ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍

കണ്ണൂരില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍. പഴയങ്ങാടി പള്ളിക്കരയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കള്‍ പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു. 'കണ്ണൂര്‍ പഴയങ്ങാടി പള്ളിക്കരയില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് യുവാക്കള്‍. നന്ദി' എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവച്ചത്.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാക്കളെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. തൊണ്ടയില്‍ ചൂയിംഗം കുടുങ്ങിയ സമയത്ത് അടുത്തുണ്ടായിരുന്നവരോട് സഹായം തേടാന്‍ പെണ്‍കുട്ടിക്ക് തോന്നിയ ബുദ്ധിയേയും മനസാന്നിദ്ധ്യം വിടാതെ വിഷയം കൈകാര്യം ചെയ്ത യുവാവിനെയും ഒരുപോലെ പ്രശംസിക്കുന്നുണ്ട്.
റോഡ് സൈഡില്‍ വാഹനം നിര്‍ത്തി പച്ചക്കറി വണ്ടിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പരസ്പരം സംസാരിച്ച് നില്‍ക്കുകയായിരുന്നു യുവാക്കള്‍. ഇതേസമയം റോഡിന്റെ മറുവശത്ത് ചെറിയ സൈക്കിളുമായി നില്‍ക്കുന്ന പെണ്‍കുട്ടി ചൂയിംഗം വായില്‍ ഇടുന്നുതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ അല്‍പനേരത്തിനുള്ളില്‍ ബുദ്ധിമുട്ട് തോന്നിയ പെണ്‍കുട്ടി യുവാക്കളുടെ അടുത്തേക്ക് സൈക്കിളില്‍ സഹായം തേടുകയായിരുന്നു. പെട്ടെന്ന് തന്നെ യുവാക്കളിലൊരാള്‍ കുട്ടിയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha