അപൂര്‍വ്വ രോഗം ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍

ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം കണ്ടു വരുന്ന അപൂര്‍വ്വ രോഗം ശസ്ത്രക്രിയയിലൂടെ പരിഹരിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ .
ആലപ്പുഴ കാര്‍ത്തികപ്പള്ളി പുത്തന്‍ മണ്ണേല്‍ രണദേവിനായിരുന്നു (66) ശസ്ത്രക്രിയ. ശബ്ദ വ്യത്യാസത്തെ തുടര്‍ന്ന് ഇ.എന്‍.റ്റി ഒ .പിയില്‍ ചികിത്സ തേടിയ രണദേവിന് സി.റ്റി സ്‌കാനിംഗ് നടത്തിയപ്പോള്‍, ഹൃദയത്തില്‍ നിന്നും ശുദ്ധ രക്തം വഹിച്ചു കൊണ്ടു പോകുന്ന മഹാധമനിയില്‍ നിന്നും തലച്ചോറിലേക്കുള്ള രക്തം വഹിക്കുന്ന രക്തധമനിക്ക് സമീപത്തായി വീക്കം കണ്ടെത്തി. തുടര്‍ചികിത്സക്കായി രണദേവിനെ ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലേക്ക് മാറ്റി.
ജൂണ്‍ 30 നായിരുന്നു 10 മണിക്കൂറോളം സമയമെടുത്ത ശസ്ത്രക്രിയ. മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തി ഹാര്‍ട്ട് ലങ് മെഷീനിന്റെ സഹായത്താല്‍ തലച്ചോറിലേക്കും മറ്റു ശരീരഭാഗങ്ങളിലേക്കും ശരീര ഊഷ്മാവ് കുറച്ച് നിയന്ത്രിതമായ രീതിയില്‍ തടസ്സമില്ലാതെ രക്തചംക്രമണം സാധ്യമാക്കുകയായിരുന്നു പ്രധാന വെല്ലുവിളി. 4 മണിക്കൂറോളം ഇതെല്ലാം കൃത്യമായ രീതിയില്‍ ഹാര്‍ട്ട് ലങ് മെഷിനിന്റെസഹായത്തോടെ സാധ്യമാക്കുകയും വീക്കം വന്ന ഭാഗം നീക്കം ചെയ്ത് കൃത്രിമ രക്തധമനി വച്ചു പിടിപ്പിക്കുകയും ചെയ്തു.
ഇന്നലെ രോഗി ആരോഗ്യവാനായി ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം ചിലവു വരുന്ന ഈ ശസ്ത്രക്രിയ ആരോഗ്യ പദ്ധതി പ്രകാരം 3 ലക്ഷത്തോളം രൂപ ചിലവിലാണ് ഇവിടെ നടത്തിയത്. കാര്‍ഡിയാക് സര്‍ജനും പ്രൊഫസറുമായ ഡോ.വി.സുരേഷ് കുമാര്‍, അസോ. പ്രൊഫസര്‍മാരായ ഡോ.കെ.ടി.ബിജു, ഡോ.ആനന്ദക്കുട്ടന്‍, ഡോ.കൊച്ചു കൃഷ്ണന്‍, അനസ്‌തേഷ്യസ്റ്റുമാരായ എച്ച്.ഒ.ഡി ഡോ.വീണ, ആശുപത്രി സൂപ്രണ്ട് ഡോ.ഹരികുമാര്‍ ,അസി.പ്രൊഫ.ഡോ.ബിട്ടു, ഡോ.അനാമിക, ഡോ. ചോംങ്, പെര്‍ഫ്യൂഷനിസ്റ്റുമാരായ പി.കെ.ബിജു, അന്‍സു മാത്യു, നഴ്‌സുമാരായ റെജിമോള്‍, സരിത വര്‍ഗീസ്, രാജലക്ഷ്മി, അര്‍ച്ചന, ഉബീന, ഹാഷിദ്, ടെക്‌നീഷ്യന്‍ ശ്രീജിത്ത്, നഴ്‌സിംഗ് അസിസ്റ്റന്റുമാരായ സുധര്‍മ്മ ,സീന, വിനോദ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു
https://www.facebook.com/Malayalivartha