ആറു പതിറ്റാണ്ടിന് ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നു... 20 മന്ത്രിമാരുടെ പട്ടിക വൈകിട്ട് അഞ്ച് മണിയോടെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൈമാറി, ഇന്നുരാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

20 മന്ത്രിമാരുടെ പട്ടിക ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൈമാറി, ടീം യു.ഡി.എഫായി തിരഞ്ഞെടുപ്പിനെ നേരിട്ട മുന്നണി അധികാരം ഏൽക്കുന്നതും ടീം യു.ഡി.എഫായി വേണമെന്ന് വി.ഡി. സതീശന് നിർബന്ധമുണ്ടായിരുന്നു. ആറു പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്.
അവകാശവാദങ്ങളുമായി ശക്തമായി നിലയുറപ്പിച്ച ഘടകകക്ഷികളെയും കോൺഗ്രസിലെ തന്നെ എം.എൽ.എമാരെയും ഒന്നര ദിവസത്തെ ചർച്ചകൾ കൊണ്ടു മെരുക്കാനായി. പേരുകൾ മാറിയും മറിഞ്ഞും ഇടംപിടിക്കുകയും മുറുമുറുപ്പുകൾ ഉയരുകയും ചെയ്‌തെങ്കിലും വൈകിട്ടോടെ അവസാന പട്ടികയായി.
ഇന്നുരാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.മുഖ്യമന്ത്രി ഉൾപ്പെടെ14 പേർ പുതുമുഖങ്ങളാണുള്ളത്. പട്ടികജാതി വിഭാഗത്തിൽ നിന്നു രണ്ട് പേരുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ പതിനൊന്നു പേരാണ് കോൺഗ്രസിൽ നിന്നുള്ളത്.
ഒമ്പത് അംഗങ്ങളുള്ള ഈഴവ സമുദായത്തിന് ലഭിച്ചത് മൂന്ന് മന്ത്രി സ്ഥാനങ്ങൾ മാത്രം. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സ്പീക്കർ. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ. രണ്ടാം കേരള നിയമസഭയിൽ എ.നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കർ പദവി വഹിച്ച ശേഷം ആദ്യമായാണ് ഒരു വനിത ഈ പദവിയിൽ വരുന്നത്.
ചാണ്ടിഉമ്മൻ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാകുകയായിരുന്നു. റോജി എം. ജോൺ ഇടംനേടി. ഒ.ജെ. ജനീഷ് അവസാന നിമിഷമാണ് ഉൾപ്പെട്ടത്. മുൻ യു.ഡി.എഫ് മന്ത്രിസഭയിൽ മുഴുവൻ സമയ മന്ത്രിയായിരുന്ന അനൂപ് ജേക്കബിന് ഇക്കുറി രണ്ടര വർഷമേ ലഭിക്കൂ എന്നാണ് അറിയുന്നത്. ബാക്കി രണ്ടര വർഷം യു.ഡി.എഫ് സ്വതന്ത്രൻ മാണി സി. കാപ്പന് ലഭിക്കും.
കെ.എ. തുളസിക്ക് ആദ്യ രണ്ടര വർഷവും തുടർന്ന് ഐ.സി. ബാലകൃഷ്ണനുമാവും ലഭിക്കുക. ഭൂരിപക്ഷമന്ത്രിമാരും കെ.സി പക്ഷക്കാരാണെങ്കിലും ചെന്നിത്തല ആവശ്യപ്രകാരമാണ് തുളസിയെയും ബാലകൃഷ്ണനെയും പരിഗണിച്ചത്. ഔദ്യോഗികമായി ഈ ധാരണ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലീം ലീഗിൽ പാറയ്ക്കൽ അബ്ദുള്ളയെ ഒഴിവാക്കിയാണ് പി.കെ. ബഷീറിനെ ഉൾപ്പെടുത്തിയത്.
മന്ത്രിമാർ..... മുഖ്യമന്ത്രി വി.ഡി.സതീശൻ. രമേശ് ചെന്നിത്തല, കെ,മുരളീധരൻ, സണ്ണിജോസഫ്, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ,ടി.സിദ്ദിഖ്, എം.ലിജു, റോജി.എം ജോൺ, ബിന്ദുകൃഷ്ണ, കെ.എ.തുളസി, ഒ.ജെ.ജനീഷ്പി
.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ,കെ.എം.ഷാജി, വി.ഇ.അബ്ദുൾഗഫൂർ എന്നിവരാണ് ലീഗ് മന്ത്രിമാർ.
കേരള കോൺഗ്രസിന്റെ മോൻസ് ജോസഫ്. അപുജോൺ ജോസഫ് ചീഫ് വിപ്പ്. ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് മന്ത്രി ആർ.എസ്.പിയുടെ ഷിബുബേബിജോൺ. സി.എം.പിയുടെ സി.പി.ജോൺ.
അതേസമയം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി എം.പി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ് വന്ദർ സിംഗ് സുക്കു, പ്രതിപക്ഷ നേതാവ് പിണറായിവിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിവർ പങ്കെടുക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























