റോഡുകള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നു; അപകടത്തില്‍പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ

റോഡപകടങ്ങളില്‍പെടുന്നവരെ എത്രയും വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനും സൗജന്യ ചികിത്സ ഉറപ്പാക്കാനുമായി മോട്ടോര്‍ വാഹനവകുപ്പ് റോഡുകളെ ഇന്‍ഷ്വര്‍ ചെയ്യുന്നു. അപകടത്തില്‍പെട്ടവര്‍ റോഡില്‍ രക്തം വാര്‍ന്നുകിടന്ന് മരിക്കുന്നതും സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നതുമാണ് പദ്ധതി ആവിഷ്‌കരിക്കാന്‍ പ്രേരണയായത്. കൊല്ലം- എറണാകുളം ദേശീയപാതയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതിക്ക് തുടക്കമിടാനാണ് തീരുമാനം.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് മേട്ടോര്‍ വാഹനവകുപ്പ് നാലു പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. വേഗത്തിലുള്ള ചികിത്സയിലൂടെ മരണനിരക്ക് കുറയുന്നതോടെ ഇന്‍ഷുറന്‍സ് തുകയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നതിനാല്‍ ഇവര്‍ പദ്ധതിയുമായി സഹകരിക്കാന്‍ ഏറെ താല്‍പര്യമാണ് കാട്ടുന്നത്. പ്രീമിയം തുക നിശ്ചയിക്കാനും പദ്ധതിയുടെ അന്തിമരൂപരേഖ തയ്യാറാക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, നാറ്റ്പാക് ഡയറക്ടര്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ ഇവര്‍ ടെന്‍ഡര്‍ ക്ഷണിക്കും. പദ്ധതിക്കായുള്ള ഇന്‍ഷുറന്‍സ ് പ്രീമിയം തുക റോഡ് സേഫ്റ്റി അതോറിറ്റി ഫണ്ടില്‍നിന്ന് കണ്ടെത്താനാണ് തീരുമാനം.
ഇന്‍ഷ്വര്‍ ചെയ്യുന്ന റോഡിനു സമീപത്തെ സ്വകാര്യ ആശുപത്രികളുമായി ഇന്‍ഷുറന്‍സ് കമ്പനി കരാര്‍ ഉണ്ടാക്കും. ഇത്തരക്കാരെ ചികിത്സിച്ചാല്‍ 40,000 രൂപവരെ ആശുപത്രികള്‍ക്ക് ഉടന്‍ നല്‍കും. നിലവില്‍ ആശുപത്രി ചെലവുകള്‍ വ്യക്തികള്‍ തന്നെയാണ് വഹിക്കേണ്ടത്. പിന്നീട് കേസുകള്‍ നടത്തി നാലും അഞ്ചും വര്‍ഷം കഴിയുമ്പോഴാകും വാഹനാപകടങ്ങളില്‍പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തുക ലഭിക്കുക. പുതിയ പദ്ധതിയനുസരിച്ച് ചകിത്സ തേടിയവരില്‍നിന്ന ്പിന്നീട് ചെലവ് കമ്പനികള്‍ തിരിച്ചുപിടിക്കും. നഷ്ട പരിഹാരത്തുക ലഭിക്കുമ്പോള്‍ ആദ്യ ആശുപത്രി ചെലവ് ഇതില്‍നിന്ന് ഈടാക്കാനാണ് ആലോചിക്കുന്നത്.
ഇന്‍ഷുറന്‍സ് ചെയ്യുന്ന റോഡിന്റെ ഒരോ രണ്ടു കിലോമീറ്ററിലും ജി.പി.ആര്‍.എസ് സംവിധാനത്തോടെ കൂടിയ ആംബുലന്‍സുകളും ഒരുക്കും. കണ്‍ട്രോള്‍ റൂമും തുറക്കും. എല്ലായിടത്തും ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പതിച്ച ബോര്‍ഡുകളും സ്ഥാപിക്കും. ഈ നമ്പറുകളില്‍ വിവരം അറിയിച്ചാല്‍ ആംബുലന്‍സുകളെത്തി ആശുപത്രികളിലെത്തിക്കും. ആംബുലന്‍സുകളുടെ നടത്തിപ്പ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏതെങ്കിലും സ്വകാര്യ കമ്പനികളെ എല്‍പിക്കാനാണ് ധാരണ. ന്യൂഡല്‍ഹിയില്‍ നിലവില്‍ സമാനപദ്ധതി നടപ്പാക്കിയിട്ടുണ്ട്. അടുത്തിടെ കേന്ദ്രം പ്രഖ്യാപിച്ച ദേശീയറോഡ് നയത്തിലും ഇത്തരത്തിലൊരു പദ്ധതി പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha