തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറുന്നു.... തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് സർക്കാർ അംഗീകാരം...

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് സർക്കാർ അംഗീകാരം.പാപ്പനംകോട് നിന്ന് തുടങ്ങി കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചയ്ക്കലിൽ അവസാനിക്കുന്നതാണ് ആദ്യഘട്ടത്തിലുള്ളത്.
തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളെയും ബന്ധപ്പെടുത്തിയിട്ടുണ്ട്. ദൈർഘ്യം 31 കിലോമീറ്റർ. 27 സ്റ്റേഷനുകൾ. കൊച്ചി മെട്രോ തയ്യാറാക്കിയ അലൈൻമെന്റ് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചതോടെ ഗതാഗത വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു.
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തിയാവണം അലൈൻമെന്റെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. ഇത് പരിഗണിച്ച് വിമാനത്താവളത്തിനും കൊച്ചുവേളി റെയിൽവേ സ്റ്റേഷനും സമീപത്തു കൂടിയാണ് അലൈൻമെന്റ് നിശ്ചയിച്ചത്. കഴക്കൂട്ടം, ടെക്നോപാർക്ക്, കാര്യവട്ടം എന്നിവിടങ്ങളിലായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകളുള്ളത്.
ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളുടെ നിർമ്മാണച്ചുമതല അടക്കം കൊച്ചി മെട്രോ റെയിലിന് നൽകിയിട്ടുണ്ട്. ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമ്മാണം പുരോഗമിച്ചു വരുന്നു, വിശദ പദ്ധതിരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തയ്യാറാക്കും. മന്ത്രിസഭായോഗം അംഗീകരിച്ച് കേന്ദ്രാനുമതിക്കായി കൈമാറുകയും ചെയ്യും.
https://www.facebook.com/Malayalivartha

























