എംഎല്‍എയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ജ്യോതിപ്രിയ മല്ലിക്കിനെ വീട്ടില്‍ കയറി മര്‍ദിച്ച യുവാവ് അറസ്റ്റില്‍. ഇന്നലെ രാത്രി ഒമ്പത് മണിയോടെ സാള്‍ട്ട് ലേക്ക് പ്രദേശത്തെ എംഎല്‍എയുടെ വീട്ടില്‍ അതിക്രമിച്ച കയറിയാണ് 30കാരനായ അഭിഷേക് ദാസ് ആക്രമണം നടത്തിയത്. പെട്ടെന്ന് എംഎല്‍എയുടെ മുന്നിലേക്ക് ചാടിവീണ പ്രതി അദ്ദേഹത്തിന്റെ അടിവയറ്റില്‍ ഇടിക്കുകയായിരുന്നു.
ഇടിയേറ്റ വേദനയില്‍ ജ്യോതിപ്രിയ ബഹളം വച്ചതോടെ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഓടിയെത്തി യുവാവിനെ പിടികൂടുകയായിരുന്നു. പിന്നീട് ബിധാന്‍നഗര്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹബ്ര പ്രദേശത്തെ താമസക്കാരനാണ് പ്രതി. ഹബ്ര മണ്ഡലത്തിന്റെ എംഎല്‍എയാണ് ജ്യോതിപ്രിയ.
ഒരു ജോലി നല്‍കണമെന്ന് ജ്യോതിപ്രിയ മല്ലിക്കിനോട് പറയാനാണ് താന്‍ എത്തിയതെന്നും ചോദ്യംചെയ്യലില്‍ അഭിഷേക് പൊലീസിനോട് പറഞ്ഞു. എന്നാല്‍, നഗരത്തിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വ്യക്തിയാണ് അഭിഷേകെന്ന് പിന്നീട് കണ്ടെത്തി.
പെട്ടെന്നൊരാള്‍ മുന്നിലേക്ക് ചാടിവീണ് അടിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് ജ്യോതിപ്രിയ പറഞ്ഞു. സംഭവസമയത്ത് അയാള്‍ മദ്യപിച്ചിരുന്നോയെന്ന് അറിയില്ല. ഇതിന് മുമ്പ് അയാളെ കണ്ടിട്ടില്ല. സ്വന്തം മണ്ഡലത്തില്‍ നിന്നുള്ള ആരെങ്കിലും ആക്രമിക്കുമെന്ന് തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ലെന്ന് ജ്യോതിപ്രിയ പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പ് വനംമന്ത്രിയായിരിക്കെ അഴിമതി കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ജ്യോതിപ്രിയയെ അറസ്റ്റ് ചെയ്തിരുന്നു. മുമ്പ് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന കാലത്തുണ്ടായ കേസിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് മല്ലിക്കിനെ സ്ഥാനത്ത് നിന്ന് നീക്കി. പകരം ബിര്‍ബഹ ഹന്‍സ്ഡയെ വനം മന്ത്രിയാക്കി.
https://www.facebook.com/Malayalivartha
























