ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. വയനാട് മേപ്പാടി കുപ്പച്ചി കോളനിയിലെ 26 വയസ്സുകാരിയാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു.
കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് സുവിലേഷ് എസ്.വി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നയന്‍താര ജോണ്‍സന്‍ എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് യാത്രതിരിച്ചു. ആംബുലന്‍സ് മേപ്പാടി എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നയന്‍താര നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി. ഉടനെ തന്നെ ആംബുലന്‍സില്‍ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു.
രാവിലെ 6.25നു നയന്‍താരയുടെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് നയന്‍താര അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ഉടന്‍ ഇരുവരെയും ആംബുലന്‍സ് പൈലറ്റ് സുവിലേഷ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























