കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

ഗസ്സ സിറ്റിയിൽ വ്യോമ, കരയാക്രമണം കൂടുതൽ ശക്തമാക്കി ഇസ്രായേൽ. ഇന്നലെ മാത്രം 83പേരെയാണ് ഇസ്രായേൽ കൊന്നുതള്ളിയത്. കരയാക്രമണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ ലക്ഷക്കണക്കിന് ഫലസ്തീൻകാർ കൂട്ടപലായനം തുടരുകയാണ്. ഇന്നലെ കൊല്ലപ്പെട്ട 83 പേരില്‍ 61ആളുകള്‍ ഗസ്സ സിറ്റിയിലുള്ളവരാണ്. ഗസ്സ യുദ്ധം രണ്ട് വർഷം തികയാനിരിക്കെ, ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളടെ എണ്ണം 65,000 കടന്നു. ഗസ്സ സിറ്റിയിൽ നിന്നും പുറത്തുകടക്കാൻ സലാഹ്-അൽ ദിൻ തെരുവിലൂടെയുളള പുതിയൊരു റൂട്ട് ഇസ്രായേൽ തുറന്ന് നൽകി.
ഇന്ന് കൂടി ഇതുവഴി യാത്ര അനുവദിക്കുമെന്ന് ഇസ്രായേൽ ഭരണകൂടം അറിയിച്ചു. കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികളാണ് നഗരം വിട്ട് പലായനം ചെയ്യുന്നത്. വടക്കൻ ഗസ്സയിലേക്കുള്ള ഏക ക്രോസിങും ഇസ്രായേൽ അടച്ചതോടെ ആയിരങ്ങൾ പട്ടിണിയുടെ പിടിയിലമരുമെന്ന് യുഎൻ ഏജൻസികൾ അറിയിച്ചു.
ഇതിനിടെ ഇസ്രായേലിനുള്ള വ്യാപാര ഇളവുകൾ പുന:പരിശാധിക്കമെന്ന് യൂറോപ്യൻ യൂനിയൻ മുന്നറിയിപ്പ് നൽകി. ഗസ്സയിലെ സിവിലിയൻ കുരുതി ഉടൻ നിർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. യൂറോപ്യൻ നഗരങ്ങളിലും മറ്റും വ്യാപക പ്രക്ഷോഭ പരിപാടികൾ തുടരുകയാണ്.
അതേസമയം ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ ആയിരക്കണക്കിന് വിദ്യാർഥികളും തെരുവിലിറങ്ങി. വെടിനിർത്തൽ ചർച്ച പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ലണ്ടനിൽ അമേരിക്കൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫും ഇസ്രായേൽ മന്ത്രി റോൺ ഡെർമറും ചർച്ച നടത്തിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha