ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറില്‍....

ജോ റൂട്ടിന്റെ 38ാം ടെസ്റ്റ് സെഞ്ച്വറിയും നാല് ബാറ്റര്‍മാരുടെ അര്‍ധ സെഞ്ച്വറിയുടേയും മികവില്‍ ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറില്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെന്ന നിലയിലാണ്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 358 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ടിന് നിലവില്‍ 186 റണ്‍സ് ലീഡ്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 77 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും 21 റണ്‍സുമായി ലിയാം ഡോവ്സനുമാണ് ക്രീസില്‍. നാലാം ദിനമായ ഇന്ന് ഇംഗ്ലണ്ടിനെ ആദ്യ സെഷനില്‍ തന്നെ അതിവേഗം മടക്കുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരങ്ങളുടെ പട്ടികയില്‍ ജോ റൂട്ട് തന്റെ പേര് രണ്ടാമതായി എഴുതി ചേര്‍ത്തതാണ് മാഞ്ചസ്റ്ററിലെ മൂന്നാം ദിനത്തിലെ സവിശേഷത. ഇനി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് റൂട്ടിന് മുന്നിലുള്ളത്. താരം 248 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ സഹിതം 150 റണ്‍സെടുത്ത് പോരാട്ടം നയിച്ചു. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (94), സാക് ക്രൗളി (84) എന്നിവര്‍ ഇംഗ്ലണ്ടിനു മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും പുറത്തായ ശേഷം ഒന്നിച്ച ഒലി പോപ്പ്- ജോ റൂട്ട് സഖ്യവും ഇന്ത്യയെ കുഴപ്പിച്ചു. ഒന്നാം വിക്കറ്റില്‍ 166 റണ്‍സാണ് ക്രൗളി- ഡക്കറ്റ് സഖ്യം ചേര്‍ത്ത്. പോപ്പ്- റൂട്ട് സഖ്യം 144 റണ്‍സും ബോര്‍ഡില്‍ ചേര്‍ത്തു. ഒലി പോപ്പിനെ (71) മടക്കി വാഷിങ്ടന്‍ സുന്ദറാണ് കൂട്ടുകെട്ട് പൊളിച്ചത്.
ഇന്ത്യക്കായി സ്പിന്നര്‍മാരാണ് മൂന്നാം ദിവസം തിളങ്ങിയത്. രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രിത് ബുംറ, അന്‍ഷുല്‍ കാംബോജ്, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ മൂന്ന് അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ 358 റണ്‍സിലെത്തിയത്. ഒന്നാം ദിനം പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് രണ്ടാം ദിനം പരിക്ക് വകവയ്ക്കാതെ ക്രീസിലെത്തി അര്‍ധ സെഞ്ച്വറിയടിച്ചു. താരം 75 പന്തില്‍ 3 ഫോറും 2 സിക്സും സഹിതം 54 റണ്‍സെടുത്തു. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍ എന്നിവരും അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തു.
സായ് ടോപ് സ്‌കോററായി താരം 61 റണ്‍സെടുത്തു. ടെസ്റ്റ് കരിയറിലെ കന്നി അര്‍ധ സെഞ്ച്വറിയാണ് തമിഴ്നാട് ബാറ്റര്‍ മാഞ്ചസ്റ്ററില്‍ നേടിയത്. യശസ്വി ജയ്സ്വാള്‍ 58 റണ്‍സും കണ്ടെത്തി. കെഎല്‍ രാഹുല്‍ 46 റണ്‍സും ശാര്‍ദുല്‍ ഠാക്കൂര്‍ 41 റണ്‍സും സ്വന്തമാക്കി. വാഷിങ്ടന്‍ സുന്ദര്‍ 27 റണ്‍സുമായി മടങ്ങി.ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ബൗളിങില്‍ തിളങ്ങി. താരം 5 വിക്കറ്റുകള്‍ നേടി. ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ക്രിസ് വോക്സ്, ലിയാം ഡോവ്സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha