വിഎസ് അച്യുതാനന്ദനെ കാലുവാരി തോല്‍പ്പിക്കാന്‍ കാരണമെന്ത്..സിപിഎം പാളയത്തിനുള്ളില്‍തന്നെ വിഎസിനെതിരെ പടയൊരുക്കം, നടക്കുന്നതായി ഒരുനിര സിപിഎം നേതാക്കള്‍ നേരത്തെ കണ്ടറിഞ്ഞിരുന്നു..

1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് വിഎസ് അച്യുതാനന്ദനെ കാലുവാരി തോല്‍പ്പിക്കാന്‍ കാരണമെന്ത്. കെആര്‍ ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയില്‍ മാരാരിക്കുളത്തെ പ്രബല സമുദായമായ ഈഴവര്‍ വോട്ടു മറിച്ചതാണ് കാരണമെന്ന് സിപിഎം വിധിയെഴുതിയെങ്കിലും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വിഎസിനെതിരായി പതിനായിരത്തോളം പേര്‍ വോട്ടു ചെയ്തുവെന്നതാണ് ചരിത്രം. കോണ്‍ഗ്രസിലെ അപ്രസക്തനായ സ്ഥാനാര്‍ഥി പിജെ ഫ്രാന്‍സിസിന് അപ്രതീക്ഷിത വിജയം സമ്മാനിച്ച മാരാരിക്കുളത്ത് വിഎസിനുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ ആഘാതമായിരുന്നു തെരഞ്ഞെടുപ്പു പരാജയം.
മാരാരിക്കുളത്തെ ചെങ്കോട്ട കുലുങ്ങില്ലെന്ന ഉറപ്പില്‍ കേരളമൊട്ടാകെ പ്രചാരണത്തിന് ചെങ്കൊടി പിടിക്കുമ്പോള്‍ സ്വന്തം കാല്‍കീഴിലെ മണ്ണിളകിമാറുന്നത് വി.എസ്. അച്യുതാനന്ദന്‍ എന്ന സഖാവ് അറിഞ്ഞിരുന്നില്ല. എന്നാല്‍ സിപിഎം പാളയത്തിനുള്ളില്‍തന്നെ വിഎസിനെതിരെ പടയൊരുക്കം നടക്കുന്നതായി ഒരുനിര സിപിഎം നേതാക്കള്‍ നേരത്തെ കണ്ടറിഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ആ വോട്ടുചോര്‍ച്ച തടയാന്‍ എന്തുകൊണ്ട് സിപിഎം ജില്ലാ നേതൃത്വം തയാറായില്ലെന്നതാണ് പ്രസക്തമായ ചോദ്യം.1991ലെ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് ലഭിച്ച 9980 വോട്ടുകളുടെ ഭൂരിപക്ഷം ഉയര്‍ത്തി അച്യുതാനന്ദന്‍ അടുത്ത കേരളം മുഖ്യമന്ത്രിയാകുമെന്ന് കരുതിയെങ്കിലും
മാരാരിക്കുളത്തെ ജനവിധി തിരിച്ചടിയായിരുന്നു. അന്നു നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന ഏക പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു അച്യുതാനന്ദന്‍.തികച്ചും അപ്രസക്തനായിരുന്ന കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സീസിനോട് 1965 വോട്ടുകള്‍ക്കാണ് വിഎസ് തോറ്റത്. മാരാരിക്കുളത്ത് വിഎസ് ആ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.വിഎസ് അച്യുതാനന്ദന്‍ നാലായിരത്തിലേറെ വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് ബൂത്ത് തല തലയെണ്ണലിലൂടെ പ്രതിയോഗികളായ സിപിഎം നേതാക്കള്‍ പ്രചാരണ ഘട്ടത്തില്‍തന്നെ ഗണിച്ചിരുന്നു. വിഎസ് തോറ്റതോടെ മത്സരരംഗത്തുപോലും ഇല്ലാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാര്‍ മൂന്നാമൂഴവും കേരള മുഖ്യമന്ത്രിയായി.
കേരളത്തില്‍ ഇടതുതരംഗം ആഞ്ഞുവീശിയ ജനവിധിയില്‍ മാരാരിക്കുളത്തെ നാണം കെട്ട തോല്‍വി കേരളത്തിലെ സിപിഎമ്മിനെ മാത്രമല്ല പോളിറ്റ് ബ്യൂറോയെയും ഞെട്ടിച്ചുകളഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചു നാല് വോട്ടുകള്‍ക്ക് ഇ.കെ. നായനാരോടു വിഎസ് അച്യുതാനന്ദന്‍ തോറ്റതിനു പിന്നാലെയായിരുന്നു മാരാരിക്കുളത്തുണ്ടായ ആഘാതം.തോല്‍വിയെക്കുറിച്ച താത്വികമായ അവലോകനങ്ങള്‍ പലതുണ്ടായെങ്കിലും ആലപ്പുഴ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ വിഎസിനെ പിന്നില്‍നിന്നു കുത്തിയെന്നും പന്തീരായിരം പാര്‍ട്ടി വോട്ടുകള്‍ രഹസ്യമായി പി.ജെ. ഫ്രാന്‍സിസിനു നല്‍കിയെന്നതും ചരിത്ര സത്യം. അന്നത്തെ ഇലക്ഷനില്‍ ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി മത്സരിച്ചതിനാല്‍ ചേര്‍ത്തലയിലുണ്ടായ യുഡിഎഫ് തരംഗത്തിന്റെ പ്രകമ്പനം മാരിക്കുളത്തുമുണ്ടായി എന്നതായിരുന്നു പാര്‍ട്ടിയുടെ നീതികരണം.
എകെ ആന്റണി ഉയര്‍ത്തിയ ആവേശത്തിനൊപ്പം ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണവും കെ.ആര്‍. ഗൗരിയമ്മയുടെ ജെഎസ്എസ് രൂപീകരണവും വിഎസിന്റെ തോല്‍വിക്കു കാരണമായതായി നിഗമിച്ചു. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും മാരാരിക്കുളത്ത് ഇത്തരത്തിലൊരു അട്ടിമറി നടക്കുമെന്ന് യുഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ മാരാരിക്കുളത്തു ഏരിയ, ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രചാരണത്തില്‍ സജീവമായിരുന്നില്ലെന്നും സംഘടിതമായ കാലുവാരലുണ്ടായെന്നും പോളിംഗ് കണക്കെടുപ്പിലൂടെ സിപിഎം കമ്മീഷന്‍ കണ്ടെത്തി. സിപിഎമ്മുകാര്‍ തന്നെയാണു മാരാരിക്കുളത്ത് വോട്ട് മറിച്ചതെന്ന് പിന്നീട് മുഖ്യമന്ത്രിയായിരിക്കെ ഇ.കെ. നായനാര്‍ ആലപ്പുഴയില്‍ പരസ്യമായി കുറ്റപ്പെടുത്തി.
പ്രചാരണഘട്ടത്തില്‍ പലനേതാക്കളെയും പ്രവര്‍ത്തകരെയും ചില ജില്ലാനേതാക്കള്‍ അറിഞ്ഞുകൊണ്ട് മറ്റു മണ്ഡലങ്ങളിലേക്ക് അയച്ചെന്നും മാരാരിക്കുളം ചെളിക്കുളമാക്കാന്‍ കരുക്കള്‍ നീക്കിയെന്നും പ്രവര്‍ത്തകരുടെ നാടുകടത്തല്‍ പാര്‍ട്ടിക്കു തിരിച്ചറിവുണ്ടായെന്നും കഥകള്‍ പരന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടേറിയറ്റിനെ ഒന്നടങ്കം സംസ്ഥാന കമ്മിറ്റി താക്കീതു ചെയ്തു.പരാജയത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ. പളനിക്കെതിരെയും ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി. ഭാസ്‌കരനെതിരെയും വിഎസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പളനിയെയും ഭാസ്‌കരനെയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി.
മാരാരിക്കുളത്ത് വിഎസ് തോറ്റ 1965 എന്ന അക്കത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. 1965ലാണ് വിഎസ് ആദ്യമായി തെരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങുന്നത്. ആ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് കൃഷ്ണക്കുറുപ്പിനോട് തോറ്റു. എന്നാല്‍ മൂന്ന് പതിറ്റാണ്ടിനുശേഷം വിഎസ് എന്ന അതികായന്റെ മാരാരിക്കുളത്തെ തോല്‍വിയുടെ മാനം ചെറുതായിരുന്നില്ല.മാരാരിക്കുളത്തെ തോല്‍വി പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചെങ്കിലും വി.എസ്. അച്യുതാനന്ദന് തെല്ലും കുലുക്കവും പതര്‍ച്ചയുമുണ്ടായില്ല. മാരാരിക്കുളത്തെ തോല്‍വിയോടെ കൂടുതല്‍ ശക്തനായ വിഎസ് അച്യുതാനന്ദന്‍ പിന്നീട് മലമ്പുഴയില്‍ മിന്നുന്ന വിജയത്തോടെ കേരളത്തിന്റെ മുഖ്യമന്ത്രായി ജനങ്ങളുടെ ഹൃദയം കവര്‍ന്നു.
https://www.facebook.com/Malayalivartha