പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് അറസ്റ്റില്‍

വാഹന പരിശോധനയ്ക്കിടെ താമരശ്ശേരിയില്‍ പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി ഷഫീഖാണ് പിടിയിലായത്. ഇയാളുടെ വാഹനത്തില്‍ നിന്നും പൊലീസ് എംഡിഎംഎ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് താമരശ്ശേരി ചുരത്തിനടുത്ത് വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട ഷഫീഖ് ചുരത്തിലെ ഒമ്പതാം വളവില്‍ നിന്ന് കൊക്കയിലേക്ക് ചാടിയത്. അപടകടകരമായ കൊക്കയിലേക്ക് ചാടി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പൊലീസിന്റെ കണ്ണില്‍പ്പെട്ട ഉടനെ ഇയാള്‍ കൊക്കയിലേക്ക് ചാടുകയും പിന്നീട് എഴുന്നേറ്റ് നടക്കുകയും ചെയ്യുന്നത് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു. താമരശ്ശേരി പൊലീസും വൈത്തിരി പൊലീസ് സംഘവും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കാടു മൂടിയ പ്രദേശമായതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനു പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തി റോഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തിയിട്ടും പ്രതിയെ കണ്ടെത്താനായില്ല. ചുരത്തിലെ മറ്റേതെങ്കിലും വാഹനത്തില്‍ കയറി ഇയാള്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു പൊലീസിന്റെ ആശങ്ക. എന്നാല്‍ ഇന്ന് രാവിലെ വൈത്തിരിക്ക് അടുത്തുള്ള ഓറിയന്റല്‍ കോളേജിന് പിന്‍വശത്തെ കാടിനുള്ളില്‍ നിന്ന് ഒരാള്‍ പരിക്കുകളോടെ ഇറങ്ങി വരുന്നുണ്ടെന്ന് പ്രദേശവാസികള്‍ കാണുകയും, വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കൊക്കയില്‍ ചാടിയത് ഷഫീഖ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വാഹന പരിശോധന നടത്തിയപ്പോള്‍ പായ്ക്കറ്റുകളിലാക്കി എംഡിഎംഎ സൂക്ഷിച്ചിരിക്കുന്നതും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പരിക്കേറ്റിട്ടുള്ളതിനാല്‍ ഷഫീഖിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























