താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍

താമരശ്ശേരി ചുരത്തില്‍ കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞു.സ്ഥലത്ത് വീണ്ടും മണ്ണ് ഇടിഞ്ഞതോടെ ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകുമെന്നാണ് വിവരം.പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകുകയാണ്. ചുരത്തില്‍ മണ്ണിടിഞ്ഞ ഭാഗത്ത് കനത്ത കോട മഞ്ഞാണുള്ളത്.
ഇപ്പോഴും ചുരത്തിലൂടെ പോകുന്നതിനായി ലക്കിടി ഭാഗത്തടക്കം നിരവധി വാഹനങ്ങളാണ് കാത്തുകിടക്കുന്നത്. നിലവില്‍ മണ്ണിടിഞ്ഞ ഭാഗത്തെ റോഡിലേക്ക് പതിക്കാന്‍ സാധ്യതയുള്ള അടര്‍ന്നുനില്‍ക്കുന്ന പാറക്ഷണങ്ങളും മണ്ണും ഫയര്‍ഫോഴ്‌സ് വെള്ളം അടിച്ച് താഴേക്ക് എത്തിക്കുകയാണ്. ഇനിയും പാറക്ഷണങ്ങള്‍ താഴേക്ക് വീഴാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വെള്ളം പമ്പ് ചെയ്യുന്നത്.
20 മണിക്കൂറിലധികമായി താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. മണ്ണും കല്ലും മാറ്റുന്നതിന് വേഗതയില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. വൈത്തിരിയില്‍ രാവിലെ മുതല്‍ കാത്തുനില്‍ക്കുന്നത് നിരവധിപേരാണ്. രണ്ടോ മൂന്നോ വാഹനങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.നേരത്തെ ഉച്ചയോടെ ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാമെന്നായിരുന്നു കണക്കുക്കൂട്ടിയിരുന്നത്. പാറയും മണ്ണും നീക്കം ചെയ്തശേഷം സുരക്ഷാ പരിശോധന കൂടി പൂര്‍ത്തിയാക്കിയശേഷം മാത്രമായിരിക്കും ഗതാഗതം പുനസ്ഥാപിക്കുകയുള്ളുവെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു
മണ്ണിടിഞ്ഞ സ്ഥലത്ത് വനംവകുപ്പ് തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി. ജിയോളജിസ്റ്റ് ,ദേശീയപാത അതോറിറ്റി അധികൃതരും മലയുടെ മുകളില്‍ പരിശോധന നടത്തി. നിലവില്‍ ആംബുലന്‍സ് പോലുള്ള ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ മാത്രമേ കടത്തിവിടുന്നുള്ളു. ഇന്നലെ വൈകിട്ട് 7. 10 ഓടുകൂടിയാണ് ഒമ്പതാം വളവിലെ വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞുവീണത്. സാവധാനമാണ് മണ്ണിടിച്ചിലുണ്ടായത് എന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് നിഗമനം.
ഗതാഗത കുരുക്കിനെ തുടര്‍ന്ന് അടിവാരത്തു നിന്നും ചുരത്തിലേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നത് ആദ്യം നിര്‍ത്തി. വയനാട്ടിലേക് പോകേണ്ട വാഹനങ്ങള്‍ കുറ്റിയാടി ചുരം വഴി പോകണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. തുടര്‍ന്ന് കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ജില്ലാകളക്ടര്‍ ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha