മലപ്പുറത്തെ 14കാരിയുടെ കൊലപാതകം; 16കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

മലപ്പുറം തൊടിയപുലത്ത് 14കാരിയെ 16കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ 16കാരന്‍ ലഹരിക്കടിമയാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ വൈകുന്നരം ആറരയ്ക്കും രാത്രി ഒമ്പത് മണിക്കുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.
സംഭവം നടക്കുന്നതിന്റെ രണ്ടുദിവസം മുന്‍പ് പ്രതി കുട്ടിയുടെ വീട്ടില്‍ പോയിരുന്നു. വീട്ടുകാര്‍ അടുപ്പത്തില്‍ നിന്ന് വിലക്കിയതോടെ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ചാണ് പതിനാറുകാരന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് തിരികെപോയതെന്നും ബന്ധുക്കള്‍ പറയുന്നു. അതേസമയം, ബലാത്സംഗം ചെയ്തശേഷം രക്ഷപ്പെടാന്‍ വേണ്ടിയാണ് പ്രതി കഴുത്തുഞെരിച്ച് കൊന്നതാകാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വാണിയമ്പലത്തിനും തൊടിയപുലത്തിനുമിടയില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിലാണ് ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിലേയ്ക്ക് വരുന്നതായി കുട്ടി മാതാപിതാക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്ന് കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളും വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
ഇതിനിടയില്‍ കുട്ടിയുടെ ബന്ധുക്കള്‍ പ്രതിയുടെ വീട്ടിലുമെത്തിയിരുന്നു. പെണ്‍കുട്ടി വൈകുന്നേരം ആറുമണിവരെ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും പിന്നീട് മറ്റൊരാളോടൊപ്പം പോയെന്നുമാണ് പ്രതി ബന്ധുക്കളോട് പറഞ്ഞത്. കൊടുംക്രിമിനലിനെ പോലെയാണ് പ്രതി സംസാരിച്ചതെന്നും ലഹരിക്കടിമയായവരെ പോലെയാണ് പെരുമാറിയതെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്.
https://www.facebook.com/Malayalivartha
























