കുഞ്ഞുങ്ങളുടെ പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ച് നെസ്‌ലെ

നെസ്‌ലെയുടെ കുഞ്ഞുങ്ങളുടെ പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചു. ജനുവരി 6ന് നെസ്‌ലെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ചില ബാച്ചുകളിലെ പാല്‍പ്പൊടികളില്‍ 'സെറൂലൈഡ്' എന്ന വിഷാംശം അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ ഇത് ബാധിച്ചിട്ടില്ലെങ്കിലും മാതാപിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
ഭക്ഷണത്തില്‍ വിഷബാധ ഏല്‍പ്പിക്കാന്‍ ശേഷിയുള്ള 'സെറൂലൈഡ്' കുട്ടികളില്‍ ഛര്‍ദ്ദിക്കും മറ്റ് ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകും. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പെടെയുള്ള 31 യൂറോപ്യന്‍ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലും ഹോങ്കോങ്ങിലും വിറ്റ ഉല്‍പ്പന്നങ്ങളെയാണ് നിലവില്‍ തിരിച്ചുവിളിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നെസ്‌ലെ വില്‍ക്കുന്ന NAN PRO, Lactogen Pro തുടങ്ങിയ ബ്രാന്‍ഡുകള്‍ നിലവില്‍ തിരിച്ചുവിളിച്ചവയുടെ പട്ടികയിലില്ല. എങ്കിലും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പട്ടിക പുതുക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു. ബാസിലസ് സെറസ് എന്ന ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന വിഷാംശമാണിത്. ഇത് ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് അതായത്, പാല്‍പ്പൊടി കലക്കിയ വെള്ളം തിളപ്പിച്ചാലും ഈ വിഷാംശം നശിക്കില്ല എന്നതാണ് ഇതിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നത്.
കുട്ടിക്ക് പാല്‍ നല്‍കിയ ശേഷം അമിതമായ ഛര്‍ദ്ദി, തളര്‍ച്ച, ഭക്ഷണം കഴിക്കാന്‍ മടി എന്നിവ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക. പാല്‍പ്പൊടി തയ്യാറാക്കുമ്പോള്‍ അതീവ ശുചിത്വം പാലിക്കുക. വിദേശത്ത് നിന്നെത്തുന്നവര്‍ അവിടെ നിന്ന് വാങ്ങിയ പാല്‍പ്പൊടികള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ബാച്ച് നമ്പറുകള്‍ കൃത്യമായി പരിശോധിക്കണം. നെസ്‌ലെയുടെ അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നവരില്‍ നിന്നാണ് ഈ ക്രമക്കേട് ഉണ്ടായതെന്നാണ് നിഗമനം. നിലവില്‍ ഈ ഉല്‍പ്പന്നങ്ങള്‍ കഴിച്ച് ആര്‍ക്കും അസുഖം ബാധിച്ചതായി റിപ്പോര്‍ട്ടുകളില്ല.
https://www.facebook.com/Malayalivartha























