അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല; മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല;റിപ്പോര്‍ട്ടര്‍ ടിവി അവതാരകൻ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സംസാരിച്ചതായി ആരോപണം

മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിലാപയാത്രയുടെ തല്‍സമയ വിവരണത്തിനിടെ, റിപ്പോര്‍ട്ടര്‍ ടിവി അവതാരകൻ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സംസാരിച്ചതായി ആരോപണം. ഉമ്മന്‍ ചാണ്ടിയെ താഴ്ത്തി കെട്ടി സംസാരിച്ചു എന്നാണ് ആരോപണമുയർന്നിരിക്കുന്നത് . മകന്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ തന്നെ അരുണ്‍കുമാറിന് എതിരെ പോസ്റ്റിട്ടിരുന്നു .
അരുണ്‍കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ;-
'അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല. മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല. പകരം തെരുവുകളില്‍ ആ മനുഷ്യന്‍ ഉയര്‍ത്തിയ സമര മുദ്രാവാക്യങ്ങള്‍ വീണ്ടും ഉയരും. മണ്ണും വിണ്ണും വിഷം തീണ്ടുന്ന നേരം പോര്‍മുഖങ്ങളില്‍ പടര്‍ന്ന ആ സമരവീര്യം ജനതയില്‍ വീണ്ടും ആവേശിക്കും.
പുതിയ ആകാശവും പുതിയ ഭൂമിയും പിറക്കുന്ന മഹാദ്ഭുതം സംഭവിക്കുക തന്നെ ചെയ്യും. മനുഷ്യമോചനത്തിന്റെ മഹത്വം അറിഞ്ഞ കമ്യൂണിസ്റ്റ് ആശിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന മഹാദ്ഭുതങ്ങള്‍ക്കായി കാത്തിരിക്കു...പ്രിയപ്പെട്ട പ്രേക്ഷകരെ...ഒരുപുണ്യാളനായി സ്വയം അടയാളപ്പെടുത്തിയല്ല വിഎസ് വിട വാങ്ങുന്നത്. വിഎസ് നമ്മുടെയൊക്കെ ഇടനെഞ്ചിലേക്ക് ഒരുതീ കോരിയിട്ട്...ഞാന്‍ കൊളുത്തിയ തീ കെടാതെ സൂക്ഷിക്കണമെന്ന് പറഞ്ഞാണ് യാത്രയാകുന്നത്.'
അതേസമയം, ജനമനസുകളില്‍ ജീവിക്കുന്ന തന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്തുവാന്‍ അരുണ്‍കുമാറിന്റെ വാക്കുകള്‍ക്ക് ആവില്ലെന്ന് ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ;-
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വിനായകന്‍ തന്റെ വാക്കുകള്‍ കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കിയപ്പോള്‍ അത് അയാളുടെ സ്വാതന്ത്ര്യം ആണെന്നായിരുന്നു എന്റെ നിലപാട് . ഇന്ന് തന്റെ വാക്കുകളിലൂടെ ശ്രീ അരുണ്‍ കുമാര്‍ എന്റെ പിതാവിനെ അപമാനിച്ചു എന്ന് ചിലരെങ്കിലും കരുതുന്നു. തന്റെ നിലപാട് വ്യക്തമാക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം ശ്രീ അരുണ്‍ കുമാറിന് ഉണ്ട് എന്നതാണ് ഇന്നും എന്റെ നിലപാട് .ജന മനസുകളില്‍ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്തുവാന്‍ ഇത്തരം വാക്കുകള്‍ക്ക് ആവില്ല എന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ.
https://www.facebook.com/Malayalivartha