വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു

ദളപതി വിജയ് ചിത്രം 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു. വിജയിയുടെ പുതിയ ചിത്രം 'ജനനായകന്‍' പൊങ്കല്‍ റിലീസിനായി എത്താന്‍ സാധ്യത കുറവായ സാഹചര്യത്തിലാണ് പത്താം വാര്‍ഷികത്തോടനുബന്ധിച്ച് തെരി വീണ്ടും ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പ്രമുഖ നിര്‍മ്മാതാവ് കലൈപ്പുലി എസ്. താണു ആണ് ജനുവരി 15ന് തെരിയുടെ റീറിലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2016ല്‍ റിലീസ് ചെയ്ത ചിത്രം പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഈ ആഗോള റിലീസ്.
ഡിസിപി വിജയകുമാറായും ജോസഫ് കുരുവിളയായും വിജയ് പകര്‍ന്നാടിയ ഈ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്തത് അറ്റ്‌ലിയാണ്. സാമന്ത, എമി ജാക്‌സണ്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഇതിനകം നിരവധി ഭാഷകളില്‍ തെരിയുടെ റീമേക്ക് റിലീസ് ചെയ്തിട്ടുണ്ട്.
എന്നാല്‍ വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം എന്ന് കരുതപ്പെടുന്ന 'ജനനായകന്‍' സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമതര്‍ക്കങ്ങളെത്തുടര്‍ന്ന് റിലീസ് നീണ്ടുപോയേക്കും. ഡിസംബര്‍ 18ന് സെന്‍സറിംഗിന് നല്‍കിയ ചിത്രത്തിന് 'യുഎ 16+' സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ചില മാറ്റങ്ങള്‍ വരുത്താന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തി ചിത്രം വീണ്ടും സമര്‍പ്പിച്ചതായി കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ വെങ്കട്ട് നാരായണ അറിയിച്ചു. കോടതി നടപടികളും സെന്‍സര്‍ ബോര്‍ഡുമായുള്ള ചര്‍ച്ചകളും തുടരുന്ന സാഹചര്യത്തില്‍ പൊങ്കലിന് ചിത്രം എത്തുമോ എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്. വിജയിയുടെ സിനിമയുമായി ബന്ധപ്പെട്ട ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























