എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപണം

സിപിഎമ്മിന്റെ മുൻ സംസ്ഥാന കമ്മിറ്റി ഓഫിസായ തിരുവനന്തപുരത്തെ എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിലവിൽ എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന 15 സെന്റ് കേരള സർവകലാശാലയുടെ ഭൂമി കയ്യേറിയതാണെന്നും ഇത് ഒഴിപ്പിക്കണമെന്നും ഹർജിയിൽ പറയുന്നു. ഇതിനു പുറമെ പുറമ്പോക്കും സർവകലാശാലയുടെ സ്ഥലവും ഉൾപ്പെടെ 55 സെന്റ് കയ്യേറിയിട്ടുണ്ടെന്നും ഇതും ഒഴിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരള സർവകലാശാല മുൻ ജോയിന്റ് റജിസ്ട്രാർ ആർ.എസ്.ശശികുമാറാണ് ഹർജിക്കാരൻ.
കേരള സർവകലാശാലയ്ക്ക് തിരുവിതാംകൂർ മഹാരാജാവ് 1944ലെ വിജ്ഞാപന പ്രകാരം ഭൂമി അനുവദിച്ചിരുന്നു. എന്നാൽ 1977ലെ ഒരുത്തരവ് അനുസരിച്ച് ഇതിലെ 15 സെന്റ് ഭൂമി എകെജി സ്മാരക ഗവേഷണ കേന്ദ്രത്തിന് നൽകിയെന്നാണ് പറയുന്നത്. എന്നാൽ ഈ ഉത്തരവ് ഒരിടത്തു നിന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ഈ ഗവേഷണ കേന്ദ്രം സര്‍വകലാശാല അംഗീകരിച്ച ഒന്നല്ല. ഇതൊരു രാഷ്ട്രീയ പാർട്ടിയുടെ കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. സർവകലാശാല ഭൂമിയും പുറമ്പോക്കും ഉൾപ്പെടെ കയ്യേറിയ 55 സെന്റിൽ അനധികൃത നിർമാണം നടത്തിയിട്ടുണ്ട്. ഇത് രാഷ്ട്രീയ പാർട്ടിയുടെ മസിൽ പവറുപയോഗിച്ചുള്ള കയ്യേറ്റമാണെന്നും ഹർജിയിൽ പറയുന്നു.
എകെജി പഠന ഗവേഷണ കേന്ദ്രവും സിപിഎമ്മും കൈവശം വച്ചിരിക്കുന്ന പുറമ്പോക്ക് ഭൂമി തിരുവിതാംകൂർ മഹാരാജാവ് സർവകലാശാലയ്ക്ക് പതിച്ചു തന്നതാണ്. സിപിഎമ്മിന് ഈ ഭൂമിയിൽ യാതൊരു അവകാശവുമില്ല. ഭൂമി വിട്ടുകൊടുത്ത ഉത്തരവ് ഉണ്ടെങ്കിൽ ഹാജരാക്കാനും അത് റദ്ദാക്കാനും ഉത്തരവിടണം. അനധികൃതമായി ഭൂമി കയ്യേറിയത് ഒഴിപ്പിക്കണം –ഹര്‍ജിയിൽ പറയുന്നു.
https://www.facebook.com/Malayalivartha
























