ഓട്ടോ- ടാക്‌സി വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു

വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി ഓട്ടോ ടാക്‌സി വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടി. ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ധന നിലവില്‍ വരും. ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും പ്രീമിയം വര്‍ധിപ്പിച്ചു.
ഓട്ടോറിക്ഷക്ക് 20.01 ശതമാനമാണ് ഇന്‍ഷുറന്‍സ് പ്രീമിയം തുക കൂട്ടിയത്. 4,733 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ തുക. ഇത് 5,680 രൂപയായി വര്‍ധിച്ചു. 1000 സിസി വരെയുള്ള ടാക്‌സി വാഹനങ്ങള്‍ക്ക് മുപ്പത് ശതമാനം പ്രീമിയം വര്‍ധിക്കും. ഇത്തരം വാഹനങ്ങള്‍ക്ക് ഇനി 6,396 രൂപ അടയ്ക്കണം. കഴിഞ്ഞ വര്‍ഷം 4,920 രൂപയായിരുന്നു പ്രീമിയം. 1000 സിസിക്കും 1500 സിസിയ്ക്കും ഇടയിലുള്ള നാല് ചക്ര വാഹനങ്ങള്‍ക്ക് പ്രീമിയം തുക 6,726ല്‍നിന്ന് 8,408 രൂപയായി വര്‍ധിച്ചു. 25.01 ശതമാനമാണ് വര്‍ധന. 1500 സിസിയില്‍ കൂടുതലുള്ള വാഹനങ്ങളുടെ പ്രീമിയം തുകയില്‍ നിലവിലുള്ളതിലും 25 ശതമാനമാണ് വര്‍ധന.
ആയിരം സിസി വരെയുള്ള സ്വകാര്യ കാറുകള്‍ക്ക് നികുതികള്‍ ഉള്‍പ്പെടെ 29.97 ശതമാനം വര്‍ധനവുണ്ടാകും. ഇനി മുതല്‍ 1,908 രൂപയാണ് ഇത്തരം കാറുകള്‍ക്ക് അടയ്‌ക്കേണ്ട പ്രീമിയം തുക. 2015 ല്‍ 1,468 രൂപയായിരുന്നു പ്രീമിയം തുക. 2013 ല്‍ 941 രൂപ മാത്രമായിരുന്നു ആയിരം സിസി വരെയുള്ള കാറുകള്‍ക്ക് പ്രീമിയം. മൂന്ന് വര്‍ഷത്തിന് ശേഷം 1067 രൂപയാണ് വര്‍ധിച്ചത്. 1000 സിസിക്കും 1500 സിസിക്കും ഇടയിലുള്ള കാറുകള്‍ക്ക് 25.03 ശതമാനം പ്രീമിയം തുക കൂടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 400 രൂപ ഇത്തവണ കൂടുതല്‍ അടയ്ക്കണം. 1598ല്‍നിന്ന് 1998 രൂപയായാണ് വര്‍ധന. 1500 സിസിയില്‍ കൂടുതലുള്ള കാറുകള്‍ക്കും പ്രീമിയം തുക കൂടി. 25.01 ശതമാനമാണ് വര്‍ധന. 4931ല്‍ നിന്ന് 6164 രൂപയായി ഉയര്‍ത്തി. 6 എച്ച്പിയില്‍ കൂടുതലുള്ള ട്രാക്ടറുകള്‍ക്ക് 5.59 ശതമാനം പ്രീമിയം തുക വര്‍ധിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 510 രൂപ അടയ്ക്കണം.
ഇരുചക്രവാഹനങ്ങള്‍ക്കും പ്രീമിയം തുക വര്‍ധിപ്പിച്ചു. 75 സിസിയില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് 9.63 ശതമാനമാണ് വര്‍ധന. 519ല്‍ നിന്ന് 569 ആയി വര്‍ധിച്ചു. 75 സിസിക്കും 150 സിസിക്കും ഇടയിലുള്ള വാഹനങ്ങളുടെ പ്രീമിയം തുക 538ല്‍ നിന്ന് 619 രൂപയായി വര്‍ധിച്ചു. 150 സിസിക്കും 350 സിസിക്കും ഇടയിലുള്ള വാഹനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായത്. 25.09 ശതമാനമാണ് പ്രീമിയം തുക വര്‍ധിച്ചത്. 554ല്‍ നിന്ന് 693 രൂപയായി വര്‍ധിച്ചു. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റിയാണ് പ്രീമിയം തുക വര്‍ധിപ്പിച്ചത്.
ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വകാര്യ വിദേശ കമ്പനികളുടെ കടന്നുകയറ്റത്തിനു ശേഷം പ്രീമിയം തുക പതിനെട്ട് മടങ്ങായി വര്‍ധിച്ചു. 75 സിസിയില്‍ കുറവുള്ള സാധാരണ സ്‌കൂട്ടറിന്റെ മാത്രം പ്രീമിയം തുകയിലെ വര്‍ധനയാണിത്.
75 സിസിയില്‍ താഴെയുള്ള സ്‌കൂട്ടറിന് 30 രൂപയായിരുന്നു 15 വര്‍ഷം മുമ്പ് വരെയുള്ള പ്രീമിയം തുക. 12 വര്‍ഷം ഈ തുകയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ 2002ല്‍ 30 രൂപയില്‍ നിന്ന് 160 രൂപയായി ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിപ്പിച്ചു. 2011 ല്‍ 330 രൂപയായി. 2012ല്‍ 350 രൂപയായും 2013ല്‍ 414 രൂപയായും തുക വര്‍ധിപ്പിച്ചു. 2014ല്‍ 415 രൂപയും 2015 ല്‍ 519 രൂപയുമായിരുന്നു ഇത്തരം വാഹനങ്ങളുടെ പ്രീമിയം തുക. 2016ല്‍ അത് 569 ആയി. ആയിരം സിസിക്ക് താഴെയുള്ള കാറുകള്‍ക്ക് 15 മടങ്ങാണ് വര്‍ധിച്ചത്. 15 വര്‍ഷം മുമ്പ് 128 രൂപയായിരുന്നു. 2016 ല്‍ 1908 രൂപയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha