ആലുവയിൽ നമ്പർ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാൻ ശ്രമിക്കവെ പൊലീസുകാരന് പരുക്ക്...

നമ്പർ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാൻ ശ്രമിക്കവെ പൊലീസുകാരന് പരുക്കേറ്റു. യുവാവിനെ പിടികൂടാനായി ശ്രമിച്ച ട്രാഫിക് പൊലീസുകാരനെ വലിച്ചിഴച്ചാണ് ബൈക്കുമായി യുവാവ് രക്ഷപ്പെട്ടത്.
ബൈക്കിനെ പിന്തുടർന്ന് പിന്നിൽ പിടിത്തമിട്ടെങ്കിലും പൊലീസുകാരന്റെ ശ്രമം വിഫലമായി. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലുവ പമ്പ് കവലയിൽ വൺവേ തിരിയുന്ന ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ കെ.പി. സെബാസ്റ്റ്യ (48) നെയാണ് ഹെൽമെറ്റ് ധരിച്ചെത്തിയ 20 വയസ്സ് തോന്നിക്കുന്ന യുവാവ് വലിച്ചിഴച്ചത്. പൊലീസുകാരന്റെ യൂണിഫോം കീറിപ്പോകുകയും ചെയ്തു.
മുൻവശത്ത് നമ്പർ പ്ലേറ്റ് കാണാത്തതിനാൽ പൊലീസുകാരൻ ബൈക്കിന് കൈകാണിച്ചു. നിർത്താതെ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് ബൈക്ക് പോയപ്പോൾ തൊട്ടുപിന്നാലെ വന്ന ബൈക്കിൽ പൊലീസുകാരൻ ഈ വാഹനത്തെ പിന്തുടർന്നു. ഈ സമയത്ത് പിന്നിലും നമ്പറില്ലെന്ന് മനസ്സിലായത്.
റെയിൽവേ സ്റ്റേഷനു മുൻപിൽ വെച്ച് നമ്പറില്ലാത്ത വാഹനത്തിന്റെ സീറ്റിന് പിന്നിലെ പൈപ്പിൽ പൊലീസുകാരൻ പിടിച്ചെങ്കിലും യുവാവ് നിർത്താനായി തയ്യാറായില്ല. തുടർന്ന് പൊലീസുകാരനെ വലിച്ചിഴച്ച് പിടിവിടുവിച്ച് ബൈക്ക് മുന്നോട്ടുപോയി. റെയിൽവേ സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരൻ സ്ഥലത്തെത്തിയെങ്കിലും ബൈക്കിനെയും യാത്രക്കാരനെയും പിടികൂടാനായി സാധിച്ചില്ല.
https://www.facebook.com/Malayalivartha
























