ഡ്രൈവർക്ക് അപസ്മാരമുണ്ടായി.... നഗരസഭ ജീവനക്കാർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കൊക്കയിലേക്ക്... ഏഴു പേർക്ക് പരുക്ക്

അതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ പാലക്കാട് നഗരസഭ ജീവനക്കാർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു. വാഹനത്തിനകത്തുണ്ടായിരുന്നവരിൽ ഏഴ് പേർക്ക് പരിക്കുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർക്ക് അപസ്മാരമുണ്ടായതിനെ തുടർന്നാണ് അപകടം.
കുഴൽമന്ദം മന്ദീരാദ് വീട്ടിൽ ബിന്ദുജ(36), ഇവരുടെ മകൻ അൻവേദ്(4), വടക്കുംതറ കളരിക്കൽ വീട്ടിൽ വേണുഗോപാൽ(52), പാലക്കാട് മലയത്ത് വീട്ടിൽ സരിത(44), ഇവരുടെ മകൾ ചാരുനേത്ര(12), പാലക്കാട് അൽഹിലാൽ വീട്ടിൽ മുഫിയ ബീവി(40), ഡ്രൈവർ കൊട്ടേക്കാട്ട് സ്വദേശി വരുൺ(35)എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ ആനമല റോഡിൽ പത്തടിപാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം.പാലക്കാട് നിന്നും പൊള്ളാച്ചി വഴിയാണ് സംഘം വന്നത്. പത്തടിപാലത്തിന് സമീപത്ത് വച്ച് ഡ്രൈവർ വരുണിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും നിയന്ത്രണംവിട്ട് വാഹനം 15 അടിയോളം താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. വനംവകുപ്പ്, പൊലീസ്, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























