ക്ഷാമബത്ത നൽകുന്നതിൽ സർക്കാർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു എന്ന വാർത്തകൾ തെറ്റിദ്ധാരണയുണ്ടാക്കുന്നത്; ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ക്ഷാമബത്ത നൽകുന്നതിൽ സർക്കാർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു എന്ന വാർത്തകൾ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. സാമ്പത്തികമായ കടുത്ത പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക ഉൾപ്പെടെയുള്ള തുക നൽകുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും ഇതിൽ സർക്കാരിന് മറ്റ് സമീപനമില്ലെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരും പെൻഷൻകാരും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജീവനക്കാരുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ക്ഷാമബത്ത നൽകുന്നത് സർക്കാരിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തീരുമാനത്തിന്റെ ഭാഗമാണ്. ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിന്റെ കുടിശിക സർക്കാർ ഘട്ടങ്ങളായി നൽകി വരുന്നുണ്ട്. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ പോലും ഡിഎ നൽകാതിരുന്നപ്പോൾ കേരളം ശമ്പളം കൃത്യമായി നൽകിയിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സിവിൽ സർവീസിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ നാല് ലക്ഷത്തോളം പേർക്ക് നിയമനം നൽകിയിട്ടുണ്ട്. അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കാനും സ്ത്രീ സുരക്ഷാ പദ്ധതി, യുവാക്കൾക്കുള്ള കണക്ട് ടു വർക്ക് തുടങ്ങിയ പുതിയ പദ്ധതികൾ ആരംഭിക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാന സ്രോതസ്സുകൾ കേരളത്തിന് നഷ്ടമായി. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഗ്രാന്റുകളിലും വായ്പാ പരിധിയിലും വലിയ വെട്ടിക്കുറവുകൾ ഉണ്ടായിട്ടുണ്ട്.
കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തിൽ താഴെ മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. എന്നാൽ മറ്റ് പല സംസ്ഥാനങ്ങൾക്കും ഇത് 50 മുതൽ 72 ശതമാനം വരെയാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസിൽ അനുകൂലമായ തീരുമാനമുണ്ടായാൽ സാമ്പത്തിക പ്രതിസന്ധിക്ക് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























