നീണ്ട ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് വേദിയിലെത്തി ശശി തരൂര്‍

സംസ്ഥാനത്ത് കോണ്‍ഗ്രസ് വേദിയിലെത്തി പാര്‍ട്ടി എംപിയും പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂര്‍. പിണറായി സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പരിപാടിയിലാണ് തരൂര്‍ പങ്കെടുത്തത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുടെ ക്ഷണപ്രകാരമാണ് തരൂര്‍ എത്തിയതെന്നാണ് വിവരം.
ഓപ്പറേഷന്‍ സിന്ദൂരിലടക്കം നരേന്ദ്രമോദിയെ നിരന്തരം പ്രശംസിച്ച ശശി തരൂര്‍ നേതൃത്വത്തിന് അനഭിമതനായിരുന്നു ഏറെ നാളായി. നിലന്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ താരപ്രചാരകരുടെ പട്ടികയിലുണ്ടായിരുന്ന തരൂരിനെ അവിടെ വോട്ടു പിടിക്കാന്‍ പ്രത്യേകം ആരും വിളിച്ചില്ല. ഇതെല്ലാം തരൂരും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച കൂട്ടി.
തിരുവനന്തപുരത്തെ പരിപാടികളിലേയ്ക്ക് തരൂരിനെ വിളിക്കില്ലെന്ന് കെ.മുരളീധരന്‍ തുറന്നു പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു . എന്നാല്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് അടക്കം രാഹുല്‍ ഗാന്ധി വിളിച്ച യോഗങ്ങളില്‍ തരൂര്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് എത്തിയ തരൂര്‍ രാജ്ഭവന്‍ പുറത്തിറക്കുന്ന ത്രൈമാസിക പ്രകാശന ചടങ്ങില്‍ കഴിഞ്ഞ ദിവസം പങ്കെടുത്തു. ദില്ലിയിലേയ്ക്ക് മടങ്ങാനിരുന്ന തരൂരിനെ മഹിളാ കോണ്‍ഗ്രസ് നടത്തിയ കേരള യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടെന്നാണ് വിവരം. ഇതോടെയാണ് തരൂര്‍ കോണ്‍ഗ്രസ് വേദിയിലെത്തിയത്.
https://www.facebook.com/Malayalivartha





















