സിപിഎം അംഗവും ഇടത് സഹയാത്രികനും റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം

സിപിഎം അംഗവും ഇടത് സഹയാത്രികനും റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. റെജി ലൂക്കോസിനെയും സിപിഎമ്മിനെയും ട്രോളിക്കൊണ്ട് നിരവധി പേര്‍ രംഗത്തുവന്നപ്പോള്‍ തങ്ങളുടെ പാര്‍ട്ടിക്കാരനായിട്ടും ജപിക്കാര്‍ പോലും റെജിയെ ട്രോളി രംഗത്തുവന്നു എന്നതാണ് പ്രത്യേകത. ഇന്നലെ വരെ ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിന് വേണ്ടി വാദിച്ചു പലര്‍ക്കും സംഘപരിവാര്‍ ചാപ്പയടിച്ചിരുന്നു റെജി ലൂക്കോസ്. ആ റെജി ലൂക്കോസിനെയാണ് ഇപ്പോള്‍ ബിജെപി അനുഭാവിയായത്. ഇതോടെ നിരവധി കോണ്‍ഗ്രസുകാരാണ് റെജിയെ ട്രോളി രംഗത്തുവന്നത്.
അതില്‍ പലതും ഇതിനോടകം വൈറലായി കഴിഞ്ഞു. ഇടത് സഹയാത്രികന്‍ എന്നാണ് പലരും വിശേഷിപ്പിക്കുന്നതെങ്കിലും സഹയാത്രികനല്ല റെജി ലൂക്കോസ് സിപിഎമ്മുകാരന്‍ തന്നെയാണെന്ന് പല സോഷ്യല്‍ മീഡിയ പേജുകളും ചൂണ്ടിക്കാട്ടുന്നു. അത്തരത്തില്‍ ഈ വിഷയത്തില്‍ നിഷാന്‍ പരപ്പനങ്ങാടിയെന്നൊരാള്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ച ചുരുക്കം ചില മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് ഇയാളെന്നാണ് നിഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ കുറിപ്പ്,
അയാളെ സഹയാത്രികനെന്ന് വിളിക്കരുത്, സി.പി.എമ്മുകാരന്‍ തന്നെയാണ്. CPIM കോട്ടയം ജില്ലാ സമ്മേളനത്തിനുള്ള പ്രതിനിധിയായി അയാളെ തെരഞ്ഞെടുത്തയച്ചത് സിപിഎമ്മിന്റെ കടുത്തുരുത്തി ഏരിയാ സമ്മേളനത്തിലാണ്. ഈ സന്തോഷം ഫെയ്സ്ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്തയാളാണ് റെജി ഗ്ലൂക്കോസ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ച ചുരുക്കം ചില മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് ഇയാള്‍. ''ഇന്നലെ കൂടി കണ്ടതേയുള്ളൂ, ഇന്ന് ഇങ്ങനെയൊരു ഗതി വരുമെന്ന് ആരറിഞ്ഞു..'' എന്ന് പലരും അപ്രതീക്ഷിതമായി മരിക്കുമ്പോള്‍ നമ്മള്‍ പറയാറുള്ള പോലെ,
''ഇന്നലെകൂടി സിപിഎമ്മിനുവേണ്ടി സംസാരിക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ കണ്ടതേയുള്ളൂ, ഇങ്ങനെയൊരു പോക്ക് ആര് കരുതി..'' ഇന്നലെയും ചാനല്‍ ചര്‍ച്ചകളില്‍ ഉണ്ടായിരുന്നു എന്നുവെച്ചാല്‍ അതിനര്‍ത്ഥം, ബിജെപിയുമായി ചര്‍ച്ച നടത്തിയ ശേഷവും സിപിഎമ്മിന് വേണ്ടി നാവെടുത്ത് വെട്ടാനിറങ്ങി വന്നിരുന്നു എന്നര്‍ത്ഥം.
വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ ഇങ്ങനെ സഹയാത്രിക ലേബലില്‍, പുറമേക്ക് മണമില്ലാത്ത ഉണങ്ങിയ ചാണകങ്ങളെ ഇറക്കുന്ന ഏര്‍പ്പാട് സിപിഎം വ്യാപമാക്കി. പിന്നീട് നനയുമ്പോള്‍ മണം തുടങ്ങും. എഴുതി വെച്ചോളൂ, അടുത്തതായി പോകുന്നത് പന്തല്‍ പ്രേമന്‍ എന്ന പ്രേം കുമാര്‍ ആയിരിക്കും. പിണറായി വിജയനെ മോദിയുമായി താരതമ്യം ചെയ്ത് തലേന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ശേഷം പിറ്റേന്ന് ഭരണം കിട്ടിയപ്പോള്‍ സഹയാത്രികനായി കൂടെക്കൂടിയ അട്ടപ്പായലാണ്. സിപിഎമ്മുകാരന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപിക്ക് അങ്ങനെത്തന്നെ വേണം.!
അതേസമയം തന്നെ സംഘിയെന്ന് വിളിച്ച ആള്‍ക്കാരൊക്കെ ഒന്നൊന്നായി സംഘിയാകുന്നത് കണ്ട് കൈകൂപ്പി ചിരിച്ചു കൊണ്ടുള്ള ചിത്രമിട്ടാണ് ശ്രീജിത്ത് പണിക്കര്‍ പരിഹസിച്ചത്. ശ്രീജിത്ത് പണിക്കരെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തുവന്നു. അതേസമയം ചാനലുകളാണ് റെജി ലൂക്കോസിനെ ഇടതു സഹയാത്രികനാക്കിയത് എന്നു പറഞ്ഞ് കൈയൊഴിയുകയാണ് സഖാക്കളും.''
അതേസമയം റെജി ലൂക്കോസിന്റെ തന്നെ പഴയ പോസ്റ്റുകളും ബിജെപി നേതാക്കള്‍ക്കെതിരായ കമന്റുകളും കുത്തിപ്പൊക്കുന്ന തിരക്കിലാണ് ട്രോളന്മാര്‍. ഇതിലേറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത് 2025 ഒക്ടോബര്‍ 27ന് റെജി ലൂക്കോസ് ഫെയ്‌സ്ബുക്കിലിട്ട ഒരു ഫോട്ടോയാണ്. ഇവരില്‍ ആരാണ് തട്ടിപ്പില്‍ മുന്നിലെന്ന ക്യാപ്ഷനോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെയും, ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും ചിത്രങ്ങളാണ് റെജി ലൂക്കോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
മുതലാളി ആണ് വലിയ തട്ടിപ്പുകാരന്‍ എന്ന് റെജി ലൂക്കോസിന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മുതലാളിക്ക് ശിഷ്യപ്പെടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പരിഹസിച്ച് ഇതിനെപ്പറ്റി ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. അതേസമയം 'Politics is the art of changing impossible things of today to the possible things of tomorrow' Dr. Chintha Jerome ചിന്തേച്ചി അക്ഷരം പ്രതി ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു ! എന്നാണ് എം ആര്‍ അഭിലാഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
അതേസമയം ബൈജു സ്വാമി അതിനിശിദ വിമര്‍ശനമാണ് റെജി ലൂക്കോസിനെതിരെ ഉന്നയിച്ചത്. റെജി ഒരിക്കലും സഖാവ് ആയിരുന്നില്ലെന്നും ലക്ഷണമൊത്ത ഡീലറായിരുന്നു എന്നാണ് ബൈജു സ്വാമിയുടെ വിമര്‍ശനം. റെജി ലൂക്കോസ് ഒരു യൂറോപ്യന്‍ പര്യടനത്തില്‍ 3000 കോടിയുടെ ഇലക്ട്രിക്ക് ബസ് ഡീല്‍ ഒപ്പിച്ച് ചില്ലറ ഒപ്പിക്കാന്‍ ശ്രമിച്ചത് എന്ന് പഴയ വാര്‍ത്തകള്‍ തപ്പി നോക്കിയാല്‍ പിടി കിട്ടുമെന്ന കാര്യവും ബൈജു സ്വാമി ചൂണ്ടിക്കാട്ടുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് റെജി ലൂക്കോസിനെ ഷാളണിയിച്ച് സ്വീകരിച്ചത്. ഇനി ബിജെപിക്കൊപ്പമെന്നും ബിജെപിയുടെ ശബ്ദമായി പ്രവര്‍ത്തിക്കുമെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപിയുടെ വളര്‍ച്ച ഗംഭീരമായിരിക്കും. സിപിഎം മെമ്പര്‍ഷിപ്പ് ഉപേക്ഷിച്ചു. 35 വര്‍ഷം ഇടത് പക്ഷത്തിനൊപ്പം പ്രവര്‍ത്തിച്ചു. ടെലിവിഷനുകളില്‍ ഇടത് പക്ഷത്തിനായി സംവദിച്ചു. ഇനി ബിജെപിയുടെ ആശയത്തോടൊപ്പം പ്രവര്‍ത്തിക്കും. ഇനിയും ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകും. സിപിഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ റെജി ലൂക്കോസ് അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം തനിക്ക് സിപിഎമ്മില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണനയ്ക്ക് കാരണം തന്റെ പേരാണെന്ന് റജി ലൂക്കോസ് പറഞ്ഞിരുന്നു. തന്റെ വാദം സമര്‍ത്ഥിക്കാനായി സരിന്റെ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഷാഫിയുമായുണ്ടായ അഭിപ്രായവ്യത്യാസം കാരണം കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിലേക്ക് വന്നപ്പോ അവനെ അടുത്ത ദിവസം തന്നെ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവാക്കി. എന്നാല്‍ പത്തു പതിനഞ്ചു വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി പടവെട്ടുന്ന തനിക്ക് ഇന്നേവരെ ഒരു സ്ഥാനവും തന്നില്ല. എനിക്ക് സ്ഥാനമൊന്നും വേണ്ട, പക്ഷെ തന്റെ സമുദായത്തിനോടുള്ള അവഗണനയാണതെന്നാണ് റെജി ലൂക്കോസ് ചൂണ്ടിക്കാട്ടിയത്.
https://www.facebook.com/Malayalivartha
























