മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് എൻ പി ജയൻ അന്തരിച്ചു...

മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് എൻ പി ജയൻ(57) അന്തരിച്ചു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ശനിയാഴ്ച വയനാട്ടിലെ നെൻമേനിക്കുന്നിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം, സ്വതന്ത്ര ഫോട്ടോഗ്രാഫർ ആയിരുന്ന അദ്ദേഹം 'വിബ്‌ജ്യോർ' എന്ന പേരിൽ ഒരു സ്റ്റുഡിയോയും അദ്ദേഹം നടത്തിയിരുന്നു.
അവസാന വർഷങ്ങളിൽ പരിസ്ഥിതി, വന്യജീവി വിഷയങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സൈലന്റ് വാലി വനത്തിൽ ഒരു വർഷത്തോളം താമസിച്ച് അദ്ദേഹം ചിത്രങ്ങൾ പകർത്തി. 20ാമത്തെ വയസിലാണ് അദ്ദേഹം ഫോട്ടോഗ്രാഫറായി ജോലി തുടങ്ങുന്നത്. കേരളത്തിലെ മലബാർ മേഖലയിലെ പല സുപ്രധാന സംഭവങ്ങളും ലോകം കണ്ടത് ജയൻ പകർത്തിയ ചിത്രങ്ങളിലൂടെയാണ്. മാറാട് നാദാപുരം കലാപങ്ങൾ, മുത്തങ്ങ വെടിവെപ്പ് തുടങ്ങിയവ ഇതിൽ ചിലത്. പല പാരിസ്ഥിതിക വിഷയങ്ങളും ജയൻ പകർത്തി. പിന്നീട് വാർത്താ ഫോട്ടോഗ്രാഫർമാരുടെ സഹജമായ പരിമിതികൾ മനസ്സിലാക്കിയ ജയൻ ഫ്രീലാൻസർ റോളിലേക്ക് മാറി. പെരിയാറിന്റെ കാനനഭംഗിയും പമ്പാ നദിയിലെ പാരിസ്ഥിതിക മലിനീകരണവും ബോധ്യപ്പെടുത്തുന്നതാണ് ജയന്റെ തത്ത്വമസി എന്ന ഫോട്ടോ ശേഖരം.
കാനഡ, ഡൽഹി എന്നിവിടങ്ങളിൽ ഈ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. മാറാട്, നാദാപുരം കലാപങ്ങളിൽ ഇരകളാക്കപ്പെട്ടവരുടെയും മുത്തങ്ങ വെടിവെപ്പ് ഇരകളുടെയും ദുരിതം പങ്കുവെക്കുന്ന 'വിക്ടിംസ് ഓഫ് റയട്ട്‌സ്' എന്ന ഫോട്ടോപ്രദർശനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി സംസ്ഥാന, ദേശീയ അംഗീകാരങ്ങൾ നേടിയ ജയൻ, പക്ഷാഘാതത്തെത്തുടർന്ന് ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയായിരുന്നു
"
https://www.facebook.com/Malayalivartha

























