സാധാരണ വ്യക്തികൾക്ക് ഉള്ളതിനേക്കാൾ ശക്തി ഗോവിന്ദച്ചാമിയുടെ കൈകൾക്ക് ഉണ്ടെന്ന് ഡോക്ടർ; ആ കൈ ഉപയോഗിച്ചാണ് ട്രെയിനിൽ നിന്ന് വീണ പെൺകുട്ടിയെ കുറ്റിക്കാട്ടിൽ എത്തിച്ച് പീഡിപ്പിച്ചത്: രക്തം ശേഖരിക്കാൻ ലാബ് ടെക്നീഷ്യൻ സ്പർശിച്ചത് പോലും ഉത്തേജനം ഉണ്ടാക്കി: ഒരു പെൺകുട്ടിയെ ശാരീരികമായി കീഴ്‌പ്പെടുത്താൻ കഴിവുണ്ട് എന്നതിന്റെ വ്യക്തമായ സൂചന...

സൗമ്യ വധക്കേസിലെ പ്രതി, ഒരുകൈ മാത്രമുള്ള ഈ ക്രിമിനൽ ശരീരശക്തിയാൽ മാത്രമല്ല, മനസ്സിലെ ക്രൂരത കൊണ്ടാണ് ഇരകളെയും സംവിധാനങ്ങളെയും താണ്ടി കടക്കുന്നത് എന്നാണ് ഫോറൻസിക് വിദഗ്ധൻ ഡോ. ഹിതേഷ് ശങ്കറിന്റെ അഭിപ്രായം. പീഡിപ്പിച്ചും കൊല ചെയ്തും അതിനും ശേഷം ജയിലിൽ നിന്ന് രക്ഷപ്പെടാൻ തന്ത്രങ്ങൾ മെനഞ്ഞതും ഒരേ വ്യക്തി തന്നെ! സാമാന്യമായ ശാരീരിക കരുത്തുള്ള വ്യക്തിയാണ് കൊടുംക്രിമിനലായ ഗോവിന്ദച്ചാമി. ഒറ്റക്കൈ മാത്രമാണ് ഉള്ളതെങ്കിലും ജയിലിലെ പടുകൂറ്റൻ മതിൽ പുഷ്പംപോലെ മറികടക്കാനായത് അതുകൊണ്ടായിരിക്കാം എന്നാണ് അദ്ദേഹം പറയുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഗോവിന്ദച്ചാമിയെ അറസ്റ്റുചെയ്യുമ്പോൾ തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു ഹിതേഷ് ശങ്കർ.
അന്ന് ആ കൊടും ക്രിമിനലിനെ പരിശോധിച്ച് കേസിൽ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് അദ്ദേഹത്തിന്റെ മൊഴികളും കണ്ടെത്തലുകളുമായിരുന്നു. വൈകല്യം ഉണ്ടെങ്കിലും സാധാരണ വ്യക്തികൾക്ക് ഉള്ളതിനേക്കാൾ ശക്തി ഗോവിന്ദച്ചാമിയുടെ കൈകൾക്ക് ഉണ്ടെന്നാണ് ഡോക്ടർ പറയുന്നത്. കൂറ്റൻ മതിലിൽ, തുണികൊണ്ടുണ്ടാക്കിയ വടത്തിൽ തൂങ്ങിക്കയറാൻ കഴിഞ്ഞതും ഇതുകൊണ്ടായിരിക്കാം എന്നും അദ്ദേഹം പറയുന്നു. സാധാരണ വ്യക്തികൾ ചെയ്യുന്നതിനെക്കാൾ ഭംഗിയായിത്തന്നെ വൈകല്യമുള്ള കൈയുടെ സപ്പോർട്ടോടെ വലതുകൈകൊണ്ട് ഇയാൾക്ക് ചെയ്യാൻ കഴിയും. അന്നത്തെ പരിശോധനയിൽ വൈകല്യമുള്ള ഇടതുകൈയുടെ മസിലുകൾക്ക് നല്ല ശക്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കൈപ്പത്തി ഇല്ല എന്നതുമാത്രമാണ് ആകെയുണ്ടായിരുന്ന പ്രശ്നം. ആ കൈ ഉപയോഗിച്ചാണ് ട്രെയിനിൽ നിന്ന് വീണ പെൺകുട്ടിയെ എടുത്ത് സമീപത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചത്.ഓടിക്കൊണ്ടിക്കുന്ന ട്രെയിനുകളിൽ പിടിച്ച് തൂങ്ങിക്കയറാനും ചാടിയിറങ്ങാനും ഗോവിന്ദച്ചാമിക്ക് കഴിവുണ്ടായിരുന്നു. ആ കഴിവായിരിക്കാം തുണിവടത്തിൽ തൂങ്ങി മതിലിന് മുകളിലെത്താൻ അയാളെ സഹായിച്ചതും. ട്രെയിനുകളിൽ ഇങ്ങനെ തൂങ്ങിക്കയറിയും തൂങ്ങിയിറങ്ങിയും ഗോവിന്ദച്ചാമിയുടെ ശരീരത്തിന് പുറകിലെ മസിലുകൾക്കും അസാധാരണശക്തിയുണ്ടായിരുന്നു എന്നും ഹിതേഷ് ശങ്കർ പറയുന്നു. ദേഹപരിശോധന നടത്തിയാൽ ജയിൽ ചാട്ടത്തിനായി മതിലിൽ കയറിയപ്പോഴുണ്ടായ ഉരവുകളും മറ്റുപാടുകളും കണ്ടുപിടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ചോറ് കഴിക്കാതെ ശരീരത്തിന്റെ വണ്ണം കുറച്ചതും വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കാം എന്നും ഹിതേഷ് ശങ്കർ പറയുന്നുണ്ട്. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ചോറ് കുറച്ചാൽ ശരീരഭാരവും വലിപ്പവും കുറയും. ചോറിന് പകരം ചപ്പാത്തിയും അതിനൊപ്പം ഇറച്ചിയുൾപ്പെടെയുള്ള കറികളും കൂടിയാകുമ്പോൾ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കും. ശരീരത്തിനും മസിലുകൾക്കും ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല കൂടുതൽ ശക്തിയാർജിക്കുകയും ചെയ്തിട്ടുണ്ടാവണം.അമിതമായ ലൈംഗികാസക്തി ഉള്ള ആളായിരുന്നു ഗോവിന്ദച്ചാമിയെന്നാണ് ഹിതേഷ് ശങ്കർ പറയുന്നത്.
ഇത് വ്യക്തമാക്കാൻ അറസ്റ്റിലായ ഗോവിന്ദച്ചാമിയെ പരിശോധിച്ചപ്പോഴുണ്ടായ അനുഭവവും അദ്ദേഹം വിവരിക്കുന്നുണ്ട്. 'പൊലീസുകാരെ മുഴുവൻ പുറത്താക്കി ലാബ് ജീവനക്കാരുൾപ്പെടെ കുറച്ചുപേർമാത്രമാണ് പരിശോധനാമുറിയിൽ ഉണ്ടായിരുന്നത്. പരിശോധനയുടെ ഭാഗമായി വനിതാ ലാബ് ടെക്നീഷ്യൻ രക്തം ശേഖരിക്കുന്നതിനായി അയാളുടെ കൈയിൽ സ്പർശിച്ചു. ആ ഒരൊറ്റ സ്പർശനം കൊണ്ടുതന്നെ അയാൾക്ക് ഉത്തേജനം ഉണ്ടായെന്ന് വ്യക്തമായി. സാധാരണ ഒരാൾക്ക് ഇങ്ങനെ ഉണ്ടാവില്ല.
പ്രതിക്ക് ഒരു പെൺകുട്ടിയെ ശാരീരികമായി കീഴ്‌പ്പെടുത്താൻ കഴിവുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയായി ഞാൻ ഇക്കാര്യം രേഖപ്പെടുത്തി. സംഭവദിവസം നടന്ന കാര്യങ്ങൾ എല്ലാം ഗോവിന്ദച്ചാമി വിശദമായി പറയുകയും ചെയ്തു. ബാഗ് തട്ടിപ്പറിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പിടിവലി നടത്തിയപ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ പലയിടത്തും സ്പർശിച്ചു. അതോടെ മോഷണത്തിന് അപ്പുറത്തേക്ക് കാര്യങ്ങൾ പോവുകയായിരുന്നു. ഈ പറഞ്ഞ കാര്യങ്ങളും ഞാൻ രേഖപ്പെടുത്തി. ഇതെല്ലാം പ്രതിക്ക് ശിക്ഷലഭിക്കുന്നതിൽ നിർണായകമായി'.
ഗോവിന്ദച്ചാമിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ ഒന്നാം നിലയിൽ ആണ് പാർപ്പിക്കുന്നത്. ചുറ്റും നിരീക്ഷണ ക്യാമറകളുളള GF 1 ലേക്കാണ് പ്രതിയെ മാറ്റിയിരിക്കുന്നത്. കൂടെ ഒരു തടവുകാരനെ പാർപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഗാഡ്റൂമിന്റെയും ഉദ്യോഗസ്ഥരുടെയും റൂമുകൾക്കരിലാണ് പുതിയ സെൽ. ഗോവിന്ദസ്വാമിയെ നിരീക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഗോവിന്ദച്ചാമിയെ ഇന്ന് രാവിലെയാണ് കണ്ണൂരിൽ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയതിന് പിന്നാലെയാണ് ജയില്‍മാറ്റം. അതീവ സുരക്ഷയിലായിലാണ് വിയ്യൂരിൽ എത്തിച്ചത്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തില്‍ കയറ്റിയത്. പ്രതിഷേധ സാധ്യത കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്. അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുകയെന്ന തീരുമാനത്തിലേക്ക് ഇന്നലെ തന്നെ എത്തിയിരുന്നു.
https://www.facebook.com/Malayalivartha