ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുന്നുണ്ടെങ്കിലും കാത്ത്‌ലാബ് മാത്രം വരുന്നില്ലെന്ന പരാതി; നിലമ്പൂരില്‍ കാത്ത്‌ലാബ് ഉടൻ എത്തുമെന്ന് ഉറപ്പ് നൽകി മന്ത്രി വി. അബ്ദുറഹിമാന്‍

നിലമ്പൂരില്‍ കാത്ത്‌ലാബ് യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എന്‍.എച്ച്.എം ഫണ്ടില്‍ നിന്നും 19 കോടി ചെലവിട്ട് നിര്‍മ്മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ഉറപ്പ്. അധ്യക്ഷ പ്രസംഗത്തിനിടെ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയാണ് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സൗകര്യത്തോടെയുള്ള കാര്‍ഡിയോളജി വാര്‍ഡും കാര്‍ഡിയോളജിസ്റ്റിന്റെ തസ്തികയും അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുന്നുണ്ടെങ്കിലും കാത്ത്‌ലാബ് മാത്രം വരുന്നില്ലെന്ന പരാതിയും എം.എല്‍.എ പങ്കിട്ടു. ഉദ്ഘാടന പ്രസംഗത്തില്‍ കാത്ത്‌ലാബ് യാഥാര്‍ത്ഥ്യമാക്കുമെന്നാണ് മന്ത്രി ഉറപ്പ് നല്‍കിയത്. കാത്ത്‌ലാബിനായി 2024-25 ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇതിന്റെ 20ശതമാനം നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാത്ത്‌ലാബിന്റെ ഭരണാനുമതി അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
10 വര്‍ഷംകൊണ്ട് കേരളത്തിലെ ആരോഗ്യമേഖലയെ സര്‍ക്കാര്‍ ജനകീയ വല്‍ക്കരിച്ചതായി മന്ത്രി പറഞ്ഞു. അ1300 കോടി ചെലവിട്ട് അവയവദാനത്തിനുള്ള ആശുപത്രി കോഴിക്കോട്ട് ആരംഭിക്കാന്‍ തുടക്കമിട്ടിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുള്ള ചികിത്സകളാ സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ചികിത്സക്കായി വിദേശത്തുനിന്നുപോലും ആളുകള്‍ എത്തുകയാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.
46,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 4 നിലകളിലായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബ്ലോക്കാണ് തയ്യാറാക്കിയിട്ടുളളത്. ഗൈനക്കോളജി വിഭാഗം ഒ.പി, ശിശുരോഗ വിഭാഗം ഒ.പി, ഒബ്‌സര്‍വേഷന്‍ റൂം, പ്രതിരോധ കുത്തിവെയ്പ്പ് മുറി, അള്‍ട്രാസൗണ്ട് സ്‌കാന്‍ സംവിധാനം എന്നിവ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്ക് 1.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയുടെ വികസനത്തിനായി സര്‍ക്കാര്‍ സമീപത്തുള്ള ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ 30 സെന്റ് സ്ഥലം വിട്ടുനല്‍കിയതായി ഉത്തരവിറക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ഹാജി പറഞ്ഞു. ഇവിടെ നേരത്തെ ഫണ്ട് അനുവദിച്ച 9 കോടിയുടെ പുതിയ കെട്ടിടം പണിയാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















