ജമാഅത്തെ ഇസ്‌ലാമിക്കെതിരായ പരാമർശം; എ.കെ.ബാലനെ തള്ളി എൽഡിഎഫ് കൺവീനർ

ജമാഅത്തെ ഇസ്‌ലാമിക്കെതിരായ പരാമർശത്തിൽ സിപിഎം നേതാവ് എ.കെ.ബാലനെ തള്ളി എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. യുഡിഎഫ് ഭരിച്ചാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന അഭിപ്രായം മുന്നണിക്കോ പാർട്ടിക്കോ ഇല്ലെന്ന് ടി.പി.രാമകൃഷ്ണൻ. അങ്ങനെ ഒരു നിലപാട് എൽഡിഎഫോ സിപിഎമ്മോ പറഞ്ഞിട്ടില്ല.
'യുഡിഎഫ് അധികാരത്തിൽ ഏറുന്ന പ്രശ്‌നമില്ല. പിന്നല്ലേ, ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരവകുപ്പ് ഏൽക്കുന്ന പ്രശ്‌നം വരുന്നത്. ചില കണക്കു കൂട്ടലുകളുടെ ഭാഗമായിട്ടാവും എ.കെ.ബാലൻ പറഞ്ഞിട്ടുണ്ടാവുക. വർഗീയതക്ക് എതിരെയുള്ള സിപിഎം നിലപാട് ഉയർത്തിപ്പിടിക്കുന്ന നേതാവാണ് എ.കെ.ബാലൻ ' എന്നും അദ്ദേഹം പറഞ്ഞു. എ.കെ ബാലന്റെ പരാമർശത്തിന്റെ വിശദാംശങ്ങൾ അറിയില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അപ്പോൾ പല മാറാടുകളും ഉണ്ടാകുമെന്നുമായിരുന്നു എ.കെബാലൻ്റെ പ്രസ്താവന. 'യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക. അപ്പോൾ ഒന്നും രണ്ടും മാറാടൊന്നുമല്ല ഉണ്ടാവുക. അതിന് പറ്റിയ സമീപനമാണ് ലീഗും ആർഎസ്എസും സ്വീകരിക്കുന്നത്. ഒന്നാം മാറാടും രണ്ടാം മാറാടും നടക്കുമ്പോൾ ഇവര് നോക്കിനിൽക്കുകയായിരുന്നു. തലശ്ശേരി കലാപം നടക്കുന്ന സമയത്തും ഇവര് നോക്കിനിന്നു. അതിനെ ശരീരംകൊടുത്തുകൊണ്ടും ജീവൻബലികൊടുത്തുകൊണ്ടും നേരിട്ട പ്രസ്ഥാനമാണ് എന്റേത്. അതുകൊണ്ട് തന്നെ കേരളത്തെ വർഗീയകലാപത്തിന്റെ കുരുതിക്കളമാക്കുന്നതിനോട് യോജിക്കാനാവില്ല. കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത് പാലക്കാട് നടന്നെന്നും ആര്‍എസ്എസും ജമാഅത്തും പാലക്കാട് കലാപത്തിന് ആഗ്രഹിച്ചെന്നും അദ്ദേഹം ആരോപിച്ചു. അത് പൊലീസിനെ ഉപയോഗിച്ച് തടഞ്ഞെന്നുമായിരുന്നു എ.കെ.ബാലൻ്റെ പ്രസ്താവന.
അതേസമയം, എ.കെ.ബാലൻ്റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ് ലാമി വക്കീൽ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം. ഒരാഴ്ചക്കകം പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ, സിവിൽ കേസുകൾ നൽകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
https://www.facebook.com/Malayalivartha

























