കാട്ടുപന്നിശല്യം നേരിടുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്തുള്ള ഷൂട്ടറുടെ സേവനം വേഗത്തിൽ ലഭ്യമാക്കും; പുതിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് വനംവകുപ്പ്

കാട്ടുപന്നിശല്യം നേരിടാൻ ആപ്പ് തയ്യാറാകുന്നു. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുകയാണ് . കാട്ടുപന്നിശല്യം നേരിടുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്തുള്ള ഷൂട്ടറുടെ സേവനം വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാ കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിൽ ആപ്പിന്റെ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തു.
'സർപ്പ' ആപ്പിന്റെ മാതൃകയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ഈ ആപ്പിലൂടെ രജിസ്റ്റർ ചെയ്തിട്ടുള്ള ഷൂട്ടർമാർക്ക് കാട്ടുപന്നിശല്യമുണ്ടാകുന്ന ഉടൻ അലർട്ട് സന്ദേശം ലഭിക്കും. സുരക്ഷ മുൻനിർത്തി വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ജാഗ്രതാ സമിതി കോർഡിനേറ്റർമാർ എന്നിവരുടെ ഫോൺ നമ്പറുകളും ഇതിൽ ഉൾപ്പെടുത്തും. ആപ്പ് രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കളക്ടർ വനം വകുപ്പിനോട് ആവശ്യപ്പെട്ടു.
സർക്കാരിന്റെ 100 ദിനകർമ്മപരിപാടി നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകൾ തുടങ്ങാനും തീരുമാനമായി. അതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ കൂടുതൽ ഷൂട്ടർമാരെ ഉൾപെടുത്തിയുള്ള പാനൽ രൂപീകരിക്കും. ഷൂട്ടർമാരുടെ കുറവ് പരിഹരിക്കാൻ ഇതിലൂടെ സാധിക്കും. വന്യമൃഗങ്ങൾ താവളമാക്കുന്ന പൂട്ടിയിടപ്പെട്ട എസ്റ്റേറ്റുകളും പുരയിടങ്ങളും വൃത്തിയാക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും കൊണ്ടുവരും.
ഇതിനായി സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള ഇത്തരം സ്ഥലങ്ങൾ കൃത്യമായി മാപ്പ് ചെയ്യും. മലയോര മേഖലകളിലെ തോട്ടങ്ങളിൽ വന്യമൃഗങ്ങൾക്ക് ഒളിച്ചിരിക്കാൻ പാകത്തിൽ വളർന്നുനിൽക്കുന്ന അടിക്കാടുകൾ വെട്ടിമാറ്റുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കും.
https://www.facebook.com/Malayalivartha
























