ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി

ഏകാരോഗ്യം (വണ്‍ ഹെല്‍ത്ത്) പരിപാടിയുടെ ഭാഗമായി സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണത്തിന് (ഇീാാൗിശ്യേ ആമലെറ ടൗൃ്‌ലശഹഹമിരല: സി.ബി.എസ്) തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിശദമായ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തദ്ദേശ തലത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യാധിഷ്ഠിത രോഗനിരീക്ഷണ സംവിധാനം അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമാണ്. 4 ജില്ലകളിലെ 266 തദ്ദേശ സ്ഥാപനങ്ങളില്‍ 251 എണ്ണം സി.ബി.എസ് സംവിധാനം നടപ്പിലാക്കുന്നതിന് ഗവേണിങ്ങ് കൗണ്‍സില്‍ തീരുമാനമെടുത്തതിന്റെ ഔദ്യോഗിക രേഖ ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ നാല് ജില്ലകളില്‍ നടപ്പിലാക്കിയ ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
മനുഷ്യരും സസ്യ, ജന്തുജാലങ്ങളും അവയുള്‍പ്പെടുന്ന പരിസ്ഥിതിയും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവയെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള പരിപാടിയാണ് വണ്‍ ഹെല്‍ത്ത്. ഏകാരോഗ്യം പരിപാടിയുടെ ഒരു പ്രധാന ഘടകമാണ് സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണം. പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പകര്‍ച്ചവ്യാധികള്‍ എത്രയും നേരത്തെ കണ്ടെത്തി അവ തടയുകളയും പ്രത്യാഘാതങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണിത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി വേളണ്ടിയര്‍മാരുടെ പങ്കാളിത്തത്തോടെയുള്ള ഒരു സാമൂഹികാധിഷ്ഠിത നിരീക്ഷണ സംവിധാനമായാണ് സിബിഎസ് വിഭാവനം ചെയ്തിരിക്കുന്നത്. സാമൂഹ്യാധിഷ്ഠിത രോഗനിരിക്ഷണ സംവിധാനം വിജയപ്രദമാക്കുന്നതിന് വന്‍തോതിലുള്ള ജനപങ്കാളിത്തം ആവശ്യമാണ്. ഇതിന്റെ ഭാഗമായി മനുഷ്യര്‍, പക്ഷിമൃഗാദികള്‍, പരിസ്ഥിതി എന്നിവയുടെ ആരോഗ്യത്തെ ബാധിക്കാവുന്ന അസ്വാഭാവിക സംഭവങ്ങള്‍ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തി, അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി പ്രാപ്തരാക്കും. ഇത് രോഗ പ്പകര്‍ച്ച തടയുന്നതിനുള്ള അവശ്യ നടപടികള്‍ സ്വീകരിക്കുന്നതിനായി സംവിധാനങ്ങളെ സജ്ജമാക്കുന്നതിന് സഹായിക്കും.
ആദ്യഘട്ടത്തില്‍ ഏകാരോഗ്യം നടപ്പിലാക്കിയ 4 ജില്ലകളില്‍ വാര്‍ഡ് /ഡിവിഷന്‍ അടിസ്ഥാനത്തില്‍ പ്രദേശവാസികളില്‍ നിന്നും 7 കമ്മ്യൂണിറ്റി മെന്റര്‍മാരെയും 49 കമ്മ്യൂണിറ്റി വോളണ്ടിയര്‍മാരെയും വീതം തെരഞ്ഞെടുത്ത് പ്രാഥമികതല പരിശീലനം നല്‍കി വിന്യസിച്ചിട്ടുണ്ട്. ബാക്കിജില്ലകളിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ ഓരോ വാര്‍ഡ്/ഡിവിഷനില്‍ 10 മുതല്‍ 15 വരെ കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ ഉണ്ടാകേണ്ടതാണ്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ടൂള്‍കിറ്റിന്റെ സഹായത്തോടെയായിരിക്കും പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha
























