പാലക്കാട് റെയിൽവേ മേൽപാലത്തിന് താഴെ യുവാവിനെ ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

പാലക്കാട് കൊട്ടേക്കാട് കാഞ്ഞിരക്കടവ് റെയിൽവേ മേൽപാലത്തിന് താഴെ യുവാവിനെ ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ആർ.മുകേഷിനെയാണ് (22) 9ന് ഉച്ചയ്ക്ക് 12 മണിയോടെ കാഞ്ഞിരക്കടവ് പുഴയുടെ സമീപത്തെ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലക്കാട് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. മുകേഷിനൊപ്പം ട്രെയിനിൽ യാത്ര ചെയ്തിരുന്ന അയൽവാസിയും സുഹൃത്തുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുകേഷിനെ ഇയാൾ ട്രെയിനിൽ നിന്നു തള്ളിയിട്ടതാണെന്നു പൊലീസ് . മംഗളൂരുവിൽ റബർതോട്ടത്തിൽ തൊഴിലാളികളാണ് ഇരുവരും.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: 8നു രാത്രി പത്തരയോടെ കണ്ണൂർ – യശ്വന്ത്പുര എക്സ്പ്രസ് കാഞ്ഞിരക്കടവ് മേൽപാലത്തിൽ എത്തിയപ്പോഴാണു സംഭവം.
ട്രെയിനിൽ മുകേഷും കസ്റ്റഡിയിലുള്ള യുവാവും ഇയാളുടെ ഭാര്യയും മകളും യാത്ര ചെയ്യുന്നുണ്ടായിരുന്നു. മകളെ ബെർത്തിൽ കാണാതെ വന്നതോടെ യുവാവ് അന്വേഷിച്ചുപോയി. ഇതിനിടെ ട്രെയിനിന്റെ വാതിൽ പടിയിൽ നിന്നു സംസാരിക്കുന്ന മകളെയും മുകേഷിനെയും കണ്ടു. ദേഷ്യം വന്ന ഇയാൾ മുകേഷിനെ ചവിട്ടി തള്ളിയിട്ടു. ട്രെയിൻ കോയമ്പത്തൂരിൽ എത്തിയപ്പോൾ യുവാവു തന്നെയാണു തങ്ങളോടൊപ്പം യാത്ര ചെയ്ത മുകേഷിനെ കാണാനില്ലെന്നു കാണിച്ച് റെയിൽവേ പൊലീസിൽ പരാതി നൽകിയത്
. കോയമ്പത്തൂർ പൊലീസ് പാലക്കാട് ഉൾപ്പെടെ ട്രാക്കുകളിൽ പരിശോധന നടത്തി. പാലക്കാട് റെയിൽവേ പൊലീസിനും വിവരം കൈമാറുകയും ചെയ്തു. മുകേഷിന്റെ മൃതദേഹം കണ്ടെത്തിയതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
"https://www.facebook.com/Malayalivartha




















