്നാണ് വിശ്വാസം.
തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമുല്ലവാരം, കാസര്‍കോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം എന്നിവയാണ് കേരളത്തില്‍ ബലിതര്‍പ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങള്‍. ഇവിടെയെല്ലാം ബലിതര്‍പ്പണത്തിന് ഒരുക്കങ്ങളായിട്ടുണ്ട്.
കോഴിക്കോട് വരയ്ക്കല്‍ തീരത്ത് കര്‍ക്കടക വാവുബലിതര്‍പ്പണം തുടങ്ങി. ബുധനാഴ്ച വൈകിട്ട് നാലു മുതല്‍ വ്യാഴാഴ്ച രാവിലെ 10 വരെയാണ് ഇവിടെ ബലിതര്‍പ്പണം. തിരക്കൊഴിവാക്കാന്‍ പ്രത്യേക വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ബുക്കു ചെയ്യുന്നവര്‍ക്ക് നിശ്ചിതസമയത്തെത്തി ബലിതര്‍പ്പണം നടത്താനുള്ള സംവിധാനം വരയ്ക്കല്‍ ബലിതര്‍പ്പണ സമിതി നേരത്തേ ഏര്‍പ്പാടുചെയ്തിരുന്നു. ഒരു മണിക്കൂര്‍ വീതമുള്ള സ്ലോട്ടുകളായാണ് സമയം തിരിച്ചിട്ടുളളത്. മൊത്തം ബുക്കിങ്ങിന്റെ പകുതിവരെ ഓണ്‍ലൈനായി അനുവദിച്ചുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ തിരക്കൊഴിവാക്കി ബലിതര്‍പ്പണം നടത്താന്‍ ആകുന്നതായി സമിതി പ്രസിഡന്റ് എം.ചന്ദ്രശേഖരന്‍ നായര്‍ അറിയിച്ചു. ബലിപ്പുരയില്‍ തന്നെ തിലഹോമത്തിനുള്ള സൗകര്യവും ഒരുക്കി.
വയനാട്ടില്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് പ്രസിദ്ധമായ, തെക്കന്‍ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ബലിതര്‍പ്പണത്തിനു സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ.വി.നാരായണന്‍ നമ്പൂതിരി അറിയിച്ചു. തിരുനെല്ലിയില്‍ ബലിതര്‍പ്പണത്തിനായി വാഹനത്തില്‍ എത്തുന്നവര്‍ ക്ഷേത്രപരിസരത്ത് ഇറങ്ങിയ ശേഷം വാഹനം െ്രെഡവര്‍മാര്‍ നെട്ടറയില്‍ ഒരുക്കിയ പാര്‍ക്കിങ് സ്ഥലത്തേക്ക് കൊണ്ടുപോകണം. ബലിയര്‍പ്പിച്ച ശേഷം ക്ഷേത്രത്തില്‍ മടങ്ങിയെത്തുന്നവരെ പാര്‍ക്കിങ് സ്ഥലത്തെത്തിക്കുന്നതിനായി പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തി. തിരുനെല്ലിയില്‍ ബലിതര്‍പ്പണം നടത്തുന്നവര്‍ക്കായി സൗജന്യ ലഘുഭക്ഷണ സൗകര്യവും വൈദ്യസഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മലപ്പുറത്ത് ത്രിമൂര്‍ത്തി സംഗമ സ്ഥാനമായി കരുതുന്ന തിരുനാവായയിലും ബലിതര്‍പ്പണത്തിനു വിപുലമായ സൗകര്യം എര്‍പ്പെടുത്തി. നവാമുകുന്ദ സന്നിധിയില്‍ ഭാരതപ്പുഴയിലാണ് ബലിതറകള്‍ കര്‍മങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
എറണാകുളം ജില്ലയിലെ പ്രധാന ബലിതര്‍പ്പണകേന്ദ്രങ്ങളായ ആലുവാ മണപ്പുറത്തും പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീകൃഷ്ണക്ഷേത്രത്തിലും നാളെ പുലര്‍ച്ചെ ബലിതര്‍പ്പണം ആരംഭിക്കും. കാലടി പെരിയാറിന്റെ തീരത്തും ആലുവ അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണമുണ്ടാകും. എറണാകുളം ശിവക്ഷേത്രമടക്കം ജില്ലയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിനും പിതൃപൂജകള്‍ക്കും സായുജ്യപൂജകള്‍ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. ബലിതര്‍പ്പണം നടക്കാത്ത പല ക്ഷേത്രങ്ങളിലും പിതൃനമസ്‌കാരത്തിനും തിലഹോമംപോലുള്ള വിശേഷാല്‍പൂജകള്‍ക്കും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
പുലര്‍ച്ചെ 2.30നാണ് ആലുവാ മണപ്പുറത്തെ പിതൃകര്‍മങ്ങള്‍ തുടങ്ങുക. മേല്‍ശാന്തി മുല്ലപ്പള്ളി ശങ്കരന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും. ക്ഷേത്ര ദര്‍ശനത്തിന് വരി നില്‍ക്കാനുള്ള നടപ്പന്തല്‍, ബാരിക്കേഡുകള്‍, താല്‍ക്കാലിക കൗണ്ടറുകള്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. നടപ്പന്തലില്‍ ഒരേ സമയം 500 പേര്‍ക്ക് നിന്നു തൊഴാന്‍ കഴിയും. നടപ്പാലം വഴിയും ആല്‍ത്തറ റോഡ് വഴിയും മഹാദേവ ക്ഷേത്രത്തിലേക്ക് വരുന്നവര്‍ക്ക് ബാരിക്കേഡുകള്‍ കെട്ടി പ്രത്യേക വഴിയും തയാറാക്കിയിട്ടുണ്ട്. അതേ സമയം, കനത്ത മഴയുള്ളതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മണപ്പുറം കാടും പുല്ലും വെട്ടിത്തെളിച്ച് വൃത്തിയാക്കിയിട്ടുണ്ട്. മണപ്പുറത്ത് ആവശ്യമായ വെളിച്ചത്തിനുള്ള സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞു. 20 സിസി ടിവി ക്യാമറകളും സ്ഥാപിച്ചു. രാവിലെ ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡ് അന്നദാനം നടത്തും.
ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവാ അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെളുപ്പിനെ 4 മണി മുതലാണ് ഇവിടെ പിതൃകര്‍മങ്ങള്‍ തുടങ്ങുന്നത്. പെരുമ്പാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുലര്‍ച്ചെ തുടങ്ങുന്ന വാവു ബലി തര്‍പ്പണം ഉച്ചയ്ക്ക് ഒന്നു വരെ നടക്കും. ഇവിടെ ഒരേ സമയം 1000 പേര്‍ക്ക് ബലിയിടാവുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഭക്തര്‍ക്ക് ക്ഷേത്രം ട്രസ്റ്റ് പ്രഭാത ഭക്ഷണവും ഉച്ചയൂണും തയാറാക്കുന്നുണ്ട്. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിക്കും. കാലടി പെരിയാറിന്റെ തീരത്താണ് പിതൃകര്‍!മങ്ങള്‍ നടക്കുന്ന മറ്റൊരു സ്ഥലം. ഇവിടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, വെയിലൂര്‍ക്കോണം മഹാദേവര്‍ ചാമുണ്ഡേശ്വരി ക്ഷേത്രം, പെരിങ്ങമ്മല വിഷ്ണു ക്ഷേത്രം, കോലത്തുകര ക്ഷേത്രം,, മേനംകുളം അര്‍ധനാരീശ്വര സമാധി ക്ഷേത്രം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല, തേരുവിള ഭദ്രകാളി ദേവീക്ഷേത്രം, കല്ലുപറമ്പ് അര്‍ധനാരീശ്വര ക്ഷേത്രം, വെണ്‍പാലവട്ടം ഭഗവതി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലെല്ലാം ബലിതര്‍പ്പണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവല്ലത്തും വര്‍ക്കലയിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha