ആവേശാരവങ്ങള്‍ക്ക് നാടൊരുങ്ങി.... നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 30 ന്

ഇനി കയ്യുംമെയ്യും മറന്നുള്ള പരിശീലനത്തുഴച്ചിലിന്റെ നാളുകളാണ്. നെഹ്‌റു ട്രോഫിയില്‍ മുത്തമിടാനുള്ള ആവേശവുമായി ജില്ലയിലെ നാലു ക്ലബുകളാണ് ഇത്തവണ പുന്നമടയിലെത്തുക. നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശാരവങ്ങള്‍ക്ക് നാടൊരുങ്ങി.
കുമരകം ബോട്ട് ക്ലബ്, കുമരകം ടൗണ്‍ ബോട്ട് ക്ലബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ് എന്നിവക്ക് പുറമെ കുമരകത്തുനിന്ന് ഇമാനുവല്‍ എന്ന പുതിയ ക്ലബും മത്സരരംഗത്തുണ്ട്. കുമരകം എന്‍.സി.ഡി.സി ഇത്തവണയും മത്സരത്തിനില്ല. ആഗസ്റ്റ് 30നാണ് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുക.
ചമ്പക്കുളം മൂലം വള്ളംകളിയില്‍ എ ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ മത്സരത്തില്‍ ഒന്നാമതെത്തിയ വിജയാവേശവുമായാണ് കുമരകം ടൗണ്‍ ബോട്ട് ക്ലബ് പുന്നമടയിലെത്തുന്നത്. പായിപ്പാട് പുത്തന്‍ ചുണ്ടനിലാണ് പോരാട്ടത്തിനിറങ്ങുക.
പായിപ്പാട് രണ്ടാംചുണ്ടനിലാണ് പരിശീലനം. അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വര്‍ക്കിച്ചനാണ് ടീം ക്യാപ്റ്റന്‍.കോട്ടയത്തിന് ആദ്യമായി നെഹ്റു ട്രോഫി സമ്മാനിച്ച കുമരകം ബോട്ട് ക്ലബ് 13 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വെള്ളംകുളങ്ങരയിലാണ് പുന്നമടയിലിറങ്ങുക. സണ്ണി ജേക്കബിന്റെ നായകത്വത്തില്‍ വെള്ളംകുളങ്ങരയില്‍ തുഴഞ്ഞ് 2002ല്‍ നെഹ്റു ട്രോഫി നേടിയിരുന്നു.
ഏറ്റവുമധികം നെഹ്റു ട്രോഫി നേടിയ ക്ലബ്, രണ്ട് തവണ ഹാട്രിക് നേട്ടം കുറിച്ച് ജില്ലയുടെ അഭിമാന ടീം എന്നീ മുന്‍തൂക്കവുമുണ്ട്. അടുത്തയാഴ്ച മുത്തേരിമടയില്‍ പരിശീലനം ആരംഭിക്കും,.
"
https://www.facebook.com/Malayalivartha