ദലിത് സഹോദരിമാരെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പൂവാർ ഹരിജൻ പീഡന കേസ്: 3 പേരെ ഹാജരാക്കാൻ പോക്സോ കോടതി ഉത്തരവ്

പ്രായപൂർത്തിയാകാത്ത പട്ടികജാതി സഹോദരിമാരെ കാറിൽ തട്ടിക്കൊണ്ടുപോവുകയും അതിൽ ഒരു കുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത പൂവാർ ഹരിജൻ പീഡന കേസിൽ 3 പേരെ ഹാജരാക്കാൻ തലസ്ഥാന പോക്സോ കോടതി ഉത്തരവിട്ടു. പോക്സോ വകുപ്പും പട്ടികജാതി/പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമ വകുപ്പുകളും ചേർത്ത് കേസെടുത്ത ജഡ്ജി എ.പി. ഷിബു പ്രതികളെ ഒക്ടോബർ 10 ന് ഹാജരാക്കാൻ ഉത്തരവിട്ടു. ഒന്നു മുതൽ മൂന്നു വരെ പ്രതികളായ കണ്ണറവിള സ്വദേശികളായ ആദർശ് (22), പെരിങ്ങമ്മല സ്വദേശി അനുരാഗ് (22), കണ്ണറവിള സ്വദേശി അഖിൽ (21) എന്നിവരെയാണ് ഹാജരാക്കേണ്ടത്. ഇളയ പെൺകുട്ടിയുടെ മുന്നിലാണ് പ്രതികൾ മൂത്തപെൺകുട്ടിക്ക് നേരെ അതിക്രമം കാട്ടിയതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് ആദർശ് 16കാരിയുമായി അടുപ്പത്തിലായത്.
തുടർന്ന് പെൺകുട്ടിയുടെ ജന്മദിന ദിവസം രാത്രിയിൽ സംഘം കാറിൽ വീട്ടിലെത്തുകയും ജന്മദിനാഘോഷം നടത്തി സമ്മാനം വാങ്ങി നൽകാമെന്നു പറഞ്ഞ് വീട്ടികാരറിയാതെ ഇളയ കുട്ടിയോടൊപ്പം കാറിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു. 2024 ഒക്ടോബർ 28ന് രാത്രി 12.30ന് ആണ് സംഘം പെൺകുട്ടികളെ കാറിൽ കയറ്റിയത്. തുടർന്ന് 3 വരെ പൂവാർ പരിസരത്തു കൂടെ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഘം 16കാരിയെ പീഡനത്തിനിരയാക്കിയത്. വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം വൈകിയെന്നാണ് ബന്ധുക്കളുടെ പരാതി.
പൂവാർ പൊലീസിന്റെ അന്വഷണത്തിൽ വീഴ്ചയുണ്ടെന്നും സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നും അതിജീവിതയുടെ വിവരങ്ങൾ പുറത്തറിയുന്ന വിധത്തിൽ പ്രവർത്തിച്ചു എന്നും ആരോപണം ഉയർന്നതിനെത്തുടർന്ന് കേസ് അന്വഷണം നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാക്കുകയായിരുന്നു. 2024 നവംബർ 26 ന് നടന്ന സംഭവത്തിൽ ഒക്ടോബർ 31 നാണ് പൂവാർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസ് കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നും ആരോപണം ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha





















