സി.കൃഷ്ണ കുമാർ പീഡിപ്പിച്ചെന്ന് യുവതി; ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ക്കും ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിക്കും ഇക്കാര്യം അറിയാമെന്ന് സന്ദീപ് വാര്യർ

ബിജെപി വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നൽകിയത്. സി.കൃഷ്ണകുമാറിന്റെ അടുത്ത ബന്ധു കൂടിയായ യുവതി ഇന്നലെയാണ് രാജീവ് ചന്ദ്രശേഖറിനു പരാതി ഇ മെയിലിൽ അയച്ചത്. അതേസമയം, കുടുംബത്തിലെ സ്വത്തു തർക്കത്തിന്റെ ഭാഗമാണു പരാതി എന്നാണ് സി.കൃഷ്ണകുമാറിന്റെ പ്രതികരണം. താൻ തെറ്റ് ചെയ്തില്ലെന്ന് കണ്ടെത്തിയ കോടതി 2023ൽ അനുകൂലമായ വിധി പുറപ്പെടുവിച്ചെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങൾക്കു മുൻപ് കൃഷ്ണകുമാർ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പരാതി ലഭിച്ചുവെന്നും നടപടി സ്വീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസ് പരാതിക്കാരിയെ അറിയിച്ചിട്ടുണ്ട്. ബിജെപി ഭാരവാഹിത്വത്തിൽ തുടരാൻ കൃഷ്ണകുമാറിന് യാതൊരു അർഹതയുമില്ലെന്ന് പരാതിയിൽ പറയുന്നു. ഏറെ നാളുകളായി മനസ്സിൽ പേറുന്ന ദുഃഖം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കത്തെഴുതുന്നതെന്നും കൃഷ്ണകുമാറിന് എതിരെ നടപടി സ്വീകരിക്കണമെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. പിതാവിന്റെ ചികിത്സാർഥം രാജീവ് ചന്ദ്രശേഖർ ബെംഗളൂരുവിൽ ആണെന്നും തിരിച്ചെത്തിക്കഴിഞ്ഞു തുടർനടപടി സ്വീകരിക്കുമെന്നുമാണ് ഓഫിസ് മറുപടി നൽകിയിരിക്കുന്നത്.
എന്തായാലും ഇതാണോ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ദേശിച്ച ബോംബ് എന്ന കാര്യത്തിൽ വ്യക്തതയില്ല.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നതിന് ശേഷമാണ് ഈ പരാതി രാജീവ് ചന്ദ്രശേഖറിന് കിട്ടിയത്. പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചും പരാമർശമുണ്ട്. രാഹുലിനെ കൃഷ്ണകുമാർ വിമർശിക്കുന്നുണ്ട്. എന്നാൽ തന്നോട് മോശമായി പെരുമാറിയ ആൾക്ക് അത്തരമൊരു വിമർശനമുന്നയിക്കാൻ എന്താണ് അർഹതയെന്ന് യുവതി ചോദിക്കുന്നുണ്ട്.
ആർഎസ്എസിന്റെ മുതിർന്ന നേതാവ് ഗോപാലൻകുട്ടി മാസ്റ്റർക്ക് പരാതിയെക്കുറിച്ച് എല്ലാം അറിയാമെന്നും അദ്ദേഹത്തിന്റെ മുന്നിൽ പൊട്ടിക്കരഞ്ഞാണ് യുവതി എല്ലാം പറഞ്ഞതെന്നും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. 'നടപടി എടുക്കുമെന്ന് യുവതിയോടു വാക്കു പറഞ്ഞതാണ്. എന്നാൽ അതു പാലിച്ചില്ല. എളമക്കരയിലെ ആർഎസ്എസ് കാര്യാലയത്തിൽ എത്തിയാണ് യുവതി പരാതി അറിയിച്ചത്. സ്ത്രീകളുടെ അവകാശത്തിനായി പൊരുതുന്ന ശോഭാ സുരേന്ദ്രനുമായും യുവതി ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നു. കൃഷ്ണകുമാറിനെ സംരക്ഷിക്കാൻ വേണ്ടി അവർ നുണ പറയുമോ എന്ന് എനിക്കറിയില്ല. സുരേഷ് ഗോപിക്കും ഇക്കാര്യങ്ങൾ എല്ലാം അറിയാം. അവർ മൂന്നു പേരും പ്രതികരിക്കട്ടെ. ഇക്കാര്യങ്ങൾ ഇനി മറച്ചുവയ്ക്കാൻ കഴിയില്ല. കുടുംബത്തിന് അകത്തുണ്ടായ പീഡനമാണെങ്കിൽ അതിന് ഗൗരവമില്ലെന്നാണോ പറയുന്നത്? ലൈംഗികപീഡന പരാതി കോടതിയുടെ മുന്നിൽ വന്നിട്ടില്ല. ബിജെപിയിൽ ഉണ്ടായിരുന്ന സമയത്ത് എനിക്കും സംസ്ഥാന നേതൃത്വത്തിനും ആർഎസ്എസ് നേതൃത്വത്തിനും കൃത്യമായ ബോധ്യമുള്ള കാര്യമാണിത്.' - സന്ദീപ് പറഞ്ഞു.
https://www.facebook.com/Malayalivartha