കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്ന ആശയത്തില്‍ ശ്രദ്ധവയ്ക്കണമെന്ന് മാധ്യമ-ഇന്‍റര്‍നെറ്റ് കണ്ടന്‍റ് വിദഗ്ധര്‍. കോവളത്ത് നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ 2026 ലെ സെഷനിലാണ് ഈ അഭിപ്രായമുയര്‍ന്നത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടാന്‍ കഴിയുന്ന ഉള്ളടക്കങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ തങ്ങളുടെ സാംസ്കാരിക വേരുകള്‍ക്ക് പുറത്തേക്ക് അന്വേഷണം നടത്തേണ്ടതില്ലെന്നും വിദഗ്ധര്‍ പറഞ്ഞു. ഉയര്‍ന്ന നിര്‍മ്മാണ നിലവാരവും സാങ്കേതിക മികവും ഒത്തുചേര്‍ന്ന് പ്രാദേശിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് തന്നെ സാര്‍വത്രികമായ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉള്ളടക്കങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം.
ത്രീ ഇഡിയറ്റ്സ്, ദംഗല്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമകള്‍ ചൈന പോലുള്ള വിപണികളില്‍ നേടിയ വിജയവും മലയാളം സിനിമയായ ദൃശ്യം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതും റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിലെ ആശിഷ് സിംഗ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. തന്‍റെ കുടുംബത്തെ സംരക്ഷിക്കാന്‍ പോരാടുന്ന ഒരാള്‍ എന്ന സിനിമയുടെ പ്രധാന പ്രമേയം ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നാണ്. ആഗോള പ്രേക്ഷകരിലേക്ക് എത്തുന്നതിന് സാങ്കേതികവും നിര്‍മ്മാണപരവുമായ ഗുണനിലവാരം അനിവാര്യമാണെങ്കിലും വ്യത്യസ്ത സംസ്കാരങ്ങളിലുള്ള ആളുകളിലേക്ക് കഥകളെ എത്തിക്കുന്നതില്‍ പ്രധാന ഘടകം വൈകാരിക ബന്ധം തന്നെയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമുള്ള ഉള്ളടക്കങ്ങള്‍ ലഭ്യമാകുന്ന ഇന്‍റര്‍നെറ്റ് പ്രേക്ഷകരുടെ ആവശ്യങ്ങളും പ്രവചനാതീതമായ സ്വഭാവവും വര്‍ധിച്ചുവരുകയാണെന്ന് സീ5 ഗ്ലോബല്‍ മുന്‍ ഉദ്യോഗസ്ഥയായ അര്‍ച്ചന ആനന്ദ് ചൂണ്ടിക്കാട്ടി. നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഉള്ളപ്പോള്‍ പ്രേക്ഷകരെ നിലനിര്‍ത്തുകയെന്നത് ഒടിടികള്‍ക്ക് വലിയ വെല്ലുവിളിയാണ്. നെറ്റഫ്ളിക്സിന് പോലും ഈ വെല്ലുവിളിയുണ്ട്. അതേസമയം യൂട്യൂബിന് ബിസിനസ് മോഡലില്‍ പ്രത്യേക നേട്ടമുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കണ്ടന്‍റിനായി മുന്‍കൂട്ടി പണം മുടക്കുമ്പോള്‍ യുട്യൂബില്‍ കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ ഉള്ളടക്കം നല്‍കുകയും അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം പങ്കിടുകയുമാണ് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
സിനിമ നിര്‍മ്മാണത്തിലെ അനിശ്ചിതത്വങ്ങളെക്കുറിച്ച് അരോമ ഗ്രൂപ്പ്-ഫ്രാഗ്രന്‍റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് പ്രതിനിധി ആനി സജീവ് സംസാരിച്ചു. സിനിമ നിര്‍മ്മാണത്തെ ഒരു സാധാരണ ബിസിനസ് പോലെ സമീപിക്കാനാകില്ല. സര്‍ഗാത്മക പ്രക്രിയയില്‍ സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാം. അതിനാല്‍ ആസൂത്രണങ്ങളും രീതികളും ബജറ്റും എല്ലായ്പോഴും പ്രതീക്ഷിച്ച ഫലം നല്‍കണമെന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ഡിജിറ്റല്‍ വിപണിയിലെ സംഗീത പകര്‍പ്പവകാശങ്ങള്‍, അംഗീകാരം, ലൈസന്‍സിംഗ് എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളിലേക്ക് ഹൂപ്പര്‍.എഐ സ്ഥാപകന്‍ ഗൗരവ് ദാവോങ്കര്‍ ശ്രദ്ധ ക്ഷണിച്ചു. താന്‍ സൃഷ്ടിച്ച ഒരു ഗാനം അംഗീകാരമില്ലാതെ അഞ്ച് വ്യത്യസ്ത ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ അനുഭവമാണ് ബിസിനസ് നടത്തുന്നതിനായി സുതാര്യവും നിയമപരവുമായ സംവിധാനത്തിലൂടെ വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള ഡിജിറ്റല്‍ ഉള്ളടക്കങ്ങളില്‍ ഇന്ത്യന്‍ സംഗീതം കൂടുതലായി ഇടംപിടിക്കുന്ന സാഹചര്യത്തില്‍ സ്രഷ്ടാക്കള്‍ക്ക് വലിയ അവസരങ്ങളാണ് ഇതിലൂടെ തുറന്നുകിട്ടുന്നത്. ആപ്പിള്‍ പോലുള്ള ബ്രാന്‍ഡുകള്‍ പ്രചാരണ വീഡിയോകളില്‍ ഇന്ത്യന്‍ ഗാനങ്ങള്‍ ഉപയോഗിക്കുന്നതും വിംബിള്‍ഡണ്‍ പോലുള്ള വേദികളില്‍ അവ ഉള്‍പ്പെടുത്തുന്നതും ഇന്ത്യന്‍ പ്രേക്ഷകരുമായി ബന്ധം സ്ഥാപിക്കാനുള്ള വര്‍ധിച്ചുവരുന്ന താല്‍പ്പര്യത്തിന് ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























