തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ കൂറുമാറ്റം മുതൽ വിചിത്രകൂട്ടുകെട്ട് വരെ ; 532 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിനൊപ്പം; എൽഡിഎഫിന് 358; 30 പഞ്ചായത്തുകളിൽ എൻഡിഎ

പഞ്ചായത്ത് അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇന്നലെ കൂറുമാറ്റവും മുന്നണിമാറ്റവും വിചിത്രകൂട്ടുകെട്ടുകളും കൈയബദ്ധങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു. നറുക്ക് ഭാഗ്യം പലയിടത്തും അനുഗ്രഹവും വില്ലനുമായി, പ്രതീക്ഷിക്കാത്ത പലരും നേടി, വോട്ടെടുപ്പുസമയത്ത് പാർട്ടി വിപ്പ് കൈപ്പറ്റാത്ത പലരും മറുപക്ഷത്തിന്റെ ഒളിത്താവളത്തിൽ നിന്ന് പൊങ്ങി. 941-ൽ 532 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിനാപ്പം ചേർന്നു. ഇടതുമുന്നണിക്ക് 358 പഞ്ചായത്തുകൾകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എൻഡിഎയ്ക്ക് 30 എണ്ണം. സ്വതന്ത്രരും മറ്റുകക്ഷികളും എട്ട് പഞ്ചായത്തുകളിൽ അധികാരത്തിലെത്തി. തർക്കങ്ങൾ കാരണം തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് 8. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത 59 പഞ്ചായത്തുകളും ഉണ്ടായിരുന്നു.
തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ എട്ട് കോൺഗ്രസ് അംഗങ്ങൾ രാജിവെച്ച് ബിജെപിയുമായി കൈകോർത്തത് വൻ രാഷ്ട്രീയ വിവാദമായി. ഇവിടെ എൽഡിഎഫ് 10, യുഡിഎഫ്-എട്ട്, എൻഡിഎ-നാല്, യുഡിഎഫ് വിമതർ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽഡിഎഫ് ഭരണത്തിലെത്താതിരിക്കാൻ രാജിവെച്ച കോൺഗ്രസ് അംഗങ്ങൾ ബിജെപിയുമായി കൈകോർക്കുകയായിരുന്നു. പിന്നാലെ, ഡി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രനെയും മണ്ഡലം പ്രസിഡന്റ് ഷാഫിയെയും കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു.
എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച മൂന്ന് കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റുമാർ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് രാജിവച്ചു. തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങൽ, തൃശൂർ ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റുമാരാണ് രാജിവച്ചത്. ചൊവ്വന്നൂരിൽ കോൺഗ്രസ് നയങ്ങൾക്ക് വിരുദ്ധമായി പാർട്ടി തീരുമാനങ്ങൾ ലംഘിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രസിഡൻറായ എഎം നിധീഷിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കി.
പാലക്കാട് അഗളി ഗ്രാമപ്പഞ്ചായത്തിൽ കൂറുമാറിയ യുഡിഎഫ് അംഗം എൽഡിഎഫ് സഹായത്തോടെ പ്രസിഡന്റായി. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. അസാധാരണ രാഷ്ട്രീയനീക്കത്തിൽ കോട്ടയം കുമരകം പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും ഒത്തുചേർന്ന് പിന്തുണച്ച സ്വതന്ത്രൻ എ.പി. ഗോപി പ്രസിഡന്റായി. 40 വർഷമായി സിപിഎം ഭരിച്ചിരുന്ന പഞ്ചായത്ത് ഇതോടെ അവർക്ക് നഷ്ടമായി.
ചേലക്കരയിൽ എൽ.ഡി.എഫ് അംഗം രാമചന്ദ്രൻ മാറി വോട്ടിട്ടതോടെ ഭരണം യു.ഡി.എഫ് നേടി. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ഒരു വോട്ട് അസാധുവായെങ്കിലും എൽ.ഡി.എഫിനെ ഭാഗ്യം തുണച്ചു. എൽ.ഡിഎഫും യു.ഡിഎഫും 9-9 എന്ന നിലയിലായെങ്കിലും നറുക്കിലൂടെ സി.പി.ഐയിലെ സരള പ്രസിഡന്റായി.
തൃശൂർ പാറളത്തും തിരുവനന്തപുരം വെമ്പായത്തും ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫ് വീണത് ഓരോ അംഗങ്ങൾ വോട്ട് അസാധുവായതോടെ. പാറളത്ത് ബി.ജെ.പിയും വെമ്പായത്ത് എൽ.ഡി.എഫുമാണ് നേടിയത്. അതേസമയം, വയനാട്ടെ മൂപ്പാനാട് പണികിട്ടിയത് എൽ.ഡി.എഫിന്. ഒരു സീറ്റിന്റെ ലീഡുണ്ടായിരുന്നു. പക്ഷേ, ഒരംഗം അസാധുവാക്കിയതോടെ തുല്യനില. നറുക്കിൽ ഭാഗ്യം യു.ഡി.എഫിനൊപ്പം. പണം വാങ്ങി മനപ്പൂർവം അസാധുവാക്കിയെന്ന ആരോപണം പലയിടത്തും ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























