പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് പറഞ്ഞിരുന്ന സമയത്ത് വിമാന മാര്‍ഗം വരാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സാധിക്കാത്തത് കേരളാഹൗസിലെ പ്രോട്ടോകോള്‍ ഓഫീസറുടെ വീഴ്ചയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് സംഭവത്തില്‍ കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ ശ്രീകുമാറിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ കേരള ഹൗസ് പ്രോട്ടോക്കോള്‍ വിഭാഗത്തിനു വീഴ്ചയുണ്ടായെന്ന് അഡിഷനല്‍ റസിഡന്റ് കമ്മിഷണര്‍ അശ്വതി ശ്രീനിവാസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രോട്ടോക്കോള്‍ ഓഫിസര്‍ അക്കം 3 പേര്‍ക്കെതിരെ നടപടി ഉണ്ടായെന്നാണ് സൂചന.
സംഭവം ഇങ്ങനെ സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയില്‍ എത്തിയത്. തുടര്‍ന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.50നുള്ള ഡല്‍ഹി കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തില്‍ കേരളത്തിലേക്ക് വരാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. വി.ഐ.പി ലോഞ്ചില്‍ ഇരുന്ന പിണറായി വിജയനെ സ്വീകരിക്കാന്‍ വിമാനക്കമ്പനി അധികൃതര്‍ എത്താതിരുന്നതിനെ തുടര്‍ന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തില്‍ കയറാന്‍ കഴിയാതെ പോയതിന്റെ കാരണം എന്നാണ് റിപ്പോര്‍ട്ട്. വിമാനക്കമ്പനി അധികൃതരുമായി കൃത്യമായി ആശയവിനിമയം നടത്തുന്നതില്‍ കേരളഹൗസ് പ്രോട്ടോക്കോള്‍ വിഭാഗം ജീവനക്കാര്‍ക്ക് വന്ന പോരായ്മയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വി.ഐ.പി പരിഗണന പ്രകാരം വിമാനത്താവളത്തിനുള്ളില്‍ ലഭ്യമാകേണ്ട ബഗ്ഗി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പിണറായിക്ക് ഉറപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. ഇന്‍ഡിഗോ കമ്പനി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് യാത്ര മുടങ്ങാന്‍ കാരണം എന്നായിരുന്നു നേരത്തേ കേരള ഹൗസ് അധികൃതരുടെ വാദം.
എന്നാല്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ ഏകോപനമില്ലായ്മയാണ് യാത്ര മുടങ്ങാന്‍ കാരണമെന്ന് അഡിഷനല്‍ റസിഡന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തുകയായിരുന്നു. ഇതോടെയാണ് കേരള ഹൗസിലെ പ്രോട്ടോക്കോള്‍ വിഭാഗം ജീവനക്കാര്‍ക്കെതിരേ നടപടിക്ക് സാധ്യത തെളിഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ യാത്രാവിവരങ്ങള്‍ ഇന്‍ഡിഗോ കമ്പനിക്ക് ഇമെയില്‍ വഴി അയച്ചെങ്കിലും ഇതു വിമാനത്താവളത്തില്‍ ലഭിച്ചെന്ന് ഉറപ്പാക്കിയില്ല എന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി വിലയിരുത്തപ്പെട്ടു. തുടര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ഇന്‍ഡിഗോ വിമാനത്തില്‍ കയറാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഏറെ നേരം കാത്തിരുന്ന ശേഷം പിന്നീട് മറ്റൊരു വിമാനത്തിലാണ് പ്രതിപക്ഷ നേതാവ് കോഴിക്കോടേക്ക് എത്തിയത്. പ്രതിപക്ഷനേതാവായ ശേഷം ഇതാദ്യമായാണ് പിണറായി വിജയന്‍ കേരള ഹൗസിലെത്തുന്നതും ഇത്തരം ദുരനുഭവം ഉണ്ടാകുന്നതും.
https://www.facebook.com/Malayalivartha























