ദേവസ്വം ഉദ്യോഗസ്ഥര്‍ വലയിലായിത്തുടങ്ങി: ശബരിമലയിലെ പൂഴ്ത്തിവച്ചിരുന്ന രേഖകള്‍ ഓരോന്നായി അന്വേഷണസംഘം പൊക്കുന്നു

വിജയ്മല്യ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകള്‍ ബോര്‍ഡ് പൂഴ്ത്തിവച്ചിരുന്നത് ഇന്നലെ അന്വേഷണ സംഘം പിടിച്ചെടുത്തു. 420 പേജുകളുള്ള രേഖ ദേവസ്വം ആസ്ഥാനത്ത് നിന്നാണ് ബലമായി പിടിച്ചെടുത്തത്. രേഖകള്‍ കാണാനില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് 24 കാരറ്റ് സ്വര്‍ണം ഇറക്കുമതി ചെയ്തതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. മരാമത്ത് ചീഫ് എന്‍ജിനീയര്‍ ഓഫീസിലെ പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് കണ്ടെടുത്തത്. രാത്രി വൈകിയും ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന നടത്തുകയാണ്.
അതിനിടെ, കിലോക്കണക്കിന് സ്വര്‍ണം കൊള്ളയടിക്കാന്‍ ഒത്താശ ചെയ്ത കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ വലയിലായിത്തുടങ്ങി. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. മൂന്നാം പ്രതിയായ സുധീഷിനെ അറസ്റ്റ് ചെയ്‌തേക്കും. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സൂചന. ഇന്നലെ ഉച്ചമുതല്‍ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
കസ്റ്റഡിയിലുള്ള സുധീഷാണ് സ്വര്‍ണം പൂശാന്‍ ദ്വാരപാലക ശില്പങ്ങള്‍ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡിലേക്ക് നിയമവിരുദ്ധായ റിപ്പോര്‍ട്ട് നല്‍കിയത്. അതിന് അടിസ്ഥാനമാക്കിയത് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ലഭിച്ച ഇ മെയിലാണ്.
1998-99ല്‍ വിജയമല്യ ശ്രീകോവിലിന്റെ ഏകദേശം മുഴുവന്‍ ഭാഗവും 30.291 കിലോഗ്രാം സ്വര്‍ണം കൊണ്ടു പൊതിഞ്ഞതാണെന്ന് വര്‍ഷങ്ങളായി ശബരിമലയില്‍ ജോലി ചെയ്യുന്ന സുധീഷിന് അറിയാമായിരുന്നു. എന്നിട്ടും തകിടുകള്‍ കൊടുത്തുവിടുന്ന സമയത്ത് തയ്യാറാക്കിയ മഹസറുകളില്‍ വെറും ചെമ്പ് എന്നെഴുതി. അതുവഴി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ അവസരമുണ്ടാക്കിക്കൊടുത്തു.
സ്വര്‍ണക്കൊള്ള നടന്ന സമയത്ത് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ബാബുവിനെ റിമാന്‍ഡ് ചെയ്തു. ഇതിനു പിന്നാലെയാണ് സുധീഷ്‌കുമാറിനെ പൊക്കിയത്.
https://www.facebook.com/Malayalivartha






















