Widgets Magazine
26
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ഗോവിന്ദച്ചാമി; ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തു: ശരീരഭാരം കുറച്ചതും, മതിൽ ചാടാൻ തുണികൾ ശേഖരിച്ചതും, കമ്പികൾ ദ്രവിപ്പിച്ച ശേഷം മുറിച്ചുമാറ്റിയതും ജയിൽ ഉദ്യോഗസ്ഥർ അറിഞ്ഞില്ല...


വയനാട് കരിങ്കണ്ണിക്കുന്നില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം


മറ്റൊരു വിജയകരമായ തെരച്ചിൽ; ഗോവിന്ദച്ചാമിയെ പിടിച്ച പൊലീസ് ടീമിന് പ്രശംസ: തളാപ്പിൽ കിണറ്റിൽ ഒളിച്ച പ്രതിയെ പിടികൂടിയത് സാഹസികമായി... രൂപമാറ്റത്തിൽ ഞെട്ടി


കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന മൊഴി നിർണായകമായി; ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ...


കാറ്റിനും സാധ്യത... മഴ തീര്‍ന്നെന്ന് കരുതുമ്പോള്‍ വീണ്ടും; മധ്യ, തെക്കന്‍ കേരളത്തില്‍ അതിശക്ത മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും അവധി

മന്ത്രി കെ . ബി. ഗണേഷ് കുമാർ തിരികെ തലസ്ഥാനത്തെത്തുമ്പോൾ.. സെക്രട്ടറിയറ്റ് നോർത്ത് ബ്ലോക്കിൽ കതിനാവെടികൾ മുഴങ്ങുമെന്ന് ഉറപ്പായി... എ.ഡി.ജി.പി മനോജ് എബ്രഹാം നടത്തിയ കുതിരകയറലാണ് പ്രകോപിപ്പിച്ചത്..

24 JULY 2025 01:23 PM IST
മലയാളി വാര്‍ത്ത
വി എസിന് അകമ്പടി പോയ മന്ത്രി കെ . ബി. ഗണേഷ് കുമാർ തിരികെ  തലസ്ഥാനത്തെത്തുമ്പോൾ സെക്രട്ടറിയറ്റ് നോർത്ത് ബ്ലോക്കിൽ കതിനാവെടികൾ മുഴങ്ങുമെന്ന് ഉറപ്പായി. മോട്ടോർ വാഹന വകുപ്പിൽ എ.ഡി.ജി.പി മനോജ് എബ്രഹാം നടത്തിയ കുതിരകയറലാണ് ഗണേശനെ പ്രകോപിപ്പിച്ചത്. മോട്ടോർ വാഹന വകുപ്പിലെ അഴിമതി  വകുപ്പ് നിലവിൽവന്ന കാലം മുതൽ തുടങ്ങിയതാണ്. ഏജന്റുമാരാണ് ദീർഘകാലം വാഹന ഉടമകൾക്കു വേണ്ടി വകുപ്പുമായി ബന്ധപ്പെട്ടിരുന്നത്. ആധുനിക കാലത്ത് എല്ലാം ഓൺലൈനാക്കുന്നതിലൂടെ ഏജന്റുമാരും അഴിമതിയും ഇല്ലാതാകുമെന്നാണ് കരുതിയിരുന്നതെങ്കിലും സംഭവിച്ചത് മറിച്ചാണ്. വാഹനങ്ങളുടെ എണ്ണം കൂടിവരുന്നത് അനുസരിച്ച് അഴിമതിയും കൈക്കൂലി തുകയും കൂടിവരികയാണെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 14 ജില്ലകളിലെയും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ തെളിഞ്ഞിരിക്കുന്നത്.     'ഓപ്പറേഷൻ വീൽസ്" എന്നു പേരിട്ട് നടത്തിയ പരിശോധനയിൽ വ്യാപകമായ പണപ്പിരിവും ക്രമക്കേടുകളുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് തന്റെ വകുപ്പിനെ മനപൂർവം തേജോവധം ചെയ്യാനുള്ള ആഭ്യന്തര വകുപ്പിന്റെ നടപടിയായാണ് ഗണേശൻ ഇതിനെ കാണുന്നത്. പിണറായി വിജയന്റെ അറിവില്ലാതെ മനോജ് ഏബ്രഹാം ഇത്തരം ഒരു റെയ്ഡിന് തയ്യാറാവില്ല. സംസ്ഥാനത്തെ 17 റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും 64 സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വിവിധ ഏജന്റുമാരിൽ നിന്ന് എട്ടുലക്ഷത്തോളം രൂപ 21 ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി കൈപ്പറ്റിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി വിവിധ ഏജന്റുമാർ കൊണ്ടുവന്ന 1,40,760 രൂപയും വിജിലൻസ് പിടിച്ചെടുത്തു. നിലമ്പൂർ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പരിസരത്തുനിന്ന് വലിച്ചെറിഞ്ഞ നിലയിൽ 49,300 രൂപയും വൈക്കം സബ് ആർ.ടി.ഒയിലെ ജനലിൽ ഒളിപ്പിച്ച നിലയിലും പണം കണ്ടെത്തി.   വിവിധ സേവനങ്ങൾക്കുള്ള കൈക്കൂലിക്കു പുറമെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ അപേക്ഷകരിൽ നിന്ന് പണപ്പിരിവ് നടത്തി ഉദ്യോഗസ്ഥർക്കു നൽകുന്നതായും ബോദ്ധ്യമായിട്ടുണ്ട്.നിയമപരമായി ഒരു പിഴവുമില്ലാത്ത എല്ലാ പുതിയ വാഹനങ്ങളുടെയും രജിസ്ട്രേഷനുപോലും ഉദ്യോഗസ്ഥർ ഏജന്റുമാരിൽ നിന്ന് പടി വാങ്ങുന്നു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൂടിയ തുകയാണ് കൈക്കൂലിയായി നൽകേണ്ടത്. വാഹന ഉടമ നേരിട്ടു ചെന്നാൽ എന്തെങ്കിലും പോരായ്മകൾ ചൂണ്ടിക്കാട്ടി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിഷേധിക്കുമെന്നത് ഉറപ്പായതിനാൽ ഭൂരിപക്ഷം പേരും ഏജന്റുമാർ മുഖേനയാണ് വകുപ്പിനെ സമീപിക്കുന്നത്. കൈക്കൂലി ലഭിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ ഓൺലൈൻ അപേക്ഷകൾ ചെറിയ അപാകതകൾ കണ്ടെത്തി നിഷേധിക്കുന്നതും പതിവാണ്. പിന്നീട് ഇവർ ഏജന്റുമാർ മുഖേന അപേക്ഷിക്കുമ്പോൾ സീനിയോറിറ്റി പോലും മറികടന്ന് തീരുമാനമെടുക്കുന്നുണ്ടെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.     തിരുവനന്തപുരം, വർക്കല, എറണാകുളം, ഗുരുവായൂർ തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ ആർ.ടി.ഒ ഉദ്യോഗസ്ഥർ ഏജന്റുമാരിൽ നിന്നും ഡ്രൈവിംഗ് സ്കൂൾ ഉടമകളിൽ നിന്നും ഗൂഗിൾ പേയിലൂടെ നേരിട്ട് പണം വാങ്ങിയിട്ടുണ്ട്.റോഡിൽ വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾക്കും ഇങ്ങനെ കൈക്കൂലി വാങ്ങി തന്നിഷ്ടം പോലെ അനുമതികൾ നൽകുന്ന ഉദ്യോഗസ്ഥർക്കും പരോക്ഷമായി പങ്കുണ്ടെന്ന് പറയേണ്ടിവരും. കൈക്കൂലിയുടെ പങ്ക് ഉദ്യോഗസ്ഥരിൽ നിന്ന് മുകളിലേക്കും പോകുമെന്നിരിക്കെ ഇതിന് ആര് തയ്യാറാകും എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് കീഴിലെ ആർ.ടി./എസ്.ആർ.ടി ഓഫീസുകളിൽ വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും ഏജന്റുമാർ മുഖേന ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പിന്  കീഴിലെ 17 റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ്  റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും ഉൾപ്പെടെ ആകെ 81 ഓഫീസുകളിൽ വിജിലൻസ് ഇന്നലെ  ഇക്കഴിഞ്ഞ 19 ന് വൈകിട്ട്  നാലര  മുതൽ സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തി.     ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാക്കുന്നതിന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ അപേക്ഷകരിൽ നിന്നും പണപ്പിരിവ് നടത്തി ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നതായും, കൂടാതെ പുതിയ  വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കുന്നതിന് വാഹനങ്ങളുടെ ഷോറൂമുകളിലെ ഏജന്റുമാർ മുഖേന ആർ.ടി/എസ്.ആർ.ടി ഓഫീസുകളിലെ ക്ലറിക്കൽ ഉദ്യോഗസ്ഥരും, മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതായും വിവരം ലഭിച്ചിരുന്നു. ഇത് കൂടാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി ഏജന്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ, ഉദ്യോഗസ്ഥർ വേണ്ട വിധത്തിലുള്ള പരിശോധനകൾ നടത്താതെയും, ചട്ടപ്രകാരം വാഹനങ്ങൾക്ക്  ഉണ്ടായിരിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്താതെയും ഏജന്റുമാർ മുഖേനെ കൈക്കൂലി വാങ്ങി ഫിറ്റ്നസ്  സർട്ടിഫിക്കേറ്റ് അനുവദിക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.     വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ, തിരുവനന്തപുരം ആർ.ടി.ഒ യിലെ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ മുഖാന്തിരം 16,400/- രൂപ ഏജന്റുമാരിൽ നിന്നും കൈപ്പറ്റിയതായും, വർക്കല സബ് ആർ.ടി.ഒ യിലെ രണ്ട് ഉദ്യോഗസ്ഥർ  ഗൂഗിൾ പേ മുഖാന്തിരം 82,203 രൂപ ഏജന്റുമാരിൽ നിന്നു കൈപ്പറ്റിയതായും കണ്ടെത്തി.തിരുവല്ല എസ്.ആർ.ടി.ഒ യിലെ പരിശോധനയിൽ ഒരു ഏജന്റ്, ഉദ്യോഗസ്ഥർക്ക് നൽകാൻ കൊണ്ടു വന്ന 4000/- രൂപയുമായി പിടിക്കപ്പെടുകയും, ഇതേ ഏജന്റ് ഒരു ഉദ്യോഗസ്ഥക്ക് 2500/- രൂപ ഗൂഗിൾ പേ മുഖാന്തിരം അയച്ച് നൽകിയതായും കാണപ്പെട്ടു. ചേർത്തല എസ്.ആർ.ടി.ഒ യിലെ പരിശോധനയിൽ ഒരു ഏജന്റ്, ഉദ്യോഗസ്ഥർക്ക് നൽകാൻ കൊണ്ടു വന്ന 10000/- രൂപയുമായി പിടിക്കപ്പെടുകയും, ഒരു ഉദ്യോഗസ്ഥന് ഇതേ ഏജന്റ് 1500/- രൂപ ഗൂഗിൾ പേ മുഖാന്തിരം അയച്ച് നൽകിയതായും കാണപ്പെട്ടു. പാല സബ്. ആർ.ടി.ഒ യിലെ പരിശോധനയിൽ, ഏജന്റുമാർ ഓഫീസിനുള്ളിൽ പ്രവേശിക്കാൻ പാടില്ലായെന്നുള്ള വിലക്ക് ലംഘിച്ച് ഓഫീസിനുള്ളിൽ ഉദ്യോഗസ്ഥരോടൊപ്പം കാണപ്പെട്ട 2 ഏജന്റുമാരെ വിജിലൻസ് പിടികൂടി. ഇടുക്കി ജില്ലയിലെ വണ്ടിപെരിയാർ  എസ്.ആർ.ടി.ഒ യിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി എത്തിച്ച 16,000/- രൂപയുമായി     ഒരു ഏജന്റിനെയും ഉടുമ്പൻചോല എസ്.ആർ.ടി.ഒ യിൽ നിന്നും 66,630/- രൂപയുമായി മറ്റൊരും ഏജന്റിനെയും വിജിലൻസ് പിടികൂടി. എറണാകുളം ആർ.ടി.ഒ യിലെ ഒരു ഉദ്യോഗസ്ഥൻ ഏജന്റുമായി 71,500/- രുപയുടെ പണമിടപാട് നടത്തിയതായും, ഗുരുവായൂർ എസ്.ആർ.ടി.ഒ യിൽ ഒരു ഏജന്റിനെ 2240/- രൂപയുമായും മിന്നൽ പരിശോധനയിൽ കണ്ടെത്തി. മലപ്പുറം ആർ.ടി.ഒ യിലെ പരിശോധനയിൽ 2 ഏജന്റുമാരെ 7120/- രൂപയുമായി വിജിലൻസ് പിടികൂടി. നിലമ്പൂർ  എസ്.ആർ.ടി.ഒ യിലെ മിന്നൽ പരിശോധനയിൽ ഒരു ഏജന്റിനെ 4500/- രൂപയുമായും, രണ്ട് ഉദ്യോഗസ്ഥർ, ഏജന്റുമാരിൽ നിന്നായി 42,743/- രൂപ കൈപ്പറ്റിയതായും, 49300 രൂപ  ഓഫീസിന് പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തി. തിരൂരങ്ങാടി എസ്.ആർ.ടി.ഒ യിൽ നടത്തിയ പരിശോധനയിൽ ഒരു ഉദ്യോഗസ്ഥൻ ഏജന്റിന്റെ പക്കൽ നിന്നും 40000/- രൂപ ഗൂഗിൾ പേ മുഖാന്തിരം കൈപ്പറ്റിയതായി കണ്ടെത്തി. കൊടുവള്ളി എസ്.ആർ.ടി.ഒ യിൽ നടത്തിയ പരിശോധനയിൽ  ഉദ്യോഗസ്ഥരും ഏജന്റുമാരുമായി 2,15,295/- രൂപയുടെ ഗുഗിൾപേ മുഖാന്തിരം ഉള്ള പണിടപാടുകൾ നടന്നിട്ടുള്ളതായി കണ്ടെത്തി. വടകര ആർ.ടി.ഒ യിലെ പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി കണ്ടുവന്ന 9250/- രുപ ഒരു ഏജന്റിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തു. വയനാട് ജില്ലയിലെ കല്പറ്റ ആർ.ടി.ഒ യിൽ     രണ്ട് ഉദ്യോഗസ്ഥർ ഏജന്റുമാരുമായി 35800/- രൂപയുടെ ഗൂഗിൾപേ ഇടപാടുകളും, സുൽത്താൻ ബത്തേരി ആർ.ടി.ഒ യിൽ ഒരു ഉദ്യോഗസ്ഥന് ഏജന്റ് 6000/- ഗൂഗിൾ പേയിൽ അയച്ച് നൽകിയതും. കാസർഗോഡ് ആർ.ടി ഒയിൽ നടത്തിയ പരിശോധനയിൽ  രണ്ട് ഏജന്റുമാരെ ഉദ്യോഗസ്ഥർക്ക് നൽകാനായി കെണ്ടുവന്ന 21020/- രൂപയുമായി പിടികൂടുകയും, വെള്ളരികുണ്ട് സബ് ആർ.ടി.ഒ യിൽ ഏജന്റുമാർ രണ്ട് ഉദ്യോഗസ്ഥർക്ക് 266,300/- രൂപ ഗൂഗിൾപേ മുഖാന്തിരം അയച്ച് നൽകിയതായും കണ്ടെത്തി.മിന്നൽ പരിശോധനയുടെ ഭാഗമായുള്ള തുടർ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദപരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ  മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.എന്നാൽ അതിന് മന്ത്രി ഗണേഷ് കുമാർ വിജിലൻസിനെ അനുവദിക്കുമോ എന്ന് കണ്ടറിയാം.    മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഏജന്റുമാരില്‍ നിന്ന് വന്‍തുകകള്‍ കൈക്കൂലിയായി കൈപ്പറ്റിയെന്ന് തെളിവുസഹിതം കണ്ടെത്തിയതോടെ മന്ത്രി ഗണേശൻ പ്രതിസന്ധിയിലായിരിക്കുകയാണ്.  ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വന്‍തുക ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരാണ്, ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി പോലും കൈക്കൂലി വാങ്ങുന്നത്. അഴിമതിക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്നവരുടെ നാടാണ് ഭാരതം. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ വര്‍ഷങ്ങളില്‍ത്തന്നെ അഴിമതിക്കെതിരെ വലിയ ജനവികാരം രാജ്യത്ത് ഉണ്ടായിരുന്നു. അഴിമതിക്കാരനായ രാഷ്‌ട്രീയക്കാരനെ ജനങ്ങള്‍ പിടികൂടി ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിത്തൂക്കണം എന്ന് പറഞ്ഞത് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ്. എന്നാല്‍ ഇന്ദിര പ്രിയദര്‍ശിനി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അഴിമതിയെക്കുറിച്ച് പറഞ്ഞത് വലിയ വിവാദമായിരുന്നു . ‘അഴിമതി ഒരു സാര്‍വ്വ ലൗകിക പ്രതിഭാസമാണ്. അതിനെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയില്ല’ എന്ന ആ വാക്കുകള്‍ അക്കാലത്തെ കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ക്കും അവരുടെ താത്പര്യമനുസരിച്ച് മാത്രം ഭരണം നടത്തിയിരുന്ന ഉദ്യോഗസ്ഥ വൃന്ദത്തിനും ലഭിച്ച ഗ്രീന്‍ കാര്‍ഡ് ആയിരുന്നു. ആധുനിക കാലത്ത് പുതിയ തലമുറ അഴിമതിക്കെതിരെ വലിയതോതില്‍ ചിന്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.     യുപിഎ സര്‍ക്കാരിന്റെ കാലത്ത് അണ്ണാഹസാരെയെ പോലെയുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ജനകീയ സമരങ്ങള്‍ക്ക് ലഭിച്ച പിന്തുണ അതിനു തെളിവാണ്.ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് മോട്ടോര്‍ വാഹന വകുപ്പിലെ വന്‍ അഴിമതിയാണ്. അത് അവിടെ മാത്രം ഒതുങ്ങുമെന്നു കരുതാനാവില്ല. ഗൂഗിള്‍ പേ വഴിയും മറ്റ് ഡിജിറ്റല്‍ രീതികളിലും പണം കൈമാറി എന്നാണ് കണ്ടെത്തല്‍. വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥരെ മറികടന്ന് സുഗമമായി കൈക്കൂലി വാങ്ങുന്നതിനുള്ള മാര്‍ഗ്ഗമായി ഡിജിറ്റല്‍ ഇടപാടുകളെ ഇവര്‍ മാറ്റിയിരിക്കുന്നു. പുറത്തുവന്നിട്ടുള്ളത് അഴിമതിയുടെ ചെറിയ ഭാഗം മാത്രമാണ്. മഞ്ഞുമലയുടെ വലിയ ഭാഗം കാണാമറയത്താണ്. മോട്ടോര്‍ വാഹന വകുപ്പില്‍ മാത്രമായി ഇത് ഒതുങ്ങുമെന്നും കരുതാനാവില്ല. അഴിമതിയെ ജീവിതരീതിയായി മാറ്റിയെടുക്കുന്ന രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും നയിക്കുന്ന ഭരണസംവിധാനത്തില്‍ സമസ്ത മേഖലകളിലും കൈക്കൂലി പിടിമുറുക്കിക്കഴിഞ്ഞു. എന്തുകൊണ്ടാണ് നമ്മുടെ റോഡുകളും കെട്ടിടങ്ങളും നിര്‍മ്മാണം പൂര്‍ത്തിയായി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തകരുന്നത് എന്ന കാര്യം അന്വേഷിക്കപ്പെടണം.   
പൊതു ഖജനാവില്‍ നിന്നുള്ള പണം കൊള്ളയടിച്ച്, എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഇവയെല്ലാം നമ്മുടെ ജനാധിപത്യ ബോധത്തിനുമേലുള്ള പരിഹാസ്യമായ മുദ്രകളായി അവശേഷിക്കുന്നു. വേണ്ടത് സമഗ്ര അന്വേഷണവും നടപടിയുമാണ്. ഇപ്പോള്‍ നടന്നത് അതിന്റെ തുടക്കമായി മാറണം. ഭരണ നേതൃത്വത്തെ തിരുത്താന്‍ ജനമുന്നേറ്റം ഉണ്ടാകണം. തിരുത്താന്‍ ശേഷിയുള്ള ശക്തി സമൂഹമാണ്. ദേശീയ രാഷ്‌ട്രീയത്തില്‍ 2014ല്‍ നാം അത് തെളിയിച്ചതാണ്. ജനാധിപത്യ അവകാശം വിനിയോഗിച്ച് അഴിമതിക്കാരെ ഭരണസംവിധാനത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയണം. കൈക്കൂലി നല്‍കില്ല എന്ന് തീരുമാനിക്കാനുള്ള വിവേകം എല്ലാവര്‍ക്കുമുണ്ടാവുകയും വേണം. മനോജ് എബ്രഹാമിന്റെ നീക്കത്തിന് ഗണേശന്റെ വിശ്വസ്തർ മറ്റ് ചില വ്യാഖ്യാനങ്ങൾ നൽകുന്നുണ്ട്. താനുമായുള്ള അഭിപ്രായ വ്യത്യാസത്തെ  തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ  സ്ഥാനത്ത്  നിന്നും  ഒഴിവാക്കിയ ഐ.ജി. എസ് ശ്രീജിത്തിനെ അദ്ദേഹം ഇക്കാര്യത്തിൽ സംശയിക്കുന്നുണ്ട്.   താൻ മാറ്റിയ ശ്രീജിത്തിനെ  പോലീസ് ആസ്ഥാനം എ . ഡി. ജി.പി.യാക്കിയതിൽ ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് കടുത്ത അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.മുഖ്യമന്ത്രി ഇത്തരത്തിൽ  പെരുമാറിയത് ശരിയായില്ലെന്നാണ് ഗണേശന്റെ അഭിപ്രായം. മന്ത്രിയുമായുള്ള തര്‍ക്കത്തിനൊടുവിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയത്.  ഉന്നതരുടെ പോരില്‍ മോട്ടോര്‍വാഹനവകുപ്പ് അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് കമ്മിഷണറെ മാറ്റിയത്‌. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇരുവരും തമ്മില്‍ തുടങ്ങിയ തര്‍ക്കം ഒന്നിലേറെ തവണ വാക്പോരിലേയ്ക്ക് നീങ്ങിയിരുന്നു. അഭിപ്രായഭിന്നത രൂക്ഷമായതിന് ശേഷം മന്ത്രി വിളിച്ച പലയോഗങ്ങളിലും കമ്മിഷണര്‍ പങ്കെടുത്തിരുന്നില്ല. എന്നാൽ കമ്മീഷണർക്ക്  മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടായിരുന്നു. 

 

ആന്റണി രാജു മന്ത്രിയായിരുന്നപ്പോള്‍, സര്‍ക്കാര്‍ തീരുമാനിച്ച പദ്ധതികളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ മുന്നോട്ടുപോയതാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായുള്ള അസ്വാരസ്യങ്ങളുടെ തുടക്കം. അഭിപ്രായഭിന്നയുണ്ടെങ്കിലും ഇരുവരും പരസ്യമാക്കിയിരുന്നില്ല. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായി നടന്ന ചര്‍ച്ചയ്ക്കിടയില്‍ മന്ത്രി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറെ ശകാരിച്ചതാണ് തുടക്കം. തന്റെ പക്ഷം വിശദീകരിക്കാന്‍ പിന്നീട് മന്ത്രിയുടെ ചേമ്പറിലെത്തിയ കമ്മിഷണറും മന്ത്രിയും തമ്മില്‍ വാക്കേറ്റമായി.അവധിയില്‍പോയ കമ്മിഷണര്‍ തിരിച്ചെത്തിയ ശേഷം മന്ത്രിയുമായി അകലം പാലിച്ചു. ഇതില്‍പെട്ട് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തടസ്സപ്പെട്ടു. നികുതി വെട്ടിപ്പില്‍ ഉള്‍പ്പെടെ കമ്മിഷണര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരില്‍നിന്നുള്ള നടപടി വൈകി. മറുവശത്ത് മന്ത്രി കുറ്റക്കാരാണെന്ന് കണ്ടെത്തിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെയും കമ്മിഷണറേറ്റില്‍നിന്ന് നടപടിയുണ്ടായില്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവും പാളി. വകുപ്പ് സ്വന്തമായി ടെസ്റ്റിങ് ട്രാക്കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും തുടങ്ങാന്‍ കഴിഞ്ഞില്ല.

 

ഉന്നത തലത്തിലെ തര്‍ക്കം കാരണം ഡ്രൈവിങ് സ്‌കൂള്‍ സമരം ആഴ്ചകള്‍ നീണ്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.അതിസുരക്ഷാ നമ്പര്‍പ്ലേറ്റിന്റെ കാര്യത്തിലാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പാരമ്യത്തിലായത്. എടപ്പാളിലെ ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടില്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കമ്മിഷണര്‍ ടെണ്ടര്‍ വിളിച്ചു. നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കിയ മന്ത്രി ആഗോള ടെണ്ടര്‍ വിളിക്കാന്‍ തീരുമാനിച്ചു. 200 കോടിയില്‍ താഴെയുള്ള പദ്ധതിക്ക് ആഗോള ടെണ്ടര്‍ പ്രായോഗികമല്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും മറുപടി നല്‍കി.ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടിന്റെ ഭരണസമിതി യോഗത്തിലും മന്ത്രിയും കമ്മിഷണറും തമ്മില്‍ തര്‍ക്കിച്ചു. തുടങ്ങിവച്ച ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കവേയാണ് കമ്മിഷണറെ മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. റീ ടെണ്ടര്‍ എട്ടിന് തുറന്നിരുന്നു. മന്ത്രിയുടെ എതിർപ്പ് മറികടന്ന് കമ്മിഷണര്‍ നേരിട്ടാണ് ടെണ്ടറുകള്‍ പരിശോധിച്ചത്. മന്ത്രിയുടെ അപ്രീതി ഭയന്ന് ഉദ്യോഗസ്ഥര്‍ ടെണ്ടര്‍ നടപടികളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

    പുതിയ മന്ത്രിയായി കെ ബി  ഗണേഷ് കുമാർ ചാർജ് എടുത്തതോടെയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യേഗസ്ഥർ കടുത്ത ആശങ്കയിലും ഉത്കണ്ഠയിലുമായത്. ആദ്യ പരിഷ്ക്കാരമായി  ഗതാഗതകമ്മീഷണർ എസ് ശ്രീജിത്ത്   വഴി സി പി എം  നടപ്പാക്കിയ സ്ഥലം മാറ്റ പട്ടിക കീറി ഗണേഷ് അടുക്കളപുറത്തേക്കെറിഞ്ഞു. സെക്രട്ടറിയേറ്റിൽ എത്തിയ മന്ത്രി കെ ബി ഗണേഷ് കുമാർ ജനുവരി ഒന്നു മുതൽ താൻ പറയുന്നത് മാത്രം വകുപ്പിൽ നടന്നാൽ മതിയെന്ന്   കർശന നിർദേശം നൽകി.  ഗതാഗത വകുപ്പിലെയും  കെഎസ്ആർടിസിയിലെയും  ഉന്നതർ മുട്ടിടിച്ച്  എല്ലാം കേട്ടു നിന്നു.  ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്  ഉൾപ്പെടെയുള്ള   ഉന്നത ഉദ്യോഗസ്ഥർ അന്നേ  ഗതാഗത വകുപ്പ് വിടാൻ ഒരുങ്ങിയിരുന്നു. ബിജു പ്രഭാകർ ആയിരുന്നു മറ്റൊരു ഉദ്യേഗസ്ഥൻ. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ അരമണിക്കൂര്‍ മുമ്പാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മന്ത്രി ഇടപെട്ടു. ഉത്തരവ് തത്കാലം നടപ്പാക്കേണ്ടിതില്ലന്ന്  നിര്‍ദേശം നല്‍കി.  
ഉത്തരവ് പിന്‍വലിച്ചിട്ടില്ല, മരവിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. നേരത്തെ ആന്റണി രാജു മന്ത്രിയായിരുന്നപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പില്‍ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. വിചിത്രമായ മാനദണ്ഡങ്ങളോടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇത് ചോദ്യംചെയ്ത് ചില ഉദ്യോഗസ്ഥര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതോടെ ഉത്തരവ് മരവിപ്പിച്ചിരുന്നു.പിന്നാലെ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവില്‍നിന്ന് ചില ഉദ്യോഗസ്ഥര്‍ ഒഴിവായിരുന്നു. ചില ഉദ്യോഗസ്ഥര്‍ക്ക് അന്ന് ദൂരേക്ക് സ്ഥലം മാറി പോകേണ്ടി വന്നിരുന്നു. അവര്‍ക്കുകൂടെ താത്പര്യമുള്ള ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവായിരുന്നു വെള്ളിയാഴ്ച പുതിയ ഉത്തരവ് ഗതാഗത കമ്മിഷണര്‍ പുറത്തിറക്കിയത്. ഏതായാലും ശ്രീജിതിന്റെ പ്രകടനം ഗണേഷിന് ഇഷ്ടമായില്ല. കമ്മീഷണർക്ക് പിന്നിൽ സി പി എം ആണെന്ന് ഗണേഷിനറിയാം.      മുമ്പും ഉദ്യോഗസ്ഥരുടെ പ്രമാണിത്തം ഗണേഷ് കുമാർ അംഗീകരിച്ചിരുന്നില്ല. ജനാധിപത്യത്തിൽ മന്ത്രിക്കാണ് പ്രമുഖ സ്ഥാനമെന്ന് ഗണേഷ് കുമാർ വിശ്വസിക്കുന്നു. ഉദ്യോഗസ്ഥർ മന്ത്രിയെ സഹായിക്കാനിരിക്കുന്നവർ മാത്രമാണ് എന്നാണ്  ഗണേശിന്റെ വിശ്വാസം. താൻ ആന്റണി രാജുവിനെ പോലെയായിരിക്കില്ലെന്ന കൃത്യമായ വിവരം ഗണേഷ് ഉദ്യോഗസ്ഥൻമാർക്ക് നൽകിയിട്ടുണ്ട്. വകുപ്പിൽ ഇലയനങ്ങിയാൽ പോലും താൻ അറിഞ്ഞിരിക്കണം. തന്റെ അനുവാദം ഇല്ലാതെ സ്ഥലം മാറ്റങ്ങൾ നടത്തരുത്. ഗതാഗത വകുപ്പിലെ അഴിമതികൾ താൻ നേരിട്ട് പരിശോധിക്കും. ജനങ്ങളുടെ പരാതികൾ  താൻ നേരിട്ട് കേൾക്കും. ഏതാനും വർഷങ്ങളായി ഗതാഗത വകുപ്പിൽ നടക്കുന്നത് കെടു കാര്യസ്ഥതയാണെന്ന്  ഗണേഷ് വിശ്വസിച്ചത്. . അതിനാൽ ഒരു പുതിയ മുഖമാണ് 2024 അദ്ദേഹം കാഴ്ച വച്ചത് .   അദ്ദേഹം തെറ്റുകൾക്ക് മുമ്പിൽ പൊറുത്തില്ല. . മുഖ്യമന്ത്രി പറഞ്ഞാൽ പോലും തന്റെ വകുപ്പിൽ  താൻ അറിയാതെ ഒന്നും നടക്കേണ്ടതില്ലെന്നാണ് ഗണേഷ് കുമാറിന്റെ വിശ്വാസം. ഇക്കാര്യം മുഖ്യമന്ത്രിക്കും അറിയാമെന്ന് ഗണേഷിന്റെ വിശ്വസ്തർ പറയുന്നു.      ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെൻററി യോഗത്തിൽ  മുഖ്യമന്ത്രി രോഷാകുലനായത്  ഏതാനും മാസങ്ങൾ മുമ്പായിരുന്നു. അന്ന് എൻ എസ് എസ് ഡയറക്ടർ ബോർഡിൽ അദ്ദേഹം അംഗമായിരുന്നില്ല. ഗണേഷിൻ്റെ മാധ്യമശ്രദ്ധ കണ്ടിട്ടാണ് പിണറായി അന്ന് ചൂടായത്.വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു പിണറായി വിജയൻ്റെ കുറ്റപ്പെടുത്തൽ. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാർ  എൽഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.പുതുപ്പള്ളി പോളിംഗിന് തലേന്ന് മുന്നാക്ക സമുദായ കോർപ്പറേഷൻ ചെയർമാനെ മാറ്റിയ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ നടപടി ഗണേശനെ പേടിച്ച് മുഖ്യമന്ത്രി മരവിപ്പിച്ചു. ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് എൻഎസ്എസ് ആരോപിക്കുന്ന മുൻ ദേവസ്വം ബോർഡ് മുൻ  അധ്യക്ഷനായ രാജഗോപാലൻ നായരെയാണ് എൻഎസ്എസ് ഡയറക്ടർ ബോർഡ്  അംഗം ഗണേഷ് കുമാറിൻ്റെ നോമിനിയെ പിൻവലിച്ച ശേഷം സർക്കാർ നിയമിച്ചത്. 

 

കേരള കോണ്‍ഗ്രസ് ബി ശക്തമായ  പ്രതിഷേധമാണ് നടത്തിയത്. ഗണേഷ് കുമാർ  സിപിഎം  സെക്രട്ടറിയെ തൻ്റെ നിലപാട് അറിയിച്ചു. അങ്ങനെ  മുന്നാക്ക  സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു.കെ ജി പ്രേംജിത്തിനെ  മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്.. പഴയ ഗണേഷ് ആയിരുന്നെങ്കിൽ ഇത് സംഭവിക്കുകയില്ലായിരുന്നു. ശബരിമല വിഷയത്തിൽ എൻ എസ് എസിൻ്റെ ശത്രുവായ രാജഗോപാലൻ നായരെ മുന്നാക്ക കോർപ്പറേഷനിൽ നിയമിച്ചതിലൂടെ പിണറായി സംഘടനയെ  അപമാനിച്ചതായി സുകുമാരൻ നായർ കരുതി.മുമ്പ്  പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി  കെ ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും മുൻ മന്ത്രി ജി സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

ഗണേഷ് കുമാറിന്‍റെ വിമര്‍ശനം അതിരു കടന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പ്രതിനിധിയെ മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്. പിണറായിയെ സംബന്ധിച്ചിടത്തോളം ഇന്ന് എൻഎസ്എസ് എന്നാൽ ഗണേഷ് കുമാർ ആണ് .ജി  സുകുമാരൻ നായർക്കാകട്ടെ  പ്രായം കൊണ്ടുള്ള അസ്വസ്ഥതകൾ രൂക്ഷമാണ്. എൻഎസ്എസിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അത് ഗണേഷ് കുമാർ ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്.  കലഞ്ഞൂർ മധുവിന്  ശേഷം തലയെടുപ്പുള്ള ഒരു നേതാവ് എൽഎസ്എസിൽ ഗണേഷ് മാത്രമാണ്.ജനറൽ  സെക്രട്ടറി ആവണമെങ്കിൽ നിരവധി മാനദണ്ഡങ്ങൾ ഉണ്ട് . വ്യവസായികളും വൻകിട പണക്കാരും അഭിഭാഷകരുമൊക്കെയാണ്   എൻഎസ്എസിന്റെ ഡയറക്ടർ ബോർഡിൽ ഭൂരിപക്ഷം പേരും. തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡൻറ് സംഗീത് കുമാർ തലസ്ഥാനത്തെ വൻകിട വ്യാപാരികളിൽ ഒരാളാണ്.   

 

ഇത്തരത്തിൽ എൻഎസ്എസിന്റെ തലപ്പത്ത് എത്തണമെങ്കിൽ   പണം ഒരു പ്രധാന ഘടകമാണ് .  ഗണേഷിന് പണവും പ്രതാപവും അധികാരവും കുടുംബ പാരമ്പര്യവും ഉണ്ട്. എൻഎസ്എസ് സംഘടനയെ കൈപിടിയിലൊതുക്കാനുള്ള   ചങ്കൂറ്റവും ഗണേശന്  ഉണ്ട്.  ഏതായാലും ഗണേശൻ മനോജ് എബ്രഹാമിനെ പറപ്പിക്കുമോ എന്ന് കണ്ടറിയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു  (4 hours ago)

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ജയിലില്‍ മരപ്പണിക്ക് വന്നവരില്‍ നിന്നാണ് ഇയാള്‍ ചില ആയുധങ്ങള്‍ കൈവശപ്പെടുത്തിയതെന്ന് ഗോവിന്ദച്ചാമി  (5 hours ago)

താത്കാലിക വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍  (5 hours ago)

15 കാരി ഗര്‍ഭിണിയായപ്പോള്‍ ജീവനോടെ കുഴിച്ച് മൂടാന്‍ ശ്രമം  (5 hours ago)

കനത്ത മഴ തുടരുന്നു ; സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് കമല്‍ഹാസന്‍  (6 hours ago)

ഒരു കനാലില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു  (6 hours ago)

നിയന്ത്രണം നഷ്ടമായ കാര്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞു കയറി അപകടം  (6 hours ago)

16കാരനായ മകന്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്ക് ചിലവായത് കോടികള്‍  (9 hours ago)

റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസം പോസ്റ്റർ എത്തി  (9 hours ago)

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും  (9 hours ago)

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ ഒഴിഞ്ഞുമാറാനാകില്ലെന്ന് കെസി വേണുഗോപാല്‍ എംപി  (9 hours ago)

നേഘയുടെ മരണം; ഭര്‍ത്താവിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസ്  (10 hours ago)

ഈ അധ്യയന വര്‍ഷം തല്‍സ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (10 hours ago)

Malayali Vartha Recommends