ഞെട്ടലോടെ ലോകം... ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു, 279 പേരെ കാണാതായി, വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്ക്; പ്രതി പിടിയിൽ, അഫ്ഗാൻ സ്വദേശിയെന്ന് സംശയം

ഞെട്ടലുളവാക്കുന്ന വാര്‍ത്തകളാണ് വരുന്നത്. ഹോങ്കോങ്ങിലെ തായ്പോ ജില്ലയിലുള്ള പാർപ്പിട സമുച്ചയങ്ങളിലുണ്ടായ വൻ തീപിടിത്തത്തിൽ 44 മരണം. 45 പേരുടെ നില ഗുരുതരമാണ്. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. 279 പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. നിർമാണ കമ്പനിയിലെ മൂന്നു ഉദ്യോഗസ്‌ഥരെ അറസ്‌റ്റു ചെയ്‌തു.
വാങ് ഫുക് കോർട്ട് ഹൗസിങ് കോംപ്ലക്സിലെ 32 നിലക്കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. മുളകൊണ്ടുള്ള മേൽത്തട്ടിയിൽ തീ പിടിച്ചാണു ദുരന്തം. 8 ടവറുകളിലായി 2,000 പേർ താമസിക്കുന്ന പാർപ്പിടസമുച്ചയമാണിത്. രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് സംഭവം.
കെട്ടിടങ്ങളുടെ മുകൾനിലകളിലുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഏറ്റവും ഉയർന്ന ‘ലെവൽ 5’ തീപിടിത്തമായി പരിഗണിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടും. നിരവധി പാർപ്പിട സമുച്ചയങ്ങൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മേഖലയിലാണിത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് ആദ്യം തീപടർന്നത്. ഇതു കെട്ടിടത്തിലേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. മുപ്പതു വർഷത്തിനിടയിൽ ഹോങ്കോങ്ങിലെ ഏറ്റവും വലിയ തീപിടിത്തമാണിതെന്ന് അധികൃതർ പറഞ്ഞു. 1996 നവംബറിൽ കൗലൂൺ ജില്ലയിലെ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേരാണ് മരിച്ചത്.
അതേസമയം യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്കേറ്റു. നാഷനൽ ഗാർഡ്സ് അംഗങ്ങളായ ഇരുവരും പശ്ചിമ വിർജീനിയ സ്വദേശികളാണ്. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇയാൾക്കും പരുക്കുണ്ട്. പ്രതി അഫ്ഗാൻ സ്വദേശിയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
വെടിവയ്പ്പിനെ തുടർന്ന് വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് സുരക്ഷ ശക്‌തമാക്കുകയും ചെയ്‌തു. വെടിവയ്പ് നടക്കുമ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിൽ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു. നാഷനല്‍ ഗാര്‍ഡ് സൈനികർക്കു നേരെ നടന്ന വെടിവയ്പ്പ് പശ്ചിമ വിർജീനിയ ഗവർണർ പാട്രിക് മോറിസി സ്‌ഥിരീകരിച്ചു.
അതസമയം ഫിഫയെ വെല്ലുവിളിച്ച് ബദൽ ലോകകപ്പ് ടൂർണമെന്റ് നടത്താൻ റഷ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2026ൽ യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിനൊപ്പം സമാന്തര ലോകകപ്പ് നടത്താൻ റഷ്യയ്ക്ക് പദ്ധതിയുണ്ടെന്നാണ് അഭ്യൂഹം. യുക്രെയ്നിലെ സൈനിക നടപടിയെ തുടർന്ന് 2022 ഫെബ്രുവരി മുതൽ റഷ്യയ്ക്ക് ഫിഫയുടെയും യുവേഫയുടെയും എല്ലാ മത്സരങ്ങളിലും വിലക്കുണ്ട്.
കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി യുവേഫയ്ക്ക് പുറത്തുള്ള ടീമുകളുമായി സൗഹൃദ മത്സരങ്ങൾ മാത്രമാണ് റഷ്യ കളിക്കുന്നത്. 2018ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലാണ് റഷ്യ അവസാനമായി ഒരു ഫിഫ ടൂർണമെന്റിൽ പങ്കെടുത്തത്. ഇതിനെ തുടർന്നാണ് കടുത്ത നീക്കത്തിന് റഷ്യ ഒരുങ്ങുന്നത്.
2026ലെ ലോകകപ്പ് നടക്കുന്ന അതേ സമയത്ത് റഷ്യയിൽ ഒരു സമാന്തര രാജ്യാന്തര ടൂർണമെന്റ് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഫിഫ ലോകകപ്പിന് യോഗ്യത നേടാനാകാത്ത ടീമുകളായിരിക്കും പങ്കെടുക്കുക. നൈജീരിയ, കാമറൂൺ, ചൈന, ഗ്രീസ്, സെർബിയ, ചിലെ, പെറു, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളെ റഷ്യ ക്ഷണിച്ചേക്കുമെന്നാണ് സൂചന.
റഷ്യൻ ഫുട്ബോൾ ഫെഡനേഷൻ ഇതു സംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 2018 ലോകകപ്പിന് വേദിയായ നാല് സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ. ഫിഫ ഉപരോധവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുകയും അതു പിൻവലിക്കാൻ പ്രേരിപ്പിക്കുകയുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം
അതേസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പാട്ടിലാക്കാനുള്ള വഴികൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി യുഷകോവിന് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഉപദേശിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. ഒക്‌ടോബർ 14 ന് അഞ്ച് മിനിറ്റിലേറെ നീണ്ടുനിന്ന വിറ്റ്കോഫ് – യുഷകോവ് ഫോൺ സംഭാഷണത്തിലെ ഭാഗങ്ങളാണ് ചോർന്നത്. ഗാസ കരാറിന്റെ മാതൃകയിൽ യുക്രെയ്‌ൻ പദ്ധതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് വിറ്റ്കോഫ് യുഷകോവിനോട് പറയുന്നു.
വൈറ്റ് ഹൗസ് സന്ദർശനത്തിനു മുൻപ് പുട്ടിൻ ട്രംപുമായി ഫോൺ സംഭാഷണം നടത്തണമെന്നും ഗാസ കരാറിനെ കുറിച്ച് പരാമർശിച്ച് സംസാരം ആരംഭിക്കണമെന്നും ഗാസയിൽ വെടിനിർത്തൽ കരാർ സാധ്യമാക്കിയതിനു ട്രംപിനെ അഭിനന്ദിക്കണമെന്നും വിറ്റ്കോഫ് ഉപദേശിക്കുന്നു. ഗാസ കരാറിനെ റഷ്യ പിന്തുണയ്ക്കുന്നതായും ഗാസ പദ്ധതിയുടെ മാതൃകയിൽ യുക്രെയ്‌ൻ പദ്ധതി നടപ്പാക്കാമെന്ന് പറയണമെന്നും വിറ്റ്കോഫ് ഉപദേശം നൽകുന്നുണ്ട്. സംഭാഷണത്തിൽ ഗാസ സമാധാന പദ്ധതിയുടെ മാതൃകയിൽ യുക്രെയ്‌ൻ പദ്ധതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് നിർദേശിക്കുന്നു. വൈറ്റ് ഹൗസ് സന്ദർശനത്തിനു മുൻപ് പുട്ടിൻ ട്രംപുമായി ഫോൺ സംഭാഷണം നടത്തണമെന്നും ഗാസ കരാറിനെ കുറിച്ച് പരാമർശിച്ച് സംസാരം ആരംഭിക്കണമെന്നും ഗാസ പദ്ധതിയുടെ മാതൃകയിൽ യുക്രെയ്‌ൻ പദ്ധതി നടപ്പാക്കാമെന്ന് പറയണമെന്നും ഉഷാക്കോവിന് വിറ്റ്കോഫ് ഉപദേശം നൽകുന്നുണ്ട്.
28 വ്യവസ്‌ഥകളോടെ യുക്രെയ്‌ൻ സമാധാന പദ്ധതിക്ക് തുടക്കമായത് സ്റ്റീവ് വിറ്റ്കോഫിന്റെ ഈ ഫോൺ സംഭാഷണത്തിൽ നിന്നാണെന്നാണ് നിഗമനം. ഈ പദ്ധതി അംഗീകരിക്കാനാണ് യുഎസ് യുക്രെയ്‌നു മേൽ സമ്മർദം ചെലുത്തിയത്. ഫോൺ സംഭാഷണം നടന്നതായി സ്ഥിരീകരിച്ച യുഷകോവ്, ഫോൺ ചോർത്തിയതു റഷ്യയല്ലെന്നും വ്യക്തമാക്കി. വിഷയത്തിൽ സ്റ്റീവ് വിറ്റ്കോഫിനെ ന്യായീകരിച്ചു രംഗത്തെത്തിയ ട്രംപ്, വെടിനിർത്തലിന് റഷ്യയെ സമ്മതിപ്പിക്കുകയാണു സ്റ്റീവിന്റെ ദൗത്യം എന്നും പറഞ്ഞു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിൽ അഭിപ്രായഐക്യമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടുത്തയാഴ്ച മോസ്കോ സന്ദർശിക്കും. വിറ്റ്കോഫിന്റെ സന്ദർശനവിവരം റഷ്യ സ്‌ഥിരീകരിച്ചു. സമാധാന പദ്ധതിയിലെ വ്യവസ്‌ഥകൾ ഔദ്യോഗികമായി ഇതേവരെ ലഭിച്ചിട്ടില്ലെന്നും എന്നാൽ പിൻവാതിലിലൂടെ പകർപ്പ് ലഭിച്ചെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി യുഷകോവ് വ്യക്തമാക്കി. ഫോണിലൂടെയും മറ്റും സംസാരിക്കുന്നുണ്ടെങ്കിലും ഒരു മേശയ്‌ക്കു ചുറ്റുമിരുന്ന് ഓരോ വ്യവസ്‌ഥകളായി ഇതേ വരെ ചർച്ച നടത്തിയിട്ടില്ലെന്ന് യൂറി യുഷകോവ് പറഞ്ഞു.
യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ അടുത്ത ദിവസം യുക്രെയ്ൻ സന്ദർശിക്കുന്നുണ്ടെന്ന് ട്രംപ് അറിയിച്ചു. എന്നാൽ ഇതു സംബന്ധിച്ച് യുക്രെയ്ൻ സ്ഥിരീകരണം നൽകിയിട്ടില്ല. യുഎസ്, യുക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങളുടെ ഉദ്യോഗസ്ഥർ അബുദാബിയിലും യുഎസ്, യുക്രെയ്ൻ ഉദ്യോഗസ്ഥർ ജനീവയിലും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
യുഎസ് തയാറാക്കിയ സമാധാന പദ്ധതി റഷ്യയ്‌ക്ക് അനുകൂലമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജനീവയിൽ യുഎസ്, യുക്രെയ്ൻ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകൾക്കു പിന്നാലെ, പദ്ധതി നടപ്പാക്കാവുന്നതാണെന്നും എന്നാൽ ഏതാനും പ്രധാന വ്യവസ്‌ഥകളിൽ തീരുമാനമുണ്ടാകാനുണ്ടെന്നും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്‌തമാക്കിയിരുന്നു. ഡോണൾഡ് ട്രംപുമായി അടുത്ത ദിവസം സെലെൻസ്കി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുകയാണ്. തെക്കൻ നഗരമായ സാപൊറീഷ്യയിൽ കഴിഞ്ഞ രാത്രി ഡ്രോൺ ആക്രമണത്തിൽ 50 ൽ ഏറെ പാർപ്പിടസമുച്ചയങ്ങൾക്കു കേടു പറ്റി. യുക്രെയ്നിന്റെ 33 ഡ്രോണുകൾ വീഴ്ത്തിയതായി റഷ്യ അവകാശപ്പെട്ടു.
ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിലെ ഹയ‍്‍ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചുള്ള ചാരവും പൊടിപടലങ്ങളും പടർന്നതുമൂലമുള്ള ആശങ്ക ഇന്ത്യയെ വിട്ടൊഴിയുന്നു. ചാരവും പൊടിപടലവും ഇന്നലെ വൈകിട്ടോടെ ഇന്ത്യയുടെ ആകാശമേഖല കടന്നു ചൈനയിലേക്കു നീങ്ങി. പൊടിപടലം സഞ്ചരിക്കുന്നത് 25,000 അടി ഉയരത്തിലായതിനാൽ വായുഗുണനിലവാരത്തെയോ കാലാവസ്ഥയെയോ ബാധിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ചില വിമാന സർവീസുകളെ ബാധിച്ചു.
തിങ്കളാഴ്ച വൈകിട്ട് എട്ടോടെയാണ് രാജസ്ഥാൻ വഴി ചാരമേഘങ്ങൾ ഇന്ത്യൻ ആകാശത്തേക്കു കടന്നത്. അതിനു ശേഷമുള്ള 24 മണിക്കൂറിനിടെ എയർ ഇന്ത്യയ്ക്ക് മാത്രം 13 വിമാനസർവീസുകൾ റദ്ദാക്കേണ്ടി വന്നു. ആശങ്കപ്പെടാനില്ലെന്നും സ്ഥിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര വ്യോമയാനമന്ത്രാലയം അറിയിച്ചു.
ജിദ്ദ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയ ഉംറ തീർഥാടകർ അടക്കമുള്ള യാത്രക്കാരെ ഇന്നു രാവിലെ 11ന് പ്രത്യേക വിമാനം സജ്ജമാക്കി അയയ്ക്കും. ജിദ്ദയിൽ കുടുങ്ങിയിരിക്കുന്ന കൊച്ചിയിലേക്കുള്ള യാത്രക്കാരെ മടക്കവിമാനത്തിൽ കൊച്ചിയിലെത്തിക്കും. വിമാനം വൈകിട്ട് 3.55ന് കൊച്ചിയിലെത്തും.
അതേസമയം റഷ്യയുമായി സമാധാന കരാറിന് യുക്രെയ്ൻ സമ്മതിച്ചെന്ന് റിപ്പോർട്ട്. എതാനും ചെറിയ കാര്യങ്ങളിൽ മാത്രമേ തീരുമാനമാകാനുള്ളുവെന്നും യുഎസ് ഉന്നത ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ടു ചെയ്‌തു. അബുദാബിയിൽ റഷ്യൻ പ്രതിനിധികളുമായി യുഎസ് ആർമി സെക്രട്ടറി ഡാൻ ഡാൻ ഡ്രിസ്‌കോൾ ചർച്ച നടത്തിയതിനു പിന്നാലെയാണ് സമാധാന കരാറിന് യുക്രെയ്ൻ സമ്മതിച്ചെന്ന വിവരം പുറത്തുവന്നത്. അബുദാബിയിലുള്ള യുക്രെയ്ൻ സംഘവുമായി ഡ്രിസ്കൽ ചർച്ച നടത്തിയിരുന്നു. റഷ്യ – യുക്രെയ്ൻ സമാധാന കരാർ സംബന്ധിച്ച ചർച്ചയിൽ വലിയ പുരോഗതി കൈവരിച്ചെന്നും എന്നാൽ ചില കാര്യങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും വൈറ്റ് ഹൗസ് ചൊവ്വാഴ്‌ച വ്യക്തമാക്കി.
മൂന്നര വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ്, യുക്രെയ്ൻ, യുറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഞായറാഴ്‌ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ ചർച്ച നടത്തിയിരുന്നു. ജനീവയിൽ ചർച്ച ചെയ്‌ത, കരാറിലെ പ്രധാന വ്യവസ്‌ഥകളിൽ പ്രതിനിധികൾ പൊതുധാരണയിലെത്തിയെന്ന് യുക്രെയ്‌ന്റെ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്‌തം ഉമറോവ് സമൂഹമാധ്യമത്തിൽ കുറിച്ചു. സ്വിറ്റ്സർലൻഡിലെ പ്രാഥമിക ചർച്ചയിൽ സമാധാനപദ്ധതിയിലെ പിഴവുകൾ തിരുത്തിയതായും മൊത്തത്തിൽ പ്രതീക്ഷയുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞിരുന്നു. ചില കാര്യങ്ങളിൽ ട്രംപുമായി ചർച്ച നടത്താനുണ്ടെന്നും സൂചിപ്പിച്ചു.
ട്രംപിന്റെ പശ്ചിമേഷ്യ കാര്യ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പുട്ടിന്റെ ഉപദേഷ്ടാവ് കിറിൽ ദിമിത്രീവും ചേർന്നാണു കരാർ കരടു തയാറാക്കിയത്. തുടർന്ന് യുക്രെയ്ൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഏതാനും വ്യവസ്‌ഥകളിൽ ഭേദഗതി വരുത്തെന്നാണ് വിവരം. യുക്രെയ്ൻ സൈനികരുടെ എണ്ണം 6 ലക്ഷമായി കുറയ്ക്കണമെന്ന കരാറിലെ വ്യവസ്‌ഥ ജനീവയിലെ ചർച്ചയെ തുടർന്ന് 8 ലക്ഷമായി ഉയർത്തി ഭേദഗതി ചെയ്‌തെന്ന് സൂചനയുണ്ട്.
കരാറിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്. യുക്രെയ്ൻ നാറ്റോയിൽ ചേരാൻ പാടില്ല. യുക്രെയ്ൻ സൈനികരുടെ എണ്ണം 6 ലക്ഷമായി കുറയ്ക്കണം. യുദ്ധത്തിൽ പിടിച്ചെടുത്ത ക്രൈമിയ, ലുഹാൻസ്ക്, ഡോണെറ്റ്സ്ക് എന്നീ പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുക്കും. ഹേഴ്സൻ, സാപൊറീഷ്യ എന്നിവിടങ്ങൾ ഭാഗികമായും റഷ്യ കയ്യിൽവയ്ക്കും. സാപൊറീഷ്യ ആണവനിലയത്തിൽനിന്നുള്ള വൈദ്യുതിയുടെ പകുതി റഷ്യയ്ക്കു കൊടുക്കണം.
"
https://www.facebook.com/Malayalivartha
























