നിരഞ്ജന്റെ ഓര്‍മ്മകളിലൂടെ രാധിക

ലഫ്. കേണല്‍ ഇ.കെ.നിരഞ്ജന്റെ വീരമൃത്യു, മൂന്നുവര്‍ഷം മാത്രം നീണ്ട ദാമ്പത്യത്തിന് പൂര്‍ണവിരാമമിട്ടപ്പോള്‍, ആ സ്‌നേഹത്തിന്റേയും കരുതലിന്റെയും ഓര്‍മച്ചിത്രങ്ങള്‍ ഡോ. രാധികയ്ക്കും വഴിവിളക്കാവുകയാണ്. ഓര്‍മകളുടെ പെരുമഴയില്‍, പോയകാലത്തിന്റെ കുന്നിന്‍ചരുവിലൂടെ നിരഞ്ജന്റെ സാമീപ്യം മനസ്സിലനുഭവിച്ച് ഈ പ്രിയപത്‌നി യാത്രതുടരുന്നു. രാജ്യം ബഹുമാനത്തോടെ നീട്ടിയ ഡോക്ടര്‍ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഇപ്പോള്‍ രാധിക. പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയില്‍ ദന്തരോഗവിഭാഗത്തില്‍ ചാര്‍ജെടുക്കുമ്പോള്‍ നിരഞ്ജന്റെ ആഗ്രഹപൂര്‍ത്തീകരണമാണ് തന്റെ ഈ പുതിയ ദൗത്യമെന്ന് രാധികയ്ക്ക് തികഞ്ഞ ബോധ്യമുണ്ട്. നിരഞ്ജന്റെ മരണശേഷം രാധിക ആദ്യമായി വീടിനു പുറത്തിറങ്ങുന്നതുതന്നെ ജില്ലാ ആസ്പത്രിയില്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു.
സൈനികന്റെജീവിതത്തിലേക്ക്
പുലാമന്തോള്‍ പാലൂരിലെ ജ്യോതിഷപണ്ഡിതന്‍ ഗോപാലകൃഷ്ണപ്പണിക്കരുടെ മകളായ രാധിക ബെംഗളൂരുവില്‍ ബി.എഡി.എസ്. പഠനം പൂര്‍ത്തിയാക്കിയ സമയം. അന്ന് സൈന്യത്തില്‍ മേജറായിരുന്ന നിരഞ്ജന്‍ 2013 മാര്‍ച്ച് 31നാണ് ഈ പെണ്‍കുട്ടിയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്. സ്വപ്നസമാനമായ ഒരു ജീവിതത്തിന്റെ തുടക്കം. സ്‌നേഹത്തിന്റെ സമ്മോഹനമുഹൂര്‍ത്തങ്ങളാണ് ദൈവം അവര്‍ക്കായി കാത്തുവെച്ചിരുന്നത്. വിവാഹശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ നിരഞ്ജനും കുടുംബവും താമസിക്കുന്ന ബെംഗളൂരുവിലേക്ക് രാധികയും ചേക്കേറി.
വിവാഹത്തിനെടുത്ത അവധിക്കുശേഷം 15ാം നാള്‍ ദമ്പതിമാര്‍ കശ്മീരിലേക്ക് തിരിച്ചു. വാദ്യമേളങ്ങളുടെ പൂരക്കാഴ്ചകള്‍ നിറഞ്ഞ പാലൂരില്‍നിന്ന് ഒരു യഥാര്‍ഥ സൈനികന്റെ ജീവിതത്തിലേക്ക് രാധിക പറിച്ചുനടപ്പെട്ടു. കശ്മീരിലെ ശ്രീനഗറിലേക്കാണ് ഇരുവരും പോയത്. ഒന്നരവര്‍ഷത്തോളം അവിടെയായിരുന്നു നിരഞ്ജന്റെ സേവനം. ഔദ്യോഗികജീവിതത്തിലും കുടുംബ ജീവിതത്തിലും നൂറുശതമാനം ആത്മസമര്‍പ്പണമുള്ള യുവാവായിരുന്നു നിരഞ്ജനെന്ന് രാധിക ഓര്‍ക്കുന്നു. കശ്മീരില്‍ ജീവന്‍പോലും പണയംവെച്ച് രാജ്യരക്ഷയ്ക്കിറങ്ങുന്ന ഭര്‍ത്താവുള്‍പ്പെടെയുള്ള ധീരന്മാരിലൂടെ നമ്മുടെ സൈന്യത്തിന്റെ ഇച്ഛാശക്തിയും അക്കാലത്താണ് രാധിക തിരിച്ചറിയുന്നത്.
പ്രചോദനത്തിന്റെ ആള്‍രൂപം
സൈനികനാവുകയെന്നത്‌നിരഞ്ജന്റെ രക്തത്തിലലിഞ്ഞ
വികാരമായിരുന്നു. ഏതുസമയത്തും ആവശ്യംവന്നാല്‍ മുന്നിട്ടിറങ്ങാന്‍ മടിച്ചിരുന്നില്ല. തന്റെ കീഴിലെ സൈനികരെ പരിശീലിപ്പിക്കാന്‍ പ്രത്യേക താത്പര്യമെടുത്തിരുന്നു. ഡല്‍ഹിയിലെ ആള്‍ത്തിരക്കുകള്‍ക്കിടയില്‍ നിരഞ്ജനെ തിരിച്ചറിഞ്ഞ് ഹസ്തദാനം ചെയ്യുന്നവരെയും പരിചയംപുതുക്കുന്നവരെയും കണ്ട് രാധിക അഭിമാനംകൊണ്ടു. ആള്‍ക്കൂട്ടങ്ങളിലും എളുപ്പം തിരിച്ചറിയുന്ന ശരീരഘടനയും ആകര്‍ഷണീയതയും നിരഞ്ജനുണ്ടായിരുന്നു.
ഏത് അപകടമേഖലകളിലും തന്റെ കീഴിലുള്ളവരെ പറഞ്ഞയക്കാവുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും നിരഞ്ജന്‍ നേരിട്ടെത്തും. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഇങ്ങനെയാവും മറുപടി: ഞാനുള്ളപ്പോള്‍ എന്റെ കൂടെയുള്ളവര്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത് എനിക്കു സഹിക്കില്ല! രാധികയോടുള്ള നിരഞ്ജന്റെ സമീപനവും വ്യത്യസ്തമായിരുന്നില്ല.
ഒരിക്കല്‍ ഒരു രാത്രി ഒരുമിച്ച് കാറില്‍ പോകുമ്പോള്‍ മുന്നിലെ സൈക്കിള്‍ യാത്രക്കാരനെ കണ്ട് നിരഞ്ജന്‍ കാറിന്റെ വേഗംകൂട്ടി. സൈക്കിളിനെ മറികടന്ന് കാര്‍ നിര്‍ത്തി അദ്ദേഹം പുറത്തിറങ്ങി. നോക്കുമ്പോള്‍ സൈക്കിള്‍യാത്രികനെ ചേര്‍ത്തുപിടിച്ച് നിരഞ്ജന്‍ സംസാരിക്കുന്നു. പിറ്റേന്ന് നിരഞ്ജന്റെ ഓഫീസില്‍ ആ ആളെത്തി. യൂണിറ്റില്‍നിന്ന് ചില കാരണങ്ങളാല്‍ അയാള്‍ക്ക് ജോലി മതിയാക്കേണ്ടിവന്നിരുന്നു. അയാളുടെ പ്രയാസം തിരിച്ചറിഞ്ഞ് മേലധികാരികളോടു പറഞ്ഞ് ജോലി തിരികെവാങ്ങി നല്‍കി തന്റെ സന്മനസ്സ് നിരഞ്ജന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു.
സേനയിലെ കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രംതിരഞ്ഞെടുക്കപ്പെട്ട് മൂന്നുമാസത്തെവിദഗ്ധപരിശീലനത്തിന് നിരഞ്ജന് അമേരിക്കയില്‍ പോകാന്‍ അവസരം കിട്ടി. 2015 മാര്‍ച്ചിലായിരുന്നു അത്. നിരഞ്ജന്‍ അതും വളരെ അഭിമാനത്തോടെ പൂര്‍ത്തിയാക്കി. തൊട്ടടുത്ത മാസം ഇവരുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെത്തി; മകള്‍ വിസ്മയ. പൊന്നോമനയുടെ ഓരോ കാര്യത്തിലും അതിശ്രദ്ധാലുവായിരുന്നു അദ്ദേഹം. മകളെ എങ്ങനെ വളര്‍ത്തണമെന്നുംമറ്റും വലിയ മോഹങ്ങള്‍ ആ യുവാവ് വെച്ചുപുലര്‍ത്തിയിരുന്നു.
ജീവിതം എപ്പോഴും മോഹിപ്പിക്കുന്ന ഒന്നാകണം. ചെയ്തുതീര്‍ക്കാനും മറ്റുള്ളവരിലേക്കു പകരാനുമുള്ള ഊര്‍ജമുണ്ടാകണം അതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം.സേവനപാതയില്‍ പല പദവികളും ബഹുമതികളും ആ സമര്‍ഥനായ ഓഫീസറെ തേടിവന്നു. ലെഫ്. കേണല്‍ പദവിയിലെത്തിയപ്പോഴും എന്‍.എസ്.ജി.യില്‍ ബോംബ് നിര്‍വീര്യ വിഭാഗത്തിന്റെ തലവനായപ്പോഴും അദ്ദേഹത്തിന്റെ ധീരത രാജ്യം തിരിച്ചറിഞ്ഞു. രാജ്യശ്രദ്ധ നേടിയ സംഭവങ്ങളില്‍ നിരഞ്ജന്റെ അന്വേഷണരീതികളും ഇടപെടലുകളും പ്രശംസനേടി. കളവുപറയുന്നവരെ അദ്ദേഹം ശാസിക്കും. എന്നാല്‍, സ്വന്തം പിഴവ് തുറന്നുപറയുന്നവരോട് ക്ഷമിക്കുകയും ചെയ്യും.
പഠാന്‍കോട്ടിലെ ഭീകരാക്രമണ വിവരമറിഞ്ഞയുടന്‍ നിരഞ്ജന്റെ നേതൃത്വത്തിലുള്ള സംഘം അവിടേക്കു തിരിക്കുകയായിരുന്നു. രാജ്യത്തെ ശിഥിലമാക്കാനെത്തിയ ഭീകരന്മാരോട് സ്വതഃസിദ്ധമായ ധൈര്യത്തോടെ ആ ലെഫ്റ്റ്‌നന്റ് കേണല്‍ മുന്നില്‍നിന്നു പോരാടി.
ഭര്‍ത്താവിന്റെ വീരമൃത്യു അറിഞ്ഞപ്പോള്‍ കിനാവുകണ്ടതൊക്കെയും ആ ഒരൊറ്റ വാര്‍ത്തയില്‍ ഇരുളിലേക്ക് അലിയിക്കപ്പെട്ടപോലെ രാധികയ്ക്ക് തോന്നി. എന്നാല്‍, ധീരനായ ഒരു പോരാളിയുടെ പ്രിയതമയ്ക്ക് അങ്ങനെ തളര്‍ന്നിരുന്നാല്‍ മതിയാകുമായിരുന്നില്ല. ആ ആപത്‌സന്ധിയിലും തനിക്ക് കരുത്തായത് നിരഞ്ജന്റെ വാക്കുകളാണെന്ന് രാധിക ഓര്‍മിക്കുന്നു.
പുതിയ ദൗത്യമേറ്റെടുക്കുമ്പോള്‍ നിരഞ്ജന്റെ നന്മയുടെയും സ്‌നേഹത്തിന്റെയും വാതായനങ്ങള്‍ തുറന്നിട്ട വഴിത്താര ഡോക്ടര്‍ രാധികയുടെ മുന്നിലുണ്ട്. തഴുകിക്കടന്നുപോകുന്ന കാറ്റില്‍ നിരഞ്ജന്‍ കണ്ട കിനാവുകളുണ്ട്. നിദ്ര പടികടന്നെത്തുംമുമ്പ്, കടല്‍ കയര്‍ത്തുവരുംമുമ്പ്, നമുക്ക് മണല്‍ത്തരികളാവാം എന്ന ഖലീല്‍ ജിബ്രാന്‍ വരികള്‍ നിരഞ്ജന്‍ ഇപ്പോഴും തന്റെ കാതുകളില്‍ മന്ത്രിക്കുന്നതായി രാധിക അറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha