ശബരിമലയിൽ സ്‌പോൺസർ കള്ളം പറഞ്ഞത് എന്തിന് ? സ്വർണ്ണം സൂക്ഷിക്കുന്നത് ചാക്കിൽ കെട്ടി ; രജിസ്റ്ററിൽ പലതിന്റെയും കണക്കില്ല

ശബരിമലയിലെ തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കെ.ടി.ശങ്കരനെ നിയമിക്കുന്നു. അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും ഹൈക്കോടതിക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ശബരിമലയിലെ ആഭരണങ്ങളടക്കം വിലപ്പെട്ട വസ്തുക്കളുടെ കണക്കെടുപ്പ് നടത്താനും പട്ടിക തയാറാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.
ശബരിമലയില്‍ ദ്വാരപാലക ശില്പങ്ങള്‍ക്ക് സമര്‍പ്പിച്ച സ്വര്‍ണംപൂശിയ താങ്ങുപീഠങ്ങള്‍ കണ്ടെത്തിയെങ്കിലും സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നീക്കങ്ങളില്‍ അടിമുടി ദുരൂഹതയാണ്. ശബരിമലയില്‍ പീഠങ്ങള്‍ നല്‍കിയെന്നും അവിടെനിന്ന് കാണാതായെന്നുമായിരുന്നു ഉണ്ണികൃഷ്ണന്റെ പരാതി. ഈ ദുരൂഹത അടക്കം റിട്ട. ജഡ്ജി ജസ്റ്റീസ് കെ.ടി.ശങ്കരന്‍ പരിശോധിക്കും. എന്നാൽ കാണാതായെന്നു പറഞ്ഞ പീഠങ്ങൾ ഉണ്ണികൃഷ്ണന്റെ സഹോദരിയുടെ വീട്ടിൽനിന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി ഇതോടെ എന്തിന് കള്ളം പറഞ്ഞെന്നാണ് ഉയരുന്ന ചോദ്യം.സഹായി വാസുദേവന്റെ കൈവശമായിരുന്നു പീഠങ്ങളെന്നത് മറന്നുപോയെന്ന് ഉണ്ണികൃഷ്ണൻ പറയുന്നതും അവിശ്വസനീമാണ് . ശ്രീകോവിലിനു മുന്നിലെ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്പ്പങ്ങളും പീഠങ്ങളും മുന്‍കൂര്‍ അനുമതിയില്ലാതെ ഇളക്കിമാറ്റി അറ്റകുറ്റപണിക്കായി ചെന്നൈക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജിയാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്.
ആറന്മുള സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുന്ന ശബരിമലയിലെ സ്വർണം ഉൾപ്പെടെയുള്ളവയുടെ സൂക്ഷിപ്പുകാരൻ തിരുവാഭരണം കമ്മിഷണറാണ്. വഴിപാടായി കിട്ടുമ്പോഴും വിശേഷദിവസങ്ങളിൽ പൂജയ്ക്ക് കൊണ്ടുപോകുമ്പോഴും അറ്റകുറ്റപ്പണിക്കു നൽകുമ്പോഴും തൂക്കം ഉൾപ്പെടെയുള്ളവ മഹസറായി രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം ഭക്തർ സമർപ്പിക്കുന്ന സ്വർണമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ കണക്കും രജിസ്റ്ററുമില്ലാതെ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നത് ചാക്കിൽകെട്ടി. ഭക്തർ നൽകുന്ന ആഭരണങ്ങളും സ്വർണനാണയങ്ങളും സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിലുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കി. ഇവ ലോക്കറിലും ചാക്കിൽക്കെട്ടിയും സ്ട്രോംഗ് റൂമിൽ വച്ചിട്ടുണ്ട്. എന്നാൽ, കൊടിമര, ദ്വാരപാലക ശില്പഭാഗങ്ങളുടെയും പീഠങ്ങളുടെയും വിവരം രജിസ്റ്ററിലില്ല. 11999ല്‍ ശ്രീകോവില്‍ മേല്‍ക്കൂരയടക്കം മോടിയാക്കുന്നതിന് എത്ര സ്വര്‍ണം ഉപയോഗിച്ചുവെന്നതും രേഖകളിലില്ലെന്ന് വിജിലന്‍സ് അറിയിച്ചു.. 30 കിലോയിലധികം സ്വർണം വേണ്ടി വന്നുവെന്നാണ് മേസ്തിരിമാർ പറഞ്ഞത് എന്നാണ് അറിയുന്നത് . രത്നങ്ങളും വൈരക്കല്ലുകളും പതിച്ച കിരീടവും, ആഭരണങ്ങളും സ്വർണം, വെള്ളി ദണ്ഡുകളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഭക്തർ സമർപ്പിക്കുന്നത്. ഏഴു ദിവസത്തിനകം മൂല്യം കണക്കാക്കി ഇൻഷ്വർചെയ്ത് സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റണമെന്നാണ് ചട്ടം. മരാമത്ത് അസി.എൻജിനിയറുടെയും വിജിലൻസ് ഉദ്യോഗസ്ഥരുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സാന്നിദ്ധ്യത്തിലാകണം മൂല്യം നിർണയം. എന്നാൽ ഇത് ഒന്നും പാലിക്കപ്പെട്ടിട്ടില്ല . 16 ഇടങ്ങളിലാണ് ദേവസ്വം ബോർഡിന്റെ സ്ട്രോംഗ് റൂമുകൾ. സ്വർണപ്പാളി കേസിൽ സ്പോൺസറുടെ ഇ-മെയിലിൽ പരാമർശിക്കുന്ന പഴയ ദ്വാരപാലക ശില്പങ്ങളും പീഠവും സ്ട്രോംഗ്‌റൂമിൽ കണ്ടെത്താനായില്ലെന്നും വിജിലൻസ്. രജിസ്റ്ററിൽ ഇതിന്റെ വിവരങ്ങളുമില്ല.
ഒക്ടോബര്‍ 17ന് ശ്രീ കോവിലിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ശബരിമലയിൽ പുനസ്ഥാപിക്കും. പുനസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികള്‍ പുനസ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 17ന് നട തുറന്ന ശേഷമാകും സ്വര്‍ണം പൂശിയ പാളികള്‍ ദ്വാരപാലക ശില്‍പങ്ങളില്‍ പുനസ്ഥാപിക്കുന്നത്. ശ്രീകോവിലിന്റെ വാതിലുകളുടെയും കമാനത്തിന്റെയും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടികള്‍ക്കും ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















