ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റിയതില്‍ സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റിയതില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നതാണ്. ജസ്റ്റിസുമാരായ വി രാജ, വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സ്വര്‍ണപ്പാളികള്‍ തിരികെയെത്തിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വര്‍ണപ്പാളികളില്‍ ഇലക്ട്രോപ്‌ളേറ്റിംഗ് തുടങ്ങിക്കഴിഞ്ഞതിനാല്‍ ചെന്നൈയില്‍ നിന്ന് ഇപ്പോള്‍ തിരികെയെത്തിക്കുന്നത് അസാദ്ധ്യമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കും.
സ്വര്‍ണം പൂശുന്ന രാസപ്രക്രിയയായ ഇലക്ട്രോപ്‌ളേറ്റിംഗ് സന്നിധാനത്തുവച്ച് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. സ്പോണ്‍സര്‍ ചെയ്ത വ്യക്തിയുടെ സൗകര്യാര്‍ത്ഥമാണ് അറ്റകുറ്റപ്പണികള്‍ക്കായി സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കും.
ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ എന്ന മലയാളി ഭക്തനാണ് സ്വര്‍ണപ്പാളികള്‍ സമര്‍പ്പിച്ചത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനമാണ് 2019 ല്‍ ഇത് പണിതു നല്‍കിയത്. 40 വര്‍ഷത്തെ വാറന്റിയുണ്ടായിരുന്നു. സോപാനത്തിലേക്ക് ഭക്തര്‍ നാണയങ്ങള്‍ വലിച്ചെറിയുമ്പോള്‍ ഈ ശില്പങ്ങളില്‍ വന്നുകൊണ്ട് സ്വര്‍ണപ്പാളികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടായിരുന്നു. അതു പരിഹരിക്കണമെന്ന് തന്ത്രിമാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
2023 മുതല്‍ ഉന്നയിക്കുന്ന ഈ ആവശ്യം പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്. കേടുപാട് പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ തിരുവാഭരണം കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha





















