കമ്മീഷണറെ ചൊല്ലി മുഖ്യമന്ത്രി - മന്ത്രി പോര്! അജിത് കുമാർ ലൈംലൈറ്റിൽ നാണംകെട്ടെന്ന് മന്ത്രി

എക്സൈസ് കമ്മീഷണർ എം.ആർ അജിത് കുമാറിനെ എത്രയും വേഗം തത് സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവുമായി എക്സൈസ് മന്ത്രി എം.ബി രാജേഷ് മുഖ്യമന്ത്രിയെ കണ്ടു. എന്നാൽ സാധ്യമല്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയതെന്ന് മനസിലാക്കുന്നു.
തനിക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ എസ് കോർട്ട് തനൽകണമെന്ന അജിത്തിന്റെ നിർദ്ദേശമാണ് മന്ത്രിക്ക് പ്രകോപനമായത്. മുഖ്യമന്ത്രി തള്ളിയതോടെ അജിത്തിനെതിരെ മന്ത്രി പ്രതികരിച്ചു. മന്ത്രിയ്ക്ക് എസ്കോർട്ട് വേണമെന്ന് എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയിട്ടില്ലെന്നും ഇത് പ്ലാൻ്റ് ചെയ്ത വിചിത്രമായ വാർത്തയാണെന്നും മന്ത്രി പറഞ്ഞു. മൂന്നര വർഷമായി എക്സൈസ് മന്ത്രിയ്ക്ക് ഇല്ലാത്ത എസ്കോർട്ട് ഇപ്പോൾ എന്തിനാണ് എന്ന് ചോദിച്ച അദ്ദേഹം വാർത്ത പടച്ചുവിട്ടവരെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു.
മൂന്നര വർഷമായി മന്ത്രിയ്ക്ക് ഇല്ലാത്ത എസ്കോർട്ട് ഇപ്പോൾ എന്തിനാണ്? വാർത്ത എക്സൈസ് കമ്മീഷണറിനെ ലക്ഷ്യം വെച്ചുള്ളതാണെങ്കിൽ എന്തിന് മന്ത്രിയെ വലിച്ചിടണം? വാർത്ത പടച്ചുവിട്ടവരെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. എസ്കോർട്ട് വേണമെന്ന് ഉത്തരവിറക്കുകയോ വാക്കാൽ നിർദേശിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നായിരുന്നു വിചിത്ര നിർദേശം. എക്സൈസ് കമ്മീണർ എംആർ അജിത്കുമാർ ഇന്നലെ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. സ്വന്തം പണം മുടക്കി എക്സൈസ് ഓഫീസുകൾ ഉദ്യോഗസ്ഥർ വൃത്തിയാക്കണമെന്നുമാണ് നിർദേശത്തിൽ പറയുന്നത്.
എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാറിന്‍റെ വിചിത്ര നിർദേശം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തള്ളി.. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോള്‍ തീരുമാനിക്കേണ്ടത് സർക്കാരാണ്. ഏതെങ്കിലും ഉദ്യോഗസ്ഥൻ അല്ലെന്നാണ് ശിവന്‍കുട്ടിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്ക് ഒരു ഫോട്ടോകോൾ ഉണ്ട്. ആ പ്രോട്ടോകോൾ പ്രകാരമാണ് കാര്യങ്ങൾ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹോട്ടലിലോ ഗസ്‌റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും അജിത്ത് കുമാറിന്റെ നിർദേശത്തിൽ പറയുന്നു. അതേസമയം, എൻഫോഴ്‌സ്മെൻ്റിന് ഉപയോഗിക്കുന്ന വാഹനം പൈലറ്റായി എങ്ങനെ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്നായിരുന്നു നിര്‍ദേശിച്ചത്. വകുപ്പ് മന്ത്രി എം ബി രാജേഷ് പോലുമറിയാതെയാണ് അജിത് കുമാര്‍ ഇത്തരത്തില്‍ ഒരു പരിഷ്‌കരണവുമായി വന്നത്.
ആവശ്യത്തിന് ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ലാതെ എക്‌സൈസ് നട്ടം തിരിയുമ്പോഴാണ് കമ്മീഷണറുടെ നിര്‍ദേശം എന്നതാണ് ശ്രദ്ധേയം. മന്ത്രിക്ക് എസ്‌കോര്‍ട്ട് നല്‍കുന്ന ദിവസം എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ വേണ്ടെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ മിനുറ്റ്‌സില്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.
എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശത്തില്‍ മന്ത്രി എം ബി രാജേഷിന് കടുത്ത അതൃപ്തി അറിയിച്ചതായാണ് വിവരം. സംഭവം വാര്‍ത്തയായതോടെ മന്ത്രി എം ബി രാജേഷിന്റെ ഓഫീസ് അജിത് കുമാറുമായി ബന്ധപ്പെട്ടു. ജില്ലയുടെ മേധാവിയായ ഡെപ്യൂട്ടി കമ്മീഷണര്‍, മന്ത്രി അതാത് ജില്ലയില്‍ എത്തുമ്പോള്‍ ബ്രീഫ് ചെയ്യാറുണ്ടെന്നും അതില്‍ അടുത്തിടെ ചില വീഴ്ചകള്‍ സംഭവിച്ചെന്നുമാണ് എക്‌സൈസ് കമ്മീഷര്‍ ഇത് സംബന്ധിച്ച് നല്‍കിയ വിശദീകരണം. അത് ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തതെന്നും എക്‌സൈസ് കമ്മീഷണര്‍ വിശീകരിച്ചു.
വിവാദങ്ങളെ തുടർന്ന് എ.ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയ എം.ആർ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകാൻ നീക്കം നടന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്.. ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനാണ് സംസ്ഥാന സർക്കാറിന്റെ നീക്കം. ഐ.പി.എസ് സ്ക്രീനിങ് കമ്മിറ്റി എം.ആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നൽകി. യു.പി.എസ്.സി ആണ് വിഷയത്തിൽ അന്തിമതീരുമാനം എടുക്കുക.
ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടങ്ങിയതാണ് ഐ.പി.എസ് സ്ക്രീനിങ് കമ്മിറ്റി. തൃശൂർ പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളിൽ നിലവിൽ എം.ആർ അജിത്കുമാർ അന്വേഷണം നേരിടുകയാണ്. എന്നാൽ അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്ക്രീനിങ് കമ്മിറ്റിയുടെ നിലപാട്.
നിലവിൽ മൂന്ന് കേസുകളിലും അജിത്കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയെങ്കിലും സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ അജിത്കുമാർ നേരിട്ടിട്ടില്ല. സ്ഥാനക്കയറ്റം ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി മെമ്മോ ലഭിച്ചിട്ടുമില്ല. അതിനാൽ സ്ഥാനക്കയറ്റം ലഭിക്കാൻ അജിത്കുമാറിന് വെല്ലുവിളികൾ ഉണ്ടാവില്ല.
എഡിജിപി എം.ആര്‍.അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് 2025 ജൂലൈ 1ന് സര്‍വീസില്‍നിന്ന് വിരമിച്ച ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കുക. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് അജിത് കുമാറിന് ഡിജിപി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
വിജിലന്‍സ് അന്വേഷണം നടത്തി കേസെടുത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ സ്ഥാനക്കയറ്റത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ വ്യവസ്ഥയുള്ളൂവെന്നു വിജിലന്‍സ് ഡയറക്ടറും സ്‌ക്രീനിങ് കമ്മിറ്റിയില്‍ വിശദീകരിച്ചു. അനധികൃത സ്വത്ത് ആരോപണത്തില്‍ വിജിലന്‍സ് അടുത്തുതന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നാണു വിവരം. എന്നാല്‍ ആര്‍എസ്എസ് കൂടിക്കാഴ്ച സ്വകാര്യമെന്ന അജിത്കുമാറിന്റെ വാദം തള്ളിയും സര്‍വീസ് ചട്ടലംഘനമെന്ന സൂചന നല്‍കിയും ഡിജിപി എസ്.ദര്‍വേഷ് സാഹിബ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വച്ചിരുന്നു.എന്നാൽ ഇതിൻമേൽ യാതൊരു നടപടിയും ഉണ്ടായില്ല. കാരണം അജിത്തിനെ തൊട്ടാൽ പുളിക്കും എന്നതാണ് അവസ്ഥ.
എഡിജിപി എം.ആര്‍.അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര നടത്തിയതാണ് ഒടുവിലത്തെ വിവാദം. ഇതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് എഡിജിപിക്കെതിരെ റവന്യു മന്ത്രി കെ. രാജൻ വിമർശനം ഉന്നയിച്ചത്. അജിത്കുമാറിന്റെ പ്രവൃത്തി മനഃപൂർവമെന്നായിരുന്നു കോടതി വിമർശനം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആംബുലൻസിൽ പോകാമായിരുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു എ ഡി ജിപിയുടെ ട്രാക്ടർ യാത്രയെന്ന് കാണിച്ച് ശബരിമല സ്‌പെഷല്‍ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ട്രാക്ടര്‍ യാത്ര വിവാദമായതിനെ തുടർന്നായിരുന്നു കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പൂരം അലങ്കോലമായതിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകിയിരുന്നു.എം.ആർ അജിത്കുമാറിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നാണ് മന്ത്രി മൊഴി നൽകിയത്. എഡിജിപി സ്ഥലത്തുണ്ടായിരുന്നുവെന്ന് അറിഞ്ഞാണ് വിളിച്ചതെന്നുമായിരുന്നു മന്ത്രിയുടെ മൊഴി.
എന്നാൽ പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്നും രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നുവെന്നുമാണ് ഡിജിപിക്ക് അജിത്കുമാർ നൽകിയ മൊഴി. മന്ത്രി രാജനെ സംബന്ധിച്ചടത്തോളം കണ്ണിലെ കരടാണ് എം.ആർ. അജിത്കുമാർ. അദ്ദേഹത്തിനെതിരെയുള്ള എല്ലാ നീക്കങ്ങളും മന്ത്രി സമർത്ഥമായി പ്രയോജനപ്പെടുത്തും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പോലും സി.പി.ഐ മന്ത്രിമാർ ഇത്രയധികം വാശിയിൽ സംസാരിച്ചിട്ടില്ല. മന്ത്രി രാജനാകട്ടെ സൗമ്യമായി സംസാരിക്കുന്നയാളുമാണ്. ഇതെല്ലാം ഒരു നിമിഷം കൊണ്ടാണ് കീഴ്മേൽ മറിഞ്ഞത്.സി പിഎമ്മിനോട് പൊറുക്കാൻ തങ്ങളില്ലെന്ന വാശിയിലാണ് സി.പി.ഐ ഉള്ളത്. ഇതിനു മുമ്പ് മന്ത്രി രാജൻ പിണറായിയുമായി ഉടക്കിയത് മുൻ മന്ത്രി ചന്ദ്രശേഖരന് മർദ്ദനമേറ്റ സംഭവത്തിലാണ്. എം.ആർ. അജിത്തിനെ എക്സൈസിലെക്ക് മാറ്റാൻ കാരണവും സി പി ഐ നേതാക്കളാണ് .പോലീസിൽ നിന്നും മാറ്റി നിർത്തിയതു കൊണ്ടാണ് അന്ന് വിവാദം തണുത്തത്.
പുതിയ വിവാദം അറിഞ്ഞ മന്ത്രി കെ. രാജൻ മന്ത്രി എം.ബി.രാജേഷുമായി ആശയവിനിമയം നടത്തിയിരുന്നു. രാജേഷിന് അജിത് കുമാറിനോട് താത്പര്യം ഇല്ലെങ്കിലും അദ്ദേഹം സൂക്ഷമതയോടെയാണ് നീങ്ങുന്നത്. കാരണം അജിത്തിനെ തൂക്കാൻ സി പി ഐ കാത്തിരിക്കുകയാണ്.അജിത് കുമാർ മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടവനായതിനാൽ രാജേഷ് അതിന് തയ്യാറാവില്ല. എങ്ങനെയെങ്കിലും അജിത്ത് കുമാറിൽ നിന്നും ഒഴിവാകാനാണ് മന്ത്രി രാജേഷ് ശ്രമിക്കുന്നത്.
അജിത് കുമാറിന്റെ കാര്യത്തിലായാലും മറ്റുള്ളവരുടെ കാര്യത്തിലായാലും, മുഖ്യമന്ത്രി വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കും. ലോകമൊന്നാകെ കുലുങ്ങിയാലും അദ്ദേഹം കുലുങ്ങാതെ അവരെ വിശ്വസിക്കും. അദ്ദേഹത്തിന്റെ പ്രകൃതമാണത്. ആർ. എസ്. എസ്. നേതാവിനെ അജിത് കുമാർ കണ്ടത് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ചങ്കുറപ്പോടെയാണ് . എവിടെ നിന്നാണ് മുഖ്യമന്ത്രിക്ക് ഇതിനുള്ള ആർജവം കിട്ടിയതെന്ന് വ്യക്തമല്ല. എന്നാൽ ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് അജിത് കുമാറിന് എതിരാകില്ലെന്ന് മുഖ്യമന്ത്രി വിശ്വസിച്ചു. ഇതിന് കാരണം മുഖ്യമന്ത്രിയുടെ വിശ്വസ്തരായ രണ്ട് ഉദ്യോഗസ്ഥരുടെ ഉറപ്പാണ്. അത് രമൺ ശ്രീവാസ്തവയും ലോക നാഥ് ബഹ്റയുമാണ്. ഇവരുടെ നിർദ്ദേശ പ്രകാരമാണ് ഡി.ജി പിക്ക് സർവീസ് നീട്ടി നൽകിയത്. എന്നാൽ ഭർവേഷിന്റെ റിപ്പോർട്ട് അജിത്തിന് എതിരായി.
അജിത്തിനെ സംരക്ഷിക്കേണ്ട ബാധ്യതയാണ് മുഖ്യമന്ത്രിക്ക് വന്നു ചേർന്നിരിക്കുന്നത്.തന്നെ ആരാണ് ആർ എസ് എസ് നേതാവിന് അടുത്തേക്ക് അയച്ചതെന്ന് അജിത് പറഞ്ഞാൽ കുടുങ്ങുന്നത് മുഖ്യമന്ത്രിയായിരിക്കും. അതാണ് അജിത്തിന്റെ ഭീഷണി.
ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഘടകകക്ഷികള്‍ എൽഡിഎഫ് യോഗത്തിൽ അതിശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും ഉടനെ നടപടി വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കൂടിക്കാഴ്ച സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ആരോപണങ്ങൾ എല്ലാം അന്വേഷിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. അന്വേഷണം തീരുംവരെ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.
സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി എഡിജിപിയെ പ്രതിരോധിച്ചത്. എഡിജിപിയെ മാറ്റാന്‍ നടപടിക്രമങ്ങള്‍ ഉണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് ചര്‍ച്ച ചെയ്യണമെന്ന് ആര്‍ജെഡി എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. വിഷയം യോഗത്തിന്റെ അജന്‍ഡയില്‍ ഉണ്ടായിരുന്നില്ല. താന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ചര്‍ച്ച നടത്തിയതെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഇതോടെ സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ അവരുടെ നിലപാട് അറിയിച്ചു. തുടര്‍ന്ന് ഈ രാഷ്ട്രീയ വിഷയം കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് അതിന് എതിരായി പറയാന്‍ കഴിയില്ലെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
സമീപകാല സംഭവങ്ങളില്‍ ഏറ്റവും പ്രധാനം എഡിജിപി ആര്‍എസ്എസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതാണ്. കേരളത്തില്‍ ആര്‍എസ്എസിന്റെ വലിയ സൂക്ഷ്മമായ വളര്‍ച്ചയാണ് സംഭവിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് ഒരു വോട്ട് കിട്ടി. ഒരു എംഎല്‍എയുടെ വോട്ട് എങ്ങനെയാണ് അവര്‍ക്ക് കിട്ടിയത്. ബിജെപിയുടെ വോട്ട് 19 ശതമാനമായി മാറിയെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. എന്നാൽ ഇതിൽ നിന്നെല്ലാം മുഖ്യമന്ത്രി അജിത്തിനെ രക്ഷിച്ചു.
എന്നാൽ മന്ത്രി രാജേഷ് ഇത്തരം അപമാനങ്ങൾ സഹിക്കുന്നയാളല്ല.സ്വന്തം അഭിപ്രായം തുറന്ന് പറയും. എക്സൈസ് മന്ത്രിയായിട്ടും അദ്ദേഹം ആരോപണങ്ങൾ കേൾപ്പിച്ചില്ല. അതാണ് അദ്ദേഹത്തിന്റെ ആർജവം.തന്നെ പൊതുജനമധ്യത്തിൽ അപമാനിക്കാറുള്ള ഗ്രാമമാണ് നടന്നതെന്ന്മന്ത്രി വിശ്വസിക്കുന്നു.അതാണ് അദ്ദേഹത്തിന്റെ സങ്കടം.എങ്ങനെയെങ്കിലും വിവാദത്തിൽ നിന്നും കരകയറാനാണ് അദ്ദേഹത്തിന്റെ ശ്രമം. അതിനാണ് അജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. പക്ഷേ മുഖ്യമന്ത്രി വഴങ്ങുന്നില്ല.
https://www.facebook.com/Malayalivartha
























