സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍

'ബ്രിഡ്ജ് ഫണ്ടിംഗ്' തേടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യക്തമായ വളര്‍ച്ചാ ലക്ഷ്യങ്ങളും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാനുള്ള കഴിവും സാമ്പത്തിക അച്ചടക്കവും ഉണ്ടായിരിക്കണമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബലിലെ പാനല്‍ ചര്‍ച്ചയില്‍ നിക്ഷേപകര്‍ അഭിപ്രായപ്പെട്ടു. 'ദ ബ്രിഡ്ജ് റൗണ്ട് ട്രാപ്പ്: സര്‍വൈവിംഗ് ബിറ്റ് വീൻ സീഡ്, സീരീസ് എ ആന്‍ഡ് ബിയോണ്ട്' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വെന്‍റാന വെഞ്ചേഴ്സ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഫിനാന്‍സ് വിഭാഗം വൈസ് പ്രസിഡന്‍റ് പൂര്‍ണിമ നായക് മോഡറേറ്ററായി.
പണം സമാഹരിക്കുക എന്നതിലുപരി അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ പദ്ധതിയും അടുത്ത ഘട്ടത്തിലേക്കുള്ള പുരോഗതി തെളിയിക്കാനാകുന്നതുമാണ് ഒരു ബ്രിഡ്ജ് റൗണ്ടിനെ വിജയകരമാക്കുന്നതെന്ന് ചര്‍ച്ച വിലയിരുത്തി.
'നിക്ഷേപകരുടെ കാഴ്ചപ്പാടില്‍ ബ്രിഡ്ജ് റൗണ്ടുകള്‍ മോശം കാര്യമല്ലെന്നും നിയന്ത്രണാതീതമായ കാരണങ്ങളാല്‍ വളര്‍ച്ചാ പാതയില്‍ നിന്ന് വ്യതിചലിക്കേണ്ടി വരുമ്പോള്‍ അവ ന്യായീകരിക്കാവുന്നതാണെന്നും മെറാക്ക് വെഞ്ചേഴ്സ് ഡയറക്ടര്‍ പ്രണവ് സംഘ്വി അദ്ദേഹം പറഞ്ഞു. എന്നാല്‍ മൂലധനത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാതെ പണം സ്വീകരിക്കുന്നതിനെതിരെ അദ്ദേഹം സ്ഥാപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എല്ലാ പണവും നല്ല പണമല്ലെന്നും എല്ലാ മൂലധനവും ഒരേ ഗുണനിലവാരമുള്ളതുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ട്ടപ്പുകളുടെ സാമ്പത്തിക ആയുസ്സ് നീട്ടാന്‍ മാത്രമായി ബ്രിഡ്ജ് ഫണ്ടിംഗ് ഉപയോഗിക്കരുതെന്നും കൃത്യമായ ബിസിനസ്സ് ലക്ഷ്യങ്ങളുമായി അതിനെ ബന്ധിപ്പിക്കണമെന്നും മാര്‍സ് ഗ്രോത്ത് ക്യാപിറ്റല്‍ സിഇഒ നവാസ് എബിന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. വെഞ്ച്വര്‍ ക്യാപിറ്റല്‍ മേഖലയില്‍ നിക്ഷേപ കരാറുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മികച്ച വളര്‍ച്ചാ സാധ്യതയുള്ള കമ്പനികളില്‍ വലിയ നിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. പുതിയ വിപണികളിലേക്ക് കടക്കാനും ഉപഭോക്താക്കളെ നേടാനും ബിസിനസ്സ് വിപുലീകരിക്കാനും ബ്രിഡ്ജ് ക്യാപിറ്റല്‍ ഉപയോഗിക്കാം. ചില സാഹചര്യങ്ങളില്‍ ഇക്വിറ്റിയും കടവും സംയോജിപ്പിച്ചുള്ള രീതിയും പരിഗണിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിഡ്ജ് ഫണ്ടിംഗ് പരിഗണിക്കുമ്പോള്‍ നിക്ഷേപകര്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് വിലയിരുത്തുന്നതെന്ന് ബിയോണ്ട് നെക്സ്റ്റ് വെഞ്ചേഴ്സ് പാര്‍ട്ണറും ഇന്‍വെസ്റ്റ്മെന്‍റ് മേധാവിയുമായ ജയ് കൃഷ്ണന്‍ പറഞ്ഞു: സാങ്കേതികവിദ്യയിലുള്ള വെല്ലുവിളികള്‍, മുന്‍കാല തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനുള്ള സംരംഭകന്‍റെ കഴിവ്, വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ എന്നിവയാണവയെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ചെലവുകളെ അവശ്യ ചെലവുകള്‍, വളര്‍ച്ചയ്ക്കുള്ള നിക്ഷേപങ്ങള്‍, മാറ്റിവെക്കാവുന്ന ചെലവുകള്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കണമെന്ന് മേള വെഞ്ചേഴ്സ് പാര്‍ട്ണര്‍ വിജു ജോര്‍ജ് ചൂണ്ടിക്കാട്ടി. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് പകരം നിലവിലുള്ള ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഐവിക്യാപ് വെന്‍ചേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ വിക്രം ഗുപ്ത പറഞ്ഞു. ഹഡില്‍ ഗ്ലോബല്‍ വേദിയില്‍ കേരള മൊമെന്‍റ്- ഫ്രം ടാലന്‍റ് ടു സ്കെയില്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മനുഷ്യവിഭവശേഷി, പ്രവാസി നിക്ഷേപകര്‍, ഗവേഷണ സ്ഥാപനങ്ങള്‍, സംരംഭകത്വ സാധ്യതകള്‍ എന്നിവയാണ് ഈ നേട്ടത്തിന് പിന്നില്‍.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലേക്ക് വന്‍തോതില്‍ നിക്ഷേപകരും സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളും എത്തിച്ചേരുന്നുണ്ട്. ഹെല്‍ത്ത് ടെക്, ക്ലൈമറ്റ് ടെക്, ഫുഡ് ആന്‍ഡ് അഗ്രി, മറൈന്‍, എന്‍റര്‍പ്രൈസ് ടെക്നോളജി തുടങ്ങിയ മേഖലകളില്‍ കേരളത്തിന് വലിയ സാധ്യതകളാണുള്ളത്. കേരളത്തിന്‍റെ ഈ വളര്‍ച്ച മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് മികച്ച അക്കാദമിക് സംവിധാനമുണ്ടെങ്കിലും കൂടുതല്‍ ഇന്നവേറ്റീവ് ഹബ്ബുകള്‍ രൂപീകരിക്കേണ്ടതുണ്ട്. യു.എസ്, ചൈന, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രധാനപ്പെട്ട അക്കാദമിക് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നിരവധി ഇന്നൊവേഷന്‍ ഹബ്ബുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഐ, കാലാവസ്ഥ, ഭക്ഷണം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളത്തിന് വന്‍തോതില്‍ ഇന്നവേറ്റീവ് ഹബ്ബുകള്‍ സൃഷ്ടിക്കാനുള്ള അവസരങ്ങളുണ്ടെന്ന് കേരളത്തിന്‍റെ ഇന്നവേറ്റീവ്-സംരംഭകത്വ സാധ്യതകള്‍ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























